കൊച്ചി: ക്രൈംബ്രാഞ്ചിൽ നിന്ന് എഡിജിപി ശ്രീജിത്തിന് മാറ്റിയതിന് പിന്നാലെ നടക്കുന്നത് നിർണ്ണായക നീക്കങ്ങൾ. ക്രൈംബ്രാഞ്ചിനെ വിറിപ്പിക്കാനാണ് ദീലീപിന്റെ നീക്കം. നടൻ ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവകരമെന്ന് ബാർ കൗൺസിൽ വിലയിരുത്തൽ നിർണ്ണായകമാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ ബാർ കൗൺസിൽ ചേർന്ന യോഗത്തിന്റെതാണു വിലയിരുത്തൽ. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനു യോഗം തീരുമാനിച്ചു.

ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതി അഭിഭാഷകൻ സേതുനാഥ് നൽകിയ പരാതിയിലാണ് വിഷയം ചർച്ച ചെയ്യുന്നതിനു ബാർ കൗൺസിൽ ഞായറാഴ്ച യോഗം ചേർന്നത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്യൂണിക്കേഷനാണെന്നും അതു മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും കാണിച്ചാണ് പരാതി. പ്രിവിലേജ്ഡ് കമ്യൂണിക്കേഷൻ പുറത്തുവിടാൻ കോടതിക്കു പോലും നിർദ്ദേശിക്കാനാകില്ലെന്നും ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ബാർ കൗൺസിൽ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാനാണ് സാധ്യത.

ദിലീപിന്റെ സഹോദരൻ അനൂപിനെ തെറ്റായ മൊഴി പഠിപ്പിക്കുന്നുവെന്ന ആരോപണത്തോടെയാണ് ആ ഓഡിയോ മാധ്യമങ്ങളിൽ എത്തിയത്. കോടതിയിൽ തെളിവായി ക്രൈംബ്രാഞ്ച് ഹാജരാക്കിയ ഓഡിയോയായിരുന്നു അത്. ചില അഭിഭാഷകരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാർ കൗൺസിലിലെ പരാതി നിർണ്ണായകമാകുന്നത്. ഇക്കാര്യത്തിൽ വലിയ നിയമ പരിശോധനകൾ നടക്കാൻ ഇടയുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിച്ചതിന് തെളിവായാണ് അനൂപും അഭിഭാഷകനും തമ്മിലെ ശബ്ദരേഖ പുറത്തു വന്നത്. ഇത് ദിലീപിനെ പ്രതിരോധത്തിലാക്കി. പിന്നാലെയാണ് ശ്രീജിത്തിനെ സർക്കാർ ക്രൈംബ്രാഞ്ചിൽ നിന്ന് മാറ്റിയത്. ഇതോടെ കാവ്യാ മാധവൻ അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ പോലും അനിശ്ചിതത്വത്തിലായി. ഉടൻ കാവ്യയെ ചോദ്യം ചെയ്യില്ലെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ നൽകിയ നിർണായക ശബ്ദരേഖ പുറത്തു വന്നത് ദിലീപിനെ കുഴപ്പത്തിലാക്കുമെന്നായിരുന്നു വിലയിരുത്തൽ.. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. വിചാരണ വേളയിൽ കോടതിയിൽ നൽകേണ്ട മൊഴികൾ എങ്ങനെ വേണമെന്ന് അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ഈ ശബ്ദരേഖയിലുള്ളത്. കേസിലെ പ്രോസിക്യൂഷൻ സാക്ഷിയാണ് അനൂപ്. ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യർ മദ്യപിക്കാറുണ്ടെന്ന് മൊഴി നൽകണമെന്നാണ് അഭിഭാഷകൻ അനൂപിനോട് ആവശ്യപ്പെടുന്നത്. മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് അഭിഭാഷകൻ ചോദിക്കുമ്പോൾ 'എനിക്ക് അറിയില്ല, ഞാൻ കണ്ടിട്ടില്ല' എന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാൽ മഞ്ജു മദ്യപിക്കുമെന്ന് കോടതിയിൽ മൊഴി നൽകണമെന്നാണ് അഭിഭാഷകൻ പറയുന്നത്.

അഭിഭാഷകന്റെ പിന്നീടുള്ള വാക്കുകൾ ഇങ്ങനെ:-

'വീട്ടിൽനിന്ന് പോകുന്നതിന്റെ മുമ്പുള്ള സമയത്ത് മഞ്ജു മദ്യപിക്കാറുണ്ടെന്ന് പറയണം. മഞ്ജു പലവട്ടം മദ്യപിച്ച് വീട്ടിൽ വന്നിട്ടുണ്ടെന്ന് പറയണം. വീട്ടിൽ എല്ലാവർക്കും അത് അറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടൻ നോക്കാം എന്ന് പറഞ്ഞതെല്ലാതെ ഒന്നും പറഞ്ഞില്ല. ഇതുസംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മിൽ ഞങ്ങളുടെ മുന്നിൽവെച്ച് തർക്കമുണ്ടായിട്ടില്ലെന്നും പറയണം. പത്തുവർഷത്തിൽ കൂടുതലായിട്ട് ചേട്ടൻ മദ്യം തൊടാറില്ലെന്നും പറയണം.'

ഇതിനുപുറമേ നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു എന്ന വാദത്തിന് നൽകേണ്ട മൊഴികളും അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുത്തിരുന്നു. സംഭവദിവസം ദിലീപിന് പനിയും തൊണ്ടവേദനയും ചുമയും ഉണ്ടായിരുന്നു, പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയിൽ പോയി കാണുമായിരുന്നു എന്ന് പറയണമെന്നുമാണ് അഭിഭാഷകന്റെ നിർദ്ദേശം. ഇനി എന്തെങ്കിലും ചോദിച്ചാൽ ചോദ്യം മനസിലായില്ലെന്ന് പറഞ്ഞാൽ മതി. ബാക്കിയൊന്നും മൈൻഡ് ചെയ്യേണ്ടെന്നും അഭിഭാഷകൻ അനൂപിനോട് പറയുന്നുണ്ട്.

ഇതിനൊപ്പം പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീസിന്റെ സഹോദരൻ അനൂപുമായി അഭിഭാഷകൻ നടത്തിയ സംഭാഷണവും പുറത്തു വന്നിരുന്നു. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്നാണ് ബി രാമൻപിള്ള പ്രോസിക്യൂഷൻ സാക്ഷിയെ പഠിപ്പിക്കുന്ന ഓഡിയോയായിരുന്നു അതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്താണ് ഗൂഢാലോചനയിൽ ദിലീപിനെതിരായ പ്രധാന തെളിവുകളിൽ ഒന്ന്. ഈ കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകൾ എങ്ങനെ മാറ്റിപ്പറയണമെന്നാണ് സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള ദിലീപിന്റെ സഹോദരൻ അനൂപിനെ പഠിപ്പിക്കുന്നതെന്നായിരുന്നു ആക്ഷേപം.

ആ ശബ്ദരേഖയിൽ പറയുന്നത് ഇങ്ങനെ:

ദിലീപിന് ശത്രുക്കൾ ഉണ്ട് എന്ന് കോടതിയിൽ പറയണം. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം. ?ഗുരുവായൂരിലെ ഡാൻസ് പ്രോ?ഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്ന് പറയണം. (മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനും മുമ്പ് ?ഗുരുവായൂരിൽ നൃത്ത അരങ്ങേറ്റം നടന്നിരുന്നു. വർഷങ്ങളുടെ ഇടവേളക്ക് ശേഷമുള്ള മഞ്ജുവിന്റെ പൊതുവേദിയിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്.) അനൂപിനോട് അഭിഭാഷകൻ പറയുന്നത് ശബ്ദരേഖയിലുണ്ട്. മഞ്ജുവും ദിലീപും തമ്മിൽ നൃത്തപരിപാടികളുടെ പേരിൽ വഴക്ക് പതിവായിരുന്നു. മഞ്ജു മദ്യപിക്കും എന്നും വേണം കോടതിയിൽ പറയാനെന്നും അഭിഭാഷകൻ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്.

ചാലക്കുടിയിലെ ദിലീപിന്റെ തിയേറ്റർ ഇരിക്കുന്ന സ്ഥലം സംബന്ധിച്ചും അഭിഭാഷകൻ സംസാരിക്കുന്നുണ്ട്. എന്നാൽ, ഇത് എന്തിനെക്കുറിച്ചാണെന്ന് വ്യക്തതയില്ല. മറ്റൊന്ന് ഡ്രൈവർ അപ്പുണ്ണിയെക്കുറിച്ചാണ്. അപ്പുണ്ണി ദിലീപിന്റെ സന്തത സഹചാരിയല്ല എന്ന് നിലപാടെടുക്കണമെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് പറഞ്ഞാൽ, പൾസർ സുനിയുമായുള്ള കത്തിടപാടുകൾക്കും മറ്റും ഇടനില നിന്നത് അപ്പുണ്ണിയായിരുന്നു. ഇതൊക്കെത്തന്നെ പ്രോസിക്യൂഷൻ ഹാജരാക്കിയത് ദിലീപ് സാക്ഷികളെ സ്വാധിനിക്കുന്നു എന്ന് തെളിയിക്കാനാണ്. കേസിൽ 20 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. ഈ സാക്ഷികൾ എല്ലാം സിനിമാ മേഖലയിലുള്ളവരാണ്. ഇവരെല്ലാം കൂറുമാറിയത് ദിലീപിന്റെ സ്വാധീനത്താലാണ് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.