കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ദിലീപിന് കൈമാറിയത് മുകേഷ് തന്നെയാണെന്ന ആരോപണം ശക്തമാകുന്നു. സുനിയുമായി ദ്വീർഘകാല ബന്ധം ഉണ്ടായിരുന്നു മുകേഷിനെന്നാണ് വ്യക്തമാകുന്നത്. വെറും ഡ്രൈവർ മാത്രമായിരുന്നു എന്നാണ് എംഎൽഎ വ്യക്തമാക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമാണെന്ന കാര്യമാണ് വ്യക്തമാകുന്നത്. 2012നു മുൻപു നടൻ ദിലീപിന് അടുപ്പമുണ്ടായിരുന്നില്ലെന്നു സൂചന. സുഹൃത്തായ മറ്റൊരു നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണു സുനിൽ ദിലീപിനെ പരിചയപ്പെടുന്നത്. വിശ്വസ്തനാണെന്നു തോന്നിയതോടെ 2013 മാർച്ചിൽ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ ഏൽപിക്കുകയും ചെയ്തു.

കുറ്റകൃത്യം നടപ്പാക്കാൻ വേണ്ടി ദിലീപിനു സുനിയെ പരിചയപ്പെടുത്തിയതാരാണെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. താനല്ലെന്ന് മുകേഷ് ആണയിടുമ്പോഴും എംഎൽഎയെ പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. അതിനു മുൻപും ഇത്തരം ക്വട്ടേഷനുകൾ ചെയ്തു പരിചയമുള്ള കുറ്റവാളിയാണു സുനിലെന്ന ഉറപ്പും ബോധ്യവുമുള്ള ആരെങ്കിലുമാവും പരിചയപ്പെടുത്തിയതെന്നു പൊലീസ് സംശയിക്കുന്നു. കുറ്റകൃത്യം നടന്ന ഫെബ്രുവരി 17നു രാത്രി നിർമ്മാതാവ് ആന്റോ ജോസഫ് അടക്കം പലരും ദിലീപിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. എന്നാൽ ഒരു മുതിർന്ന നടന്റെ വിളികൾ മാത്രം അതേ രാത്രി നാലുതവണ ദിലീപ് എടുത്തു സംസാരിച്ചിട്ടുണ്ട്. കേസിൽ ദിലീപിനെ കുരുക്കിയതും ഈ ഫോൺവിളിയായിരുന്നു.

നടിക്കെതിരായ അതിക്രമത്തെക്കുറിച്ചു വ്യക്തമായ അറിവുണ്ടായിരുന്നയാളാണ് ഈ നടനെന്നു പൊലീസ് സംശയിക്കുന്നു. താരസംഘടനയായ അമ്മയുടെ വിവാദയോഗം നടന്ന വേദിയിലും ദിലീപിനു പിന്തുണയുമായി ഈ നടന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. സംഭവത്തിനു മുൻപും ശേഷവും ഇവർ തമ്മിലുള്ള ആശയവിനിമയത്തിന്റെ വ്യക്തമായ തെളിവുകൾ സഹിതം ഈ നടനെ പൊലീസ് ചോദ്യംചെയ്യും.

ദിലീപിന്റെ ക്വട്ടേഷൻ ഒന്നരക്കോടി രൂപയ്ക്ക് ഏറ്റെടുത്തശേഷം 2014 മേയിൽ കോട്ടയത്തിനു സമീപം കെഎസ്ആർടിസി യാത്രക്കാരന്റെ കണ്ണിൽ കുരുമുളകു സ്‌പ്രേ അടിച്ചു സുനിൽ നാലു ലക്ഷം രൂപ കവർന്നിരുന്നു. ഈ കേസിൽ പിടികിട്ടാപ്പുള്ളിയായി തുടരുന്ന ഘട്ടത്തിലും ദിലീപിന്റെ സിനിമാ ലൊക്കേഷനുകളിലെ സജീവ സാന്നിധ്യമായിരുന്നു. സുനിലിന്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞുതന്നെയാണു ദിലീപ് അടക്കമുള്ള പലരും ഇയാളെ കൂടെ നിർത്തിയതെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. ദിലീപിന്റെ ചില റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ക്വട്ടേഷനും സുനിൽ ഏറ്റെടുത്തതായുള്ള വിവരവും ലഭിച്ചു.

ദിലീപിനു സുനിലുമായുള്ള വ്യക്തിബന്ധം അറിയാവുന്ന ഒരു നടി ഇതു സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. എന്നാൽ ഇതേ അറിവുണ്ടായിരുന്ന ചില നടന്മാർ ഈ ബന്ധം മറച്ചുവയ്ക്കാൻനാണുശ്രമിച്ചത്. സുനിൽ അറസ്റ്റിലായ ഉടനെ അന്വേഷണം നേരായ ദിശയിൽ നീങ്ങിയാൽ ദിലീപ് പിടിക്കപ്പെടുമെന്നു സിനിമാ രംഗത്തെ പലർക്കും അറിയാമായിരുന്നെങ്കിലും ഇവരാരും അന്വേഷണത്തോടു വേണ്ടവിധം സഹകരിച്ചില്ല.

നേരത്തെ പൾസർ സുനിയുടെ സിനിമാ ബന്ധം വ്യക്തമാക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സുനി ക്രിമിനലാണെന്ന കാര്യം അറിയില്ലായിരുന്നു. അമിത വേഗതയിൽ വണ്ടിയോടിക്കുന്നതിനാലാണ് സുനിയെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടത്. സുനിയുമായി സൗഹാർദ്ദമായിട്ടാണ് പിരിഞ്ഞതെന്നും അയാളെക്കുറിച്ച് മറ്റൊന്നും അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം സ്ഥിരം പൾസർ ഉണ്ടായിരുന്നില്ല. വിളിക്കുമ്പോൾ വരുമ്പോൾ വരുന്ന ഡ്രൈവർ മാത്രമെന്നായിരുന്നു മുകേഷ് പറഞ്ഞത്. എന്നാൽ മുകേഷിന്റെ കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു പൾസർ എന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. കുടുംബ ഫോട്ടോയിലും സ്ഥാനമുണ്ട്. ഇതിനൊപ്പമാണ് അനൂപ് മേനോനൊപ്പമുള്ള ചിത്രവും പുറത്തുവരുന്നത്.

അന്വേഷണം നടനും എംഎൽഎയുമായ മുകേഷിലേക്കും നീളുകയാണ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യും. പൾസർ സുനി മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ചിത്രങ്ങൾക്ക് പ്രസക്തി കൂടുന്നത്. കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്നാണ് സൂചന. അറസ്റ്റിലായ നടൻ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയേയും, മാനേജർ അപ്പുണ്ണിയേയും പ്രതിചേർക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങൾ ചുമത്തിയായിരിക്കും ഇവരെ പ്രതിചേർക്കുക.

മുകേഷിനു പൊലീസ് സംരക്ഷണം

വിവാദങ്ങൾ മുറുകുന്നതിനിടെ മുകേഷ് എംഎൽഎയ്ക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്താൻ സർക്കാർ നിർദ്ദേശം. ഇതനുസരിച്ച് ഇന്നലെ മുതൽ മുകേഷ് ഔദ്യോഗിക പരിപാടികൾക്കു പോകുമ്പോൾ പൊലീസ് അകമ്പടി പോയിത്തുടങ്ങി. മുകേഷിന്റെ വീടും ഓഫിസും കേന്ദ്രീകരിച്ചു പൊലീസ് പട്രോളിങ് ശക്തമാക്കാൻ നിർദ്ദേശം നൽകിയതായും പൊലീസ് അധികൃതർ വ്യക്തമാക്കി.

കോൺഗ്രസും ബിജെപിയും ഉൾപ്പെടെ മുകേഷിനെതിരെ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്നാണു പൊലീസ് സംരക്ഷണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. പൊലീസ് സംരക്ഷണം ഇന്നലെ മുകേഷും സ്ഥിരീകരിച്ചു. മുകേഷിന്റെ വീടിനും ഓഫിസിനും നേരെ ദിവസങ്ങളായി പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്.