കൊച്ചി: ബാലചന്ദ്രകുമാർ ബ്ലാക്ക് മെയിൽ ചെയ്യുന്നെന്ന പ്രതികളുടെ ആരോപണം ഈ നടപടികളിൽ പരിശോധിക്കുന്നില്ലെന്ന വ്യക്തമാക്കുന്ന ഹൈക്കോടതി വിധിയിൽ വിശ്വാസമർപ്പിച്ചാണ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ് റദ്ദാക്കാനുള്ള നടപടികളിലേക്ക് ദിലീപ് കടക്കുന്നത്. ഹൈക്കോടതിയിൽ അഡ്വക്കേറ്റ് രാമൻപിള്ളയുടെ നീക്കങ്ങൾ എല്ലാം വിജയിച്ചതിന് തെളിവാണ് ഹൈക്കോടതിയിലെ ഉത്തരവിൽ പ്രതിഫലിക്കുന്നത്. ദിലീപ് അടക്കമുള്ള 5 പേർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് എല്ലാ അർത്ഥത്തിലും പ്രോസിക്യൂഷന് തിരിച്ചടിയാണ്.

ഇന്നലെ ദിലീപിന്റെ പത്മസരോവരത്തിൽ ആഘോഷത്തിന്റെ ആഹ്ലാദത്തിന്റേയും രാത്രിയായിരുന്നു. ആലുവ മണപ്പുറം ക്ഷേത്രത്തിൽ അടക്കം ദർശനം നടത്തിയ ദിലീപ് തീർത്തും ആത്മവിശ്വാസത്തിലാണ്. ജാമ്യം അനുവദിച്ചില്ലായിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്ന പ്രതിസന്ധികളാണ് അകലുന്നത്. നടിയെ ആക്രമിച്ച കേസിലും അനുകൂല വിധി രാമൻപിള്ള വക്കിലീന്റെ വാദങ്ങൾ സമ്മാനിക്കുമെന്ന പ്രതീക്ഷയും നടനുണ്ട്. ഇത് കൂട്ടുന്നതാണ് ഇന്നലത്തെ ഹൈക്കോടതിയുടെ വിധി.

ബാലചന്ദ്രകുമാർ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി, ഗൂഢാലോചന സംബന്ധിച്ച് നൽകിയ രണ്ട് മൊഴികൾ എന്നിവ പ്രകാരം ക്രിമിനൽ ഗൂഢാലോചനയെന്നാണു പ്രോസിക്യൂഷൻ സൂചിപ്പിച്ചത്. എന്നാൽ ഇതു ചെയ്‌തെന്നു സൂചിപ്പിക്കാൻ പ്രഥമദൃഷ്ട്യാ വസ്തുതകളില്ലെന്നു കോടതി പറഞ്ഞു. അതായത് കുറ്റകൃത്യം നടക്കുകയോ അതിനുള്ള ശ്രമമോ ഉണ്ടായിട്ടില്ല. അതൊരു വെറും വീട്ടിലെ ശാപവാക്ക് പറയലാണെന്ന രാമൻപിള്ളയുടെ വാദം പരോക്ഷമായി കോടതി ശരിവയ്ക്കുകയാണെന്നാണ് വിലയിരുത്തൽ.

എറണാകുളം സെഷൻസ് കോടതിയിൽ 2018 ജനുവരി 31ന് അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ, ആ ഘട്ടത്തിൽ കേസ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ പരിഗണനയിലായിരുന്നു. 'സാർ കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ?' എന്നു ദിലീപ് പറഞ്ഞതിനെ ഐപിസി പ്രകാരം ഭീഷണിയായി കാണാനാവില്ല. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ആരോപണവും കോടതി തള്ളി.

ഒരു ഫോൺ ഹാജരാക്കാത്തതു സഹകരിക്കുന്നില്ലെന്നതിനു തെളിവാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ, കണ്ടെടുക്കാനായിട്ടില്ലെന്നു വിശദീകരിച്ചിരിക്കുന്ന ഫോൺ ഹാജരാകാത്തത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കണക്കാക്കാനാവില്ലെന്നു കോടതി പറഞ്ഞു. ഫോൺ അഞ്ചുമാസം മുൻപ് 221 ദിവസം ഉപയോഗിച്ചെന്നാണു പ്രോസിക്യൂഷൻ അറിയിച്ചതെന്നും കോടതി പറഞ്ഞു. അതായത് പരാതി എത്തുന്നതിന് മുമ്പ് തന്നെ ഫോൺ മാറ്റിയിരുന്നു. ഇതാണ് ദിലീപിന് തുണയായി മാറിയത്.

ജാമ്യം അനുവദിച്ചാൽ തന്നെ, പ്രതികൾ സഹകരിക്കുന്നില്ലെങ്കിൽ, പ്രോസിക്യൂഷനു കോടതിയെ സമീപിക്കാമെന്നു സുശീല അഗർവാൾ കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി പറഞ്ഞു. ബാലചന്ദ്രകുമാർ ബ്ലാക്ക് മെയിൽ ചെയ്യുന്നെന്ന പ്രതികളുടെ ആരോപണം ഈ നടപടികളിൽ പരിശോധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലെന്ന് വിലയിരുത്തിയാണ് ദിലീപിന് ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യം അനുവദിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ഗൂഢാലോചന തെളിയിക്കുന്നതാണെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി. അന്വേഷണവുമായി സഹകരിക്കണമെന്ന കർശനനിർദ്ദേശമുണ്ട്. പ്രതികളെ അറസ്റ്റുചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി ഉത്തരവിട്ടു. ദിലീപിനുപുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ഡ്രൈവർ കൃഷ്ണപ്രസാദ് (അപ്പു), സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദവും കോടതി തള്ളി.

കണ്ടെത്താനാകുന്നില്ലെന്ന് പ്രതികൾ പറയുന്ന ഒരു ഫോൺ ഹാജരാകാത്തതും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിലയിരുത്താൻ മതിയായ കാരണമല്ല. ജാമ്യം അനുവദിച്ചാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ഇക്കാര്യത്തിൽ കോടതി കർശന നിർദ്ദേശങ്ങൾ നൽകിയത്. പ്രതികളെ കസ്റ്റഡിയിലെടുക്കാതെയും ശരിയായ അന്വേഷണം സാധ്യമാകും. മുൻകൂർ ജാമ്യം അനുവദിച്ചാലും നിയന്ത്രിതമായ കസ്റ്റഡി സാധ്യമാണെന്നതും കോടതി വിലയിരുത്തി.