- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഭാഷകന്റെ ഉപദേശപ്രകാരമാണു ഫോൺ മാറ്റിയതെന്നു പ്രതികളിലൊരാൾ മൊഴി നൽകിയത് നിർണ്ണായകം; പഴയ ഫോണുകൾ ഹാജരാക്കിയില്ലെങ്കിൽ അതു തെളിവു നശിപ്പിക്കലിന് തെളിവാകും; ഫോൺ മാറ്റിയത് ബൈജു ചെങ്ങമനാട് ഒഴികെയുള്ളവർ; വാങ്ങിയത് ആറു ഫോണും; രണ്ട് പേരെ കണ്ടെത്താൻ പൊലീസ്; ദിലീപിനെതിരെ കരുതലോടെ നീക്കം
കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്നു തന്നെ ദിലീപ് അടക്കമുള്ള 4 പ്രതികൾ അവർ ഉപയോഗിച്ചിരുന്ന ഫോണുകൾ മാറ്റി പുതിയ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയത് ഗൂഢാലോചനയ്ക്കുള്ള തെളിവായി മാറുമോ? ഈ ഫോണുകൾ മാറ്റിയത് തെളിവ് നശീകരണമാണെ്‌ന നിലപാടിലേക്ക് എത്തുകയാണ് ക്രൈംബ്രാഞ്ച്.
കേസിൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി മോഹനചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. കോടതിയിൽ ഈ ഫോൺ മാറ്റവും കേസ് അട്ടിമറിക്ക് തെളിവായി ക്രൈംബ്രാഞ്ച് ചർച്ചയാക്കും. ഫോറൻസിക് തെളിവു കിട്ടാതിരിക്കാനാണ് ഫോൺ മാറ്റിയതെന്നാണ് വിലയിരുത്തൽ.
ദിലീപ്, സഹോദരൻ പി.അനൂപ്. സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണ് അവരുടെ ഫോണുകൾ മാറ്റിയത്. അപ്പു ദിലീപിന്റെ ഡ്രൈവർ കൂടിയാണ്. കേസ് രജിസ്റ്റർ ചെയ്ത അന്നു മാറ്റിയ 4 ഫോണുകളും ഇന്ന് ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി മോഹനചന്ദ്രൻ പ്രതികൾക്കു നോട്ടിസ് നൽകി. ഇതിൽ പ്രതികളുടെ മറുപടി അതിനിർണ്ണായകമാകും. ഫോൺ നൽകിയില്ലെങ്കിൽ അക്കാര്യം കോടതിയെ അറിയിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത അന്നു തന്നെ 4 പേരും ഒരുമിച്ചു ഫോൺ മാറ്റി. കുതന്ത്രമാണ് ഇതെന്ന നിഗമനത്തിലാണ് പൊലീസ്. ഈ ചോദ്യത്തിന് ആർക്കും വ്യക്തമായ മറുപടി പറയാൻ കഴിഞ്ഞില്ല. അഭിഭാഷകന്റെ ഉപദേശപ്രകാരമാണു ഫോൺ മാറ്റിയതെന്നു പ്രതികളിലൊരാൾ മൊഴി നൽകിയിട്ടുണ്ട്. ഇതും കേസിൽ നിർണ്ണായകമാകും.
വീട്ടിൽ പരിശോധന നടത്തിയ ഘട്ടത്തിൽ പുതിയ ഫോണുകളാണ് എല്ലാവരും അന്വേഷണ സംഘത്തിനു കൈമാറിയത്. പ്രതികളുടെ ടെലിഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിച്ചപ്പോഴാണു ഫോൺ മാറ്റിയ വിവരം തെളിഞ്ഞത്. കേസ് രജിസ്റ്റർ ചെയ്തതിനു തൊട്ടുപിന്നാലെ 6 പുതിയ ഫോണുകൾ പ്രതികൾ വാങ്ങിയതായാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം. ചോദ്യം ചെയ്യലിനു ഹാജരായ 4 പേർക്കു പുറമേ മറ്റു രണ്ടുപേർ കൂടി ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് ഇതോടെ സംശയമുയർന്നു. ഈ 2 പേരെ കണ്ടെത്തേണ്ടതു അന്വേഷണത്തിൽ നിർണായകമാണ്.
ദിലീപിന്റെ അടുത്ത സുഹൃത്തായ ജി.ശരത്ത് (സൂര്യ ശരത്ത്) ഇപ്പോൾ ഒളിവിലാണ്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദിലീപിന്റെ മറ്റൊരു സുഹൃത്തും ഈ കേസിലെ കൂട്ടുപ്രതിയുമായ ബൈജു ചെങ്ങമനാട് ഫോൺ മാറ്റിയിട്ടില്ല. ഇയാൾ 3 ദിവസവും ചോദ്യം ചെയ്യലിനു ഹാജരായിരുന്നു.
റെയ്ഡിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ചശേഷമേ അന്വേഷണപുരോഗതി വ്യക്തമാക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ