കൊച്ചി: കേരളാ പൊലീസിൽ ഉന്നത തസ്തികയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരിൽ ചിലർ പൊലീസിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതിനുള്ള ഏജന്റുമാരായി പ്രവർത്തിക്കുന്നുവെന്നുള്ള വിവരം പുറത്ത്. വൻതുക ഈടാക്കിയാണ് ഇവർ വിവരങ്ങൾ ചോർത്തി നൽകുന്നത്. ഇതിനായി നിലവിൽ സർവീസിലുള്ള ചില ഉദ്യോഗസ്ഥരുടെ പിന്തുണ ഇവർക്ക് ആവോളം ലഭിക്കുന്നുണ്ട്. പ്രമാദമായ കേസുകളിൽ വമ്പന്മാർക്ക് വേണ്ടിയാണ് ഈ സംഘങ്ങളുടെ ഇടപെടൽ. ജോലിയിൽ നിന്ന് വിരമിച്ച ശേഷം സ്വകാര്യ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ചീഫ് ആയും അഭിഭാഷകരായി പ്രാക്ടീസ് ചെയ്തും ഇപ്പോഴും രംഗത്തുള്ള ചില ഉദ്യോഗസ്ഥരിലേക്കാണ് സംശയത്തിന്റെ മുന നീളുന്നത്.

നടിയെ ആക്രമിച്ച കേസിൽ ഈ സംഘത്തിന്റെ ഇടപെടൽ ഇപ്പോഴുമുണ്ടാകുന്നുണ്ടെന്ന വിവരമാണ് ഏറ്റവുമൊടുവിലായി പുറത്തു വന്നിരിക്കുന്നത്. പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും നീക്കം ചോർത്തുകയും അത് അനുസരിച്ച് കോടതി ഇടപെടൽ നടത്തുകയും ചെയ്യാനുള്ള സഹായമാണ് ഈ സംഘത്തിൽ നിന്ന് ലഭിക്കുന്നത്.

സംസ്ഥാന പൊലീസിൽ നിന്ന് വിരമിച്ച ഒരു എസ്‌പിയും മൂന്നു ഡിവൈഎസ്‌പിമാരും അടങ്ങുന്ന സംഘമാണ് ദിലീപിനായി വിവരങ്ങൾ ചോർത്തുന്നതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിൽ ഒരാൾ മുൻപ് വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു. ഈ സംഘത്തിനായി പ്രത്യേക താവളവും കൊച്ചിയിൽ ഒരുക്കിയിട്ടുണ്ട്. വൻതുകയാണ് പ്രതിഫലമായി നൽകുന്നത്. ഇവരെ സഹായിക്കാൻ സന്നദ്ധരായി നിലവിൽ പൊലീസിൽ ജോലി ചെയ്യുന്ന ഒരു വിഭാഗവുമുണ്ട്. നിലവിലെ അന്വേഷണ സംഘത്തിന്റെ അടക്കമുള്ള നീക്കങ്ങളാണ് ഇവരുടെ നിരീക്ഷണത്തിലുള്ളത്. രാമൻ പിള്ള വക്കീലിന്റെ ബി ടീം എന്ന പേരിലാണ് ഈ സംഘം പൊലീസ് സേനയിൽ രഹസ്യമായി അറിയപ്പെടുന്നത്.

ഇവരുടെ ആവശ്യത്തോട് മുഖം തിരിച്ചു നിൽക്കുന്ന ഉദ്യോഗസ്ഥരാണ് സേനയിൽ അധികവും. എന്നാലും സർവീസിൽ ഇരുന്നപ്പോഴുള്ള കാലത്തെ കടപ്പാടുകളുടെ പേരിലും പ്രതിഫലമായി ലഭിക്കുന്ന വൻതുക ഓർത്തുമാണ് മിക്കവരും വിവരങ്ങൾ ചോർത്തി നൽകുന്നത്.