- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ഫോൺ പരിശോധനാ ഫലം ലഭിച്ചു; ലഭിച്ചത് വഴിത്തിരിവാകുന്ന നിർണായക വിവരങ്ങളെന്ന് സൂചന; ദിലീപിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും; സഹോദരൻ അനൂപിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
-കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിൽനിന്ന് പിടിച്ചെടുത്ത ഫോണിൽ നിർണായകവിവരങ്ങളുണ്ടെന്ന് പൊലീസ്. പരിശോധനയ്ക്കായാണ് പൊലീസ് ഫോൺ പിടിച്ചെടുത്തത്. ദിലീപ് സ്വന്തംനിലയ്ക്ക് മുംബൈയിലെ സ്വകാര്യലാബിൽ പരിശോധനയ്ക്ക് അയച്ച മൊബൈൽഫോണിലെ വിവരങ്ങളും ഈ ഫോണിൽ ഉൾപ്പെട്ടിട്ടുണ്ട്. ആലുവ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് അന്വേഷകസംഘത്തിന് ലഭിച്ചിരുന്നു.
ഗൂഢാലോചനയും നടി ആക്രമണക്കേസും ബന്ധിപ്പിക്കുന്ന നിരവധി തെളിവുകൾ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷകസംഘത്തിന് നൽകാതെ മാറ്റിയ മൊബൈൽഫോണുകൾ പലതും ഫോർമാറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നുമാണ് സൂചനകൾ.
മുംബെയിലേക്ക് അയച്ച ഫോണുകളിൽ ഒന്ന് കോടതിയിൽ നൽകിയിട്ടില്ല. 2017 വരെ ഉപയോഗിച്ച ഈ ഫോണിൽ നടി ആക്രമണക്കേസിന്റെ പല വിവരങ്ങളും ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഗൂഢാലോചനക്കേസിൽ ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. സഹോദരൻ അനൂപിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ദിലീപ് ഉൾപ്പെടെയുള്ള ആറുപേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസ്.
തിരുവനന്തപുരത്ത് ഫൊറൻസിക് പരിശോധനയ്ക്കയച്ച ആറു ഫോണുകളുടെയും റിപ്പോർട്ട് ശനിയാഴ്ചയാണ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ലഭിച്ചത്. ഇതിന്റെ പകർപ്പ് അന്വേഷണ സംഘം വാങ്ങുകയായിരുന്നു. പുതിയതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തിങ്കളാഴ്ച ദിലീപിന്റെ സഹോദരീഭർത്താവ് ടി.എൻ. സുരാജിനെ ചോദ്യംചെയ്യുക. ദിലീപിനെയും വരും ദിവസങ്ങളിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.
ഫോണുകളുടെ കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ കോടതിയുടെ അനുമതിയോടെ ബെംഗളൂരു ഫൊറൻസിക് സയൻസ് ലാബിലേക്ക് അയയ്‌ക്കേണ്ടിവരും. നടിയെ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് നടത്തുന്ന തുടരന്വേഷണ റിപ്പോർട്ട് മാർച്ച് ഒന്നിനു വിചാരണക്കോടതിയിൽ സമർപ്പിക്കണം. ക്രൈംബ്രാഞ്ചിന്റെ 2 സംഘങ്ങളാണ് ഈ കേസുകൾ അന്വേഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ