- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡിജിപി ശ്രീജിത്തിനെ പൂട്ടാൻ ദിലീപിന്റെ കയ്യിൽ വജ്രായുധമുണ്ടോ?; ശബ്ദസന്ദേശം കേസിന്റെ 'വിധി' നിർണയിക്കുന്നതോ; എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യത്തിന് പിന്നാലെ ഗൂഢാലോചന കേസിൽ പുതിയ നീക്കവുമായി ദിലീപ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ തുടർ നടപടികൾ പുരോഗമിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് ഡയറക്ടർ കൂടിയായ എഡിജിപി ശ്രീജിത്തിനെ ലക്ഷ്യമിട്ട് ദിലീപിന്റെ നീക്കം. കേസിന്റെ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് ഗൂഢാലോചന കേസിൽ ദിലീപ് നീക്കം നടത്തുന്നത്. എഡിജിപി ശ്രീജിത്തും - ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറും തമ്മിലുള്ള ബന്ധം സൂചിപ്പിച്ചുകൊണ്ടുള്ള വീഡിയോ കേസിൽ നിർണായകമാകുമെന്ന രീതിയിലാണ് ദിലീപിനോട് അടുത്ത വൃത്തങ്ങൾ പ്രചരിപ്പിക്കുന്നത്.
ആഴ്ചകൾ നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് ദിലീപിന് മുൻകൂർ ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ദിലീപ് അറസ്റ്റിലാകുന്നതും ജയിലിൽ ആകുന്നതും കാണാൻ കാത്തിരുന്നവർക്ക് നിരാശ തോന്നിയിട്ടുണ്ടാകാം. പൊലീസിനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനെ സംബന്ധിച്ചിടത്തോളം ഏറെ നിരാശ ജനകമായിരുന്നു
പക്ഷെ ഇപ്പോഴും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഗൂഢാലോചനക്കേസ് തുടരുകയാണ്. ഇതിന്റെ ഭാഗമായി ശബ്ദ പരിശോധന അടക്കമുള്ള വിഷയങ്ങളിൽ ദിലീപിന് പൊലീസിന്റെ നിർദ്ദേശം അനുസരിക്കേണ്ടി വരുന്നുണ്ട്. കേസിന്റെ തുടർനടപടികൾക്കായി പൊലീസ് വിളിക്കുമ്പോഴൊക്കെ ദിലീപിന് പോകേണ്ടതായി വരുന്നുണ്ട്. അന്വേഷണത്തോട് സഹകരിക്കണം എന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥ അങ്ങനെയാണ്.
അതുകൊണ്ട് തന്നെ കേസ് അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ടവരെ നിരന്തരം പൊലീസ് ചോദ്യം ചെയ്യുന്നു. പരിശോധകളും റെയ്ഡുകളും നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ ഈതലവേദന അവസാനിപ്പിക്കാൻ ദിലീപ് തീരുമാനിക്കുകയും എഫ് ഐ ആർ തന്നെ റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ ഹർജി നൽകിയിരിക്കുന്നു. എഫ് ഐ ആർ നിലനിൽക്കില്ല എന്നതാണ് ദിലീപ് ഉയർത്തുന്ന വാദം. ദിലീപിന് എതിരെയുള്ള അന്വേഷണം ഇപ്പോൾ തന്നെ അവസാനിപ്പിക്കണം, അല്ലെങ്കിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണം എന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.
മുൻകൂർ ജാമ്യം പോരാ ഈ കേസ് നിലനിൽക്കാൻ പാടില്ല എന്നതാണ് ദിലീപിന്റെ ആവശ്യം. ഇത് കോടതി പരിഗണിച്ചു കൊണ്ടിരിക്കുന്നു. കോടതി എന്ത് വിധി പറയുമെന്ന് കാത്തിരിക്കുകയാണ് കേരളം. എന്നാൽ അതി സുപ്രധാനമായ ചില വിവരങ്ങൾ ഉണ്ട് എന്ന് ദിലീപിന്റെ വൃത്തങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നു. ക്രൈംബ്രാഞ്ചിന്റെ ഡയറക്ടറായ എഡിജിപി ശ്രീജിത്തും - ദിലീപിനെതിരെ ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാർ എന്ന സംവിധായകനും തമ്മിൽ അടുത്ത സൗഹൃദമാണ്. അതുകൊണ്ടുതന്നെ ബാലചന്ദ്രകുമാറിന് വേണ്ടി എഡിജിപി ശ്രീജിത്ത് ദിലീപിനെ വേട്ടയാടുന്നു എന്നതാണ് പുതിയ വാദം.
അതിന് തെളിവായി ഒരു ശബ്ദരേഖ കോടതിയിൽ സമർപ്പിച്ചിരിക്കുന്നു എന്ന വിവരം പുറത്തുവന്നുകൊണ്ടിരിക്കുന്നു. മറുനാടൻ മലയാളി വിഷയത്തിൽ ഒരു അന്വേഷണം നടത്തി. അപ്പോൾ മനസിലാക്കാൻ കഴിയുന്നത് എഡിജിപി ശ്രീജിത്തിന്റെ സഹോദരിയുടെ മകൻ ഒരു പാട്ടുകാരനാണ്. പല ട്രൂപ്പുകളിലും പാടുന്ന അറിയപ്പെടുന്ന പാട്ടുകാരനാണ്. പ്രൊഫഷണൽ സിംഗറാണ്. ഈ സഹോദരിയുടെ മകനെ സിനിമയിൽ അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാലചന്ദ്രകുമാർ സംവിധായകൻ നാദിർഷയ്ക്ക് ഒരു സന്ദേശം അയച്ചു.
ആ സന്ദേശം ശ്രീജിത്തും ബാലചന്ദ്രകുമാറും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായി ചൂണ്ടിക്കാണിച്ചാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അതാണ് ഞെട്ടിക്കുന്ന ഒരു വിവരമായി ദിലീപിന്റെ വൃത്തങ്ങൾ ഇപ്പോൾ പുറത്തുപറയുന്നത്. ഇത് സത്യമാണ്. ഇങ്ങനെയൊരു സംഭാഷണം ഉണ്ടായിട്ടുണ്ട്.
എന്നാൽ ഒന്നുരണ്ട് ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ബാക്കിയാകുന്നു. ഒന്ന് എഡിജിപി ശ്രീജിത്ത് അല്ല ഇക്കാര്യം ചോദിച്ചിരിക്കുന്നതും പറഞ്ഞിരിക്കുന്നതും. എഡിജിപി ശ്രീജിത്തിന് തന്റെ സഹോദരിയുടെ മകന് സിനിമയിൽ അവസരം കൊടുക്കണമെന്ന താൽപര്യമുണ്ടെങ്കിൽ ബാലചന്ദ്രകുമാറിന്റെ സഹായം തേടേണ്ട ആവശ്യമില്ല എന്നതാണ് വാസ്തവം. നേരെ മറിച്ച് ദിലീപിന്റെ തന്നെ സഹായം നേരിട്ട് ചോദിക്കാം. അല്ലെങ്കിൽ മമ്മൂട്ടിയുടേയൊ മോഹൻലാലിന്റെയോ മലയാളത്തിലെ ഏറ്റവും പ്രശസ്തരായവരുടെ സഹായം നേരിട്ട് ചോദിക്കാം.
താൻ എഡിജിപിയാണ്, ക്രൈംബ്രാഞ്ച് ഡയറക്ടറാണ് സഹായിക്കണം എന്ന് പറഞ്ഞ് ശ്രീജിത്തിന് നേരിട്ട് ചോദിക്കാം. അങ്ങനെ ചോദിച്ചതായി ഒരു വിവരവും ഒരിടത്തുമില്ല. അതേ സമയം സിനിമയിൽ അവസരം തേടി നടക്കുന്ന ഒരു ചെറുപ്പക്കാരൻ, അത് ശ്രീജിത്തിന്റെ സഹോദരിയുടെ മകനായതുകൊണ്ട് ആ ചെറുപ്പക്കാരൻ ബാലചന്ദ്രകുമാറിനോടോ, ദിലീപിനോടോ, നാദിർഷയോടോ സഹായം ചോദിച്ചു അല്ലെങ്കിൽ ബാലചന്ദ്രകുമാർ ഇങ്ങനെയൊരു സഹായം ആ ചെറുപ്പക്കാരന് വേണ്ടി ദിലീപിനോടോ നാദിർഷയോടോ ചോദിച്ചു എന്നതുകൊണ്ട് അത് ബാലചന്ദ്രകുമാറും ശ്രീജിത്തും തമ്മിലുള്ള ബന്ധത്തിന്റെ അടയാളമായി ചിത്രീകരിക്കുന്നത് എങ്ങനെയെന്ന് വ്യക്തമല്ല.
കൂടാതെ ദിലീപും എഡിജിപി ശ്രീജിത്തും തമ്മിൽ ഒരു ബന്ധവുമില്ലായിരുന്നോ, ദിലീപ് ഒരിക്കൽ പോലും ശ്രീജിത്തിനെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെ. ദിലീപ് ശ്രീജിത്തിനോട് ഒരു സഹായവും അഭ്യർത്ഥിച്ചിട്ടില്ലെ. മറുനാടൻ ഇതിൽ അന്വേഷണം നടത്തി. ഒരു പൊലീസ് ഓഫീസർ എന്ന നിലയിൽ ശ്രീജിത്തിനോട് ദിലീപ് അടക്കമുള്ളവർ പല ഘട്ടങ്ങളിൽസഹായം തേടിയിട്ടുണ്ടെന്നും നിയമപരമായി അത് നടപ്പിലാക്കാൻ ശ്രീജിത്ത് മുൻകൈ എടുത്തിട്ടുണ്ടെന്നുമാണ് മനസിലായത്. ദിലീപുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങൾ അന്വേഷണത്തിൽ മനസിലായി.
2016ൽ ദിലീപ് നടി കാവ്യ മാധവനെ വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ വലിയ തോതിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇവർ രണ്ട് പേർക്കും. പ്രത്യേകിച്ച് കാവ്യ മാധവന്. കാവ്യമാധവന് ലക്ഷ്യ എന്ന ഒരു വസ്ത്രശാല കൊച്ചിയിലുണ്ട്. ആ ലക്ഷ്യയിലെ വെബ്ബ് പോർട്ടൽ മുഴുവൻ സൈബർ ഗുണ്ടകളാൽ ആക്രമിക്കപ്പെട്ടിരുന്നു. അശ്ലീല സന്ദേശങ്ങളടക്കം പങ്കുവച്ച് പലരും രംഗത്ത് വന്നിരുന്നു.
പർച്ചേസ് ഓർഡർ പോലും എടുക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് ലക്ഷ്യയുടെ വെബ്ബ്‌സൈറ്റ് സൈബർ ആക്രമണത്തിൽ മുങ്ങി. നിരന്തരമായ ആക്രമണമാണ്. അന്ന് ശ്രീജിത്ത് നല്ല ഓഫീസറാണ് എന്ന് വിശ്വാസം ഉള്ളതുകൊണ്ടാകാം ദിലീപ് മറ്റൊരു പൊലീസ് ഓഫീസറെയും വിളിക്കാതെ ശ്രീജിത്തിനെയാണ് വിളിച്ചത്.
ഇപ്പറഞ്ഞത് ശരിയല്ലെങ്കിൽ ഇത് ദിലീപ് നിഷേധിക്കണം, ശ്രീജിത്തിനോട് സഹായം ചോദിച്ചിട്ടില്ല എന്ന കാര്യം. സിനിമാ മേഖലയിലെ പ്രമുഖരുമായി നല്ല സൗഹൃദം പുലർത്തുകയും നിയമ സഹായം തേടുമ്പോൾ നിയമത്തിന്റെ വഴിയിൽ നടപടികൾ സ്വീകരിക്കാൻ തയ്യാറാകുകയും ചെയ്യുന്നയാളാണ് ശ്രീജിത്ത് എന്നത് അറിയാവുന്ന കാര്യമാണ്. ദിലീപുമായും ബന്ധമുണ്ടായിരുന്നു. ആ ബന്ധമുള്ളതുകൊണ്ടാണ് നേരിട്ട് ഡിജിപിയോട് ചോദിക്കാതെ മറ്റാരോടും ചോദിക്കാതെ അന്ന് ശ്രീജിത്ത് നിയമപരമായി വിഷയത്തിൽ ഇടപെട്ടത്.
അന്ന് അദ്ദേഹം ക്രൈംബ്രാഞ്ചിലല്ല. അന്ന് ഐജിയോ ഡിഐജിയോ ആയിരുന്നിരിക്കാം. അന്ന് ശ്രീജിത്തിനോട് തന്നെ നേരിട്ട് ദിലീപ് സഹായം ചോദിച്ചത്. തുടർന്ന് നിയമപരമായി എന്താണോ ചെയ്യാൻ പറ്റുന്നത് അത് ചെയ്യണം എന്ന് ശ്രീജിത്ത് ആവശ്യപ്പെടുകയും കൊച്ചിയിലെ ഇൻഫോ പാർക്കിലെ പൊലീസ് സ്റ്റേഷനിലെ വനിതാ ഇൻസ്‌പെക്ടർ സംഭവ സ്ഥലം സന്ദർശിച്ച് പരാതി സ്വീകരിച്ച് പലരെയും പ്രതിചേർത്ത് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്താണ് സൈബർ ആക്രമണം അവസാനിപ്പിച്ചത്.
രണ്ട് മൂന്നോ പേരെ പ്രതികളാക്കി അറസ്റ്റ് ചെയ്ത് റിമന്റ് ചെയ്തതിന് ശേഷമാണ് ലക്ഷ്യയ്ക്ക് ഒരു സാധനം ഓർഡർ ചെയ്യാൻ പോലും പറ്റിയത്. അത്രത്തോളം സൈബർ ആക്രമണമാണ് നേരിട്ടത്. ഇത് എന്ത് ബന്ധത്തിന് പുറത്താണ്. ഒരു ബന്ധവുമില്ലെങ്കിൽ, ദിലീപിനെ തകർക്കാനാണ് ശ്രീജിത്ത് നടക്കുന്നതെങ്കിൽ എന്തിനാണ് ദിലീപ് ശ്രീജിത്തിന്റെ സഹായം തേടിയത് ശ്രീജിത്ത് ഇങ്ങനെ സഹായിച്ചത്.
നടിയെ ആക്രമിച്ച കേസിന് ശേഷവും അന്ന് ശ്രീജിത്തിന് റോൾ ഒന്നുമില്ല. ശ്രീജിത്ത് ഉൾപ്പെട്ട ടീമല്ല അന്ന് കേസ് അന്വേഷിക്കുന്നത്. പ്രതിയായ ശേഷം ഒന്നിലേറെ തവണ ദിലീപ് ശ്രീജിത്തിനെ വിളിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. പ്രത്യേകിച്ച് ദിലീപിന്റെ മകൾ മീനാക്ഷിക്ക് എതിരെ വലിയ തോതിൽ സൈബർ ആക്രമണം ഉണ്ടായപ്പോഴും ദിലീപ് സഹായം തേടിയത് ശ്രീജിത്തിനോടായിരുന്നു. അപ്പോഴും ശ്രീജിത്ത് ഇടപെട്ടു. മീനാക്ഷിയെ അധിക്ഷേപിച്ചവർക്കെതിരെ കേസെടുത്തു അറസ്റ്റ് ചെയ്തു. അതിനെത്തുടർന്ന് ശ്രീജിത്തിനെ വിളിച്ച് ദിലീപ് നന്ദിയും പറഞ്ഞു.
ഇങ്ങനെ പല സാഹചര്യങ്ങളും ഉണ്ടായിട്ടും ഇപ്പോൾ ബാലചന്ദ്രകുമാർ ശ്രീജിത്തിന്റെ സഹോദരി പുത്രന് വേണ്ടി നാദിർഷയ്ക്ക് ഒരു സന്ദേശം അയച്ചു എന്നു പറയുന്നതിൽ ഒരു ആശയക്കുഴപ്പവും ഔചിത്യക്കുറവുമുണ്ട്.
ഇത് കൂടി കേട്ടപ്പോൾ ഒരു വലിയ സംശയമാണ് ഉയരുന്നത്. ആ സംശയം എത്രത്തോളം സാധുതയുള്ളതാണ് എന്ന് അറിയില്ല. ബാലചന്ദ്രകുമാർ ദിലീപിനെ വെളിപ്പിച്ച് എടുക്കാൻ വേണ്ടി പ്രത്യക്ഷപ്പെട്ട ഒരു കഥാപാത്രം തന്നെയാണോ എന്ന കാര്യം.
ദിലീപ് തന്നെ പറഞ്ഞ് അയച്ചതാണോ ഈ ബാലചന്ദ്രകുമാറിനെ എന്നതാണ് സംശയിക്കപ്പെടുന്നത്. ഈ വിവാദം ഒക്കെ ഉണ്ടാക്കി, കേസിൽ നിന്നും ഊരി വൃത്തിയാക്കി ജനപ്രിയനാക്കി ദിലീപിനെ തിരികെക്കൊണ്ടുവരാൻ ദിലീപ് തന്നെ അയച്ച ആളാണോ ബാലചന്ദ്രകുമാർ എന്ന സംശയമാണ് കേസിലെ ഇപ്പോഴത്തെ ചില നീക്കങ്ങൾ കാണുമ്പോൾ തോന്നുന്നത്. പൊലീസ് അറിയാതെ ആ വെട്ടിൽ വീണ് പോയതാണോ എന്ന സംശയമാണ് ഉയരുന്നത്.
ഇത്തരത്തിൽ സഹായം അഭ്യർത്ഥിച്ച് ബാലചന്ദ്രകുമാർ ഒരു സന്ദേശം അയ്ക്കുക. ഇത് കൃത്യമായി സൂക്ഷിച്ച് വയ്ക്കുക. ആ സന്ദേശം കേസ് പുരോഗമിക്കവെ കോടതിയിൽ കൈമാറുക. ഇതൊക്കെ ഒരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കുന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്.
എന്തായാലും പൊലീസ് ഓഫീസർ എന്ന നിലയിൽ മാധ്യമ പ്രവർത്തകരുമായും സിനിമ പ്രവർത്തകരുമായും രാഷ്ട്രീയക്കാരുമായും നല്ല ബന്ധം സൂക്ഷിക്കുന്ന, നിയമപരമായി കാര്യങ്ങളെ സമീപിക്കുന്ന എഡിജിപി ശ്രീജിത്തിന് ചിലപ്പോൾ ഇവരോട് സംസാരിക്കേണ്ടി വന്നിട്ടുണ്ടാകാം.
അദ്ദേഹത്തിന്റെ പേരു പറഞ്ഞ് മറ്റൊരാൾ വിളിച്ച് സഹായം അഭ്യർത്ഥിച്ചു എന്ന പേരിൽ പുതിയ ശബ്ദ സന്ദേശം പുറത്തുവിട്ട് കേസിന്റെ ഗൗരവത്തെ വഴിമാറ്റിവിടാനുള്ള ശ്രമം തന്നെയാണോ നടക്കുന്നത് എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ദിലീപിനെ കുരുക്കാൻ ബാലചന്ദ്രകുമാറിന് വേണ്ടി ശ്രീജിത്ത് രംഗത്ത് ഇറങ്ങി എന്ന് പറയുന്നത് നീതി വാഴ്ചയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ഇത്തരം അഭ്യാസങ്ങൾ കാണുമ്പോൾ എന്തെക്കെയോ ദുരൂഹത ഉയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ