- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസറിന്റെ ക്രൂരതയുടെ ദൃശ്യം ദിലീപിന്റെ വീട്ടിൽ എത്തിയത് ആലപ്പുഴയിൽ നിന്ന്; 'വിഐപി'യുടെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ കണ്ടുവെന്നതിന് തെളിവ് കിട്ടിയോ? റാഫിയുടെ മൊഴിയും നടന് എതിര്; ബാലചന്ദ്രകുമാറിന്റെ മൊഴി തൽകാലം എടുക്കില്ല; അവസാന ദിവസ ചോദ്യം ചെയ്യലിലും ട്വിസ്റ്റിന് സാധ്യത
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെ ഇന്നലെ ചോദ്യം ചെയ്തത് ഒരുമിച്ചും ഒറ്റയ്ക്കിരുത്തിയും. ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ദിലീപും കൂട്ടുപ്രതികളും ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതിയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഇതോടെ ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടം അവസാനിക്കും. ഇന്ന് ബാലചന്ദ്രകുമാറിനെ മൊഴി എടുക്കാൻ വിളിക്കില്ല.
ദിലീപും അനൂപും സുരാജും ഒരേ നിലപാടിൽ ഉറച്ചു നിൽക്കുകാണ്. എന്നാൽ മറ്റു 2 പ്രതികളായ ബൈജു ചെങ്ങമനാട്, അപ്പു എന്നിവരുടെ ഉത്തരങ്ങളിൽ അന്വേഷണ സംഘത്തിന് പ്രതീക്ഷ ഏറെയാണ്. പ്രതികളുടെ സമീപകാലത്തെ ഫോൺ വിളികളുടെ വിശദാംശങ്ങൾ കാണിച്ചും മറ്റു ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുമായിരുന്നു ചോദ്യം ചെയ്യൽ. ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ ജീവനക്കാരെയും ക്രൈംബ്രാഞ്ച് ഓഫിസിലേക്കു വിളിച്ചുവരുത്തി. ഹൈക്കോടതി നിർദേശ പ്രകാരം ഇന്നലെയും രാവിലെ 9 മുതൽ രാത്രി 8 വരെയാണ് 5 പ്രതികളെയും ചോദ്യം ചെയ്തത്.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി കൈമാറിയ ദൃശ്യങ്ങൾ വ്യവസായിയായ 'വിഐപി'യുടെ സാന്നിധ്യത്തിൽ ദിലീപിന്റെ വീട്ടിലെത്തിയത് ആലപ്പുഴയിൽനിന്നാണെന്ന സൂചന ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ടായിരുന്നു. ഇതു സാധൂകരിക്കുന്ന ചില വിവരങ്ങൾ ഇന്നലെ പ്രതികളുടെ ചോദ്യംചെയ്യലിൽ പുറത്തുവന്നതായി െക്രെംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതും തുടരന്വേഷണത്തിൽ നിർണ്ണായകമാകും. ആ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്ന് സാധൂകരിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.
ദിലീപ് നായകനായി അഭിനയിക്കുന്ന ബാലചന്ദ്രകുമാറിന്റെ സിനിമയിൽനിന്നു പിൻവാങ്ങുകയാണെന്നു ബാലചന്ദ്രകുമാറാണ് തന്നെ അറിയിച്ചതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ റാഫി മൊഴി നൽകിയിട്ടുണ്ട്. സിനിമയിൽനിന്നു പിന്മാറിയതിന്റെ െവെരാഗ്യമാണ് ബാലചന്ദ്രകുമാറിനെന്ന് ദിലീപും താനാണ് സിനിമയിൽനിന്നു പിൻവാങ്ങിയതെന്ന് ബാലചന്ദ്രകുമാറും പറഞ്ഞ സാഹചര്യത്തിൽ റാഫിയുടെ മൊഴി നിർണായകമാകും.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വധശ്രമ ഗൂഢാലോചനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിനു കൈമാറിയ ഡിജിറ്റൽ തെളിവുകളിൽ റാഫിയുടെ ശബ്ദവും പതിഞ്ഞിരുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച കാര്യങ്ങളറിയാനാണ് അന്വേഷണ സംഘം അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ഒരു പോക്കറ്റടിക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമയിൽനിന്നു പിന്മാറുന്നതായി ബാലചന്ദ്രകുമാർ തന്നെ ഫോണിൽ വിളിച്ചു പറയുകയായിരുന്നുവെന്ന് മൊഴിയെടുപ്പിനു ശേഷം റാഫി പറഞ്ഞു.
സിനിമയുടെ തിരക്കഥയിൽ വേണ്ട മാറ്റം വരുത്താൻ റാഫിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. ദിലീപ് ഇന്നും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണം. ചോദ്യം ചെയ്യലിനായി ഹൈക്കോടതി അനുവദിച്ചിട്ടുള്ള മൂന്നു ദിവസത്തെ സമയപരിധി ഇന്ന് അവസാനിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് ചോദ്യം ചെയ്യൽ.
മറുനാടന് മലയാളി ബ്യൂറോ