കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക കണ്ടെത്തൽ. ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചത് തൃശൂരിൽ നിന്നുള്ള ബിജെപിയുടെ സംസ്ഥാന നേതാവ് എന്ന് സൂചന. ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലെ സ്ഥാനാർത്ഥിയുമായിരുന്ന അഡ്വ.ഉല്ലാസ് ബാബുവാണ് ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ട്. സായി ശങ്കറിനോട് ഫോണിലെ ചാറ്റ് വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിച്ചിരുന്നതിൽ ഉല്ലാസ് ബാബുവിന്റെ നമ്പരുമുണ്ടായിരുന്നതായി ഐ.ടി വിദഗ്ദൻ സായിശങ്കർ സ്ഥിരീകരിച്ചു.

ഉല്ലാസ് ബാബുവിന്റെ ശബ്ദം അന്വേഷണ സംഘം തിരിച്ചറിഞ്ഞു. മൂന്ന് ദിവസം മുമ്പ് ഉല്ലാസ് ബാബുവിനെ അന്വേഷണ സംഘം ശബ്ദ പരിശോധനക്കായി വിളിപ്പിച്ചിരുന്നു. കാക്കനാട് ചിത്രാഞ്ജലിയിലാണ് ഉല്ലാസ് ബാബുവിന്റെ ശബ്ദ സാമ്പിളെടുത്തത്. തൃശൂർ വലപ്പാടുള്ള ദിനേശൻ സ്വാമിയുടെയും ദിലീപിന്റേയും പൊതു സുഹൃത്താണ് ഉല്ലാസ് ബാബു. ഉല്ലാസ് ബാബുവുമായുള്ള ചാറ്റുകൾ ഡിലീറ്റ് ചെയ്യാൻ തന്നോട് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന് സായ് ശങ്കർ പറഞ്ഞിരുന്നു. സായ് ശങ്കർ നശിപ്പിച്ച ഓഡിയോ ഫയലുകൾ അന്വേഷണ സംഘം റിട്രീവ് ചെയ്തു. ഇതാണ് നിർണ്ണായകമായത്.

ഇക്കഴിഞ്ഞ 14നാണ് ശബ്ദം ഉല്ലാസ് ബാബുവിന്റേത് ആണെന്ന് തിരിച്ചറിഞ്ഞത്. അന്ന് തന്നെ ഇയാളുടെ ശബ്ദ സാമ്പിൾ പരിശോധിക്കണമെന്ന് അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നു. കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ശബ്ദ സാമ്പിൾ എടുത്തു. ദിലീപിന്റെ അടുത്ത സുഹൃത്താണ് അഡ്വ. ഉല്ലാസ് ബാബു. കൊടകര കള്ളപ്പണ കേസിലും ആരോപണ നിഴലിലായിരുന്നു ഉല്ലാസ് ബാബു. പാവറട്ടി കേസുമായി ബന്ധപ്പെട്ട ഒരു വസ്തുത ഉല്ലാസ് ബാബു അറിയുകയും അത് ദിലീപിനെ അറിയിക്കുയും ചെയ്യുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.

ഇത് ഉപയോഗിച്ച് വിചാരണക്കോടതി ജഡ്ജി സ്വാധീനിക്കാൻ ഉല്ലാസ് ബാബുവും ദിലീപും തമ്മിൽ ചർച്ചകൾ നടന്നുവെന്നാണ് അന്വേഷണ സംഘം വിലിയിരുത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ ബിജെപി നേതാവ് ഉല്ലാസ് ബാബുവും ദിലീപും തമ്മിലുള്ള ചാറ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട് എന്ന് സൈബർ വിദഗ്ധനും വധ ഗൂഢാലോചന കേസിലെ മാപ്പ് സാക്ഷിയുമായ സായ് ശങ്കർ റിപ്പോർട്ടർ ടി വി എഡിറ്റേഴ്സ് അവറിലും പറഞ്ഞിരുന്നു. അഡ്വ. ഉല്ലാസ് ബാബുവുമായിട്ടുള്ള ചാറ്റ് ഡിലീറ്റ് ചെയ്യാൻ ദിലീപ് ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. വാട്സാപ്പ് ചാറ്റ് അല്ലായിരുന്നു എന്നും ബോട്ടിം ചാറ്റ് ആയിരുന്നു എന്നും സായ് ശങ്കർ വ്യക്തമാക്കിയിട്ടുണ്ട്. അഡ്വ ഉല്ലാസ് ബാബുവിന്റെത് കൂടാതെ മറ്റ് വക്കീലന്മാരുടേയും ചാറ്റ് ഡിലീറ്റ് ചെയ്യണം എന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു എന്നും സായ് ശങ്കർ കൂട്ടിച്ചേർത്തു.

അഡ്വ. ഉല്ലാസ് ബാബുവുമായിട്ടുള്ള ചാറ്റ് ഡിലീറ്റ് ചെയ്യാൻ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഞാൻ അന്ന് പ്രിപ്പെയർ ചെയ്ത ചെക്ക് ലിസ്റ്റിൽ ഈ ഒരു പേരുണ്ടായിരുന്നു. ഉല്ലാസ് ബാബുവുമായിട്ടുള്ള ചാറ്റുകളും മീഡിയ ഫയലും കിട്ടാൻ പോസിബിളിറ്റി കുറവാണ്. അതിനുള്ളിൽ നിന്നും മറ്റേതെങ്കിലും നമ്പറിലേക്ക് ഫോർവേഡ് ചെയ്തതിൽ നിന്ന് കിട്ടിയതായിരിക്കും ഈ പുറത്ത് വന്ന ഓഡിയോ എന്നും പറഞ്ഞിരുന്നു. ഉല്ലാസ് ബാബു എന്നല്ല അഡ്വ ഉല്ലാസ് അത്രയെ ഉണ്ടായിരുന്നുള്ളൂ. അത് എനിക്ക് പ്രയറൊറ്ററൈസ് ചെയ്യേണ്ടിയിരുന്ന പേരുകളിൽ ഒരെണ്ണം ഉല്ലാസിന്റെ ആയിരുന്നു. ചാറ്റ് എന്താണ് എന്ന് ശ്രദ്ധിച്ചിരുന്നില്ല. വാട്സാപ്പിലായിരുന്നില്ല. ബോട്ടിമിലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വാട്സാപ്പിലായിരുന്നില്ല, അതുകൊണ്ട് തന്നെ മീഡിയ ഫയൽ സേവ് ആയിരുന്നില്ല.

വാട്സാപ്പ് ഫയലുകളെല്ലാം സേവ് ആയിരുന്നു. മീഡിയ ഫയൽ ബോട്ടിമിൽ നിന്നും ഫോണിൽ സേവ് ആയിട്ടുണ്ടായിരുന്നില്ല. ചിലപ്പോൾ വാട്സാപ്പിലും ഉണ്ടായിരിക്കാം. അല്ലെങ്കിൽ വേറെ ഫോണിൽ നിന്ന് മിറർ കിട്ടിയിരിക്കാം. ബോട്ടിമിന്റെ ആൽഗോരിതം വളരെ സേഫാണ്. അത് അന്ന് പറഞ്ഞപോലെ യൂഫ്രഡ് പോലുള്ള സോഫ്റ്റ്‌വെയറിലൊന്നും ഒരിക്കലും വാട്സാപ്പിലെ ചാറ്റുകൾ റിട്രീവ് ചെയ്ത് എടുക്കാൻ പറ്റുന്നത് പോലെ ബോട്ടിമും ടെലഗ്രാമും ഒന്നും ഒരിക്കലും റിട്രീവ് ചെയ്യാനുള്ള കേപബിലിറ്റി ഇല്ല. ഇതിന്റെ മെമ്മറി ലോഗിൽ നിന്ന് എടുക്കാനുള്ള കേപ്പബിലിറ്റി ഇല്ല.

ഉല്ലാസ് ബാബുവിന്റെ ചാറ്റ് സ്‌ക്രീനൊന്നും ഡീറ്റെയ്ൽ ആയിട്ട് ഞാൻ വായിച്ച് നോക്കിയിട്ടില്ല. പേര് ഇങ്ങനെ അന്നേരം തന്നെ സ്ട്രൈക്ക് ചെയ്തിരുന്നു. ന്യൂസ് വന്നപ്പോഴാണ് ഇതാണ് എന്ന് ഓർമ വന്നത്. ചാറ്റിന്റെ കണ്ടന്റ് എന്താണ് എന്ന് എനിക്ക് ഓർമയില്ല. ഒരുപാട് ചെയ്യാനുള്ളതുകൊണ്ട് അതൊന്നും നോക്കിയില്ല-ഇതായിരുന്നു വെളിപ്പെടുത്തൽ.