കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ട് പേരുടെ കൂടി അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സൂചന. ദിലീപുമായി അടുത്ത ബന്ധമുള്ള രണ്ടു പേരെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രകാരം ഗൂഢാലോചനയെക്കുറിച്ച് അറിവുള്ളയാളാണ് അറസ്റ്റിലാകാൻ പോകുന്ന പുരുഷനെന്നാണ് സൂചന. സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തിയാണ് ഇതെന്നാണ് സൂചന. അപ്പുണ്ണി, നാദിർഷാ എന്നിവരും പൊലീസ് നിരീക്ഷണത്തിലാണ്. കേസിൽ മാഡമുണ്ടെന്ന് പൾസർ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാവ്യമാധവനും സംശയ നിഴലിലാകുന്നത്.

ദിലീപുമായി നേരിട്ട് ബന്ധമുള്ളവരും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചവരെയാകും അറസ്റ്റ് ചെയ്യുക. അതിനിടെ ഗൂഢാലോചനാ കേസിൽ മുഖ്യപ്രതിയായ ദിലീപിനെതിരെ പൊലീസ് കുരുക്ക് മുറുക്കി. ദിലീപിനെതിരായ കൂടുതൽ തെളിവുകൾ പൊലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ദിലീപിന് ജാമ്യം ലഭിച്ചാൽ അന്വേഷണ സംഘത്തിന് തിരിച്ചടിയാകും. ഇത് കാര്യങ്ങൾ ദിലീപിന് എളുപ്പമാക്കും. അതിനാൽ നടന് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസം ആലുവ പൊലീസ് ക്ലബിൽ അന്വേഷണ സംഘം യോഗം ചേർന്നിരുന്നു. അതിനിടെ ദിലീപിനായി ജാമ്യ ഹർജി നൽകാനുള്ള തയ്യാറെടുപ്പിലാണ് അഡ്വക്കേറ്റ് ബി രാമൻപിള്ള. കേസിൽ ദിലീപിന് എതിരായ തെളിവില്ലെന്നാണ് മുതിർന്ന അഭിഭാഷകന്റെ വിലയിരുത്തൽ.

പൊലീസിലെ ചേരി തിരിവാണ് ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിന് അപ്പുറം ഒന്നുമില്ല. പൾസർ സുനിയുടെ മൊഴിയല്ലാതെ ഒന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ കേസിലെ വിധി ദിലീപിന് അനുകൂലമാകും. എന്നാൽ തൊടു ന്യായങ്ങൾ പറഞ്ഞ് കേസിൽ ദിലീപിന് ജാമ്യം നിഷേധിക്കാൻ പൊലീസിന് കഴിയും. അതിന് അവർ ശ്രമിക്കുമെന്നും അഭിഭാഷകന് അറിയാം. അതുകൊണ്ട് തന്നെ കരുതലോടെയാകും വാദങ്ങൾ അവതരിപ്പിക്കുക. പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടോ എന്ന് റിമാൻഡ് റിപ്പോർട്ട് പരിശോധിച്ച് തീരുമാനിക്കും. അതിന് ശേഷമേ ജാമ്യ ഹർജി നൽകൂ. വെള്ളിയാഴ്ച സമർപ്പിക്കാനാണ് നീക്കം.

പൾസർ സുനിയുമായി ഒത്തുതീർപ്പിന് കളമൊരുങ്ങുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചു. കേസിൽ അറസ്റ്റിലായിരിക്കുന്ന ദിലീപിന്റെ അടുപ്പക്കാരാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസ് കോടതിയിൽ എത്തുന്നതോടെ മൊഴിമാറ്റം അടക്കമുള്ള കാര്യങ്ങൾക്ക് തയാറാകാനാണ് സുനിക്ക് മേൽ സമ്മർദ്ദമേറുന്നത്. അങ്ങനെ വന്നാൽ കേസ് ദുർബലമാകുമെന്നും ശിക്ഷയിൽ നിന്നും ഒഴിവാകാമെന്നും ദിലീപുമായി ബന്ധപ്പെട്ടവർ കണക്കുകൂട്ടുന്നുണ്ട്. ഒത്തുതീർപ്പിന് കളമൊരുങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് സുനി തുടർച്ചയായി മാധ്യമപ്രവർത്തകർക്ക് മുന്നിൽ പുതിയ കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തെറ്റായ കാര്യങ്ങൾ പറഞ്ഞ് സമ്മർദ്ദതന്ത്രത്തിലൂടെ ഉദ്ദേശിക്കുന്ന കാര്യം നേടിയെടുക്കുകയാണ് സുനിയുടെ ലക്ഷ്യം.

കേസിൽ മാഡം പ്രധാന കണ്ണിയാണെന്നും 16ന് മുൻപ് അറസ്റ്റിലായിരിക്കുന്ന വിഐപി ഇക്കാര്യം പൊലീസിനോട് പറയുന്നില്ലെങ്കിൽ താൻ പറയുമെന്ന സുനിയുടെ ഭീഷണിയും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇത്തരം ഭീഷണി ഒത്തുതീർപ്പിലൂടെ നേട്ടമുണ്ടാക്കിയെടുക്കാനുള്ള തന്ത്രമായാണ് പൊലീസ് വിലയിരുത്തുന്നത്. അന്വേഷണം ബോധപൂർവം വഴിതിരിച്ചുവിടാനുള്ള സുനിയുടെ തന്ത്രമാണിതെന്ന് പൊലീസ് കരുതുന്നു. ദിലീപിന്റെ അറസ്റ്റിന് ശേഷം ഭാര്യ കാവ്യാമാധവനെയും ഭാര്യാമാതാവ് ശ്യാമളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി കോടതി 22 വരെ നീട്ടി. വിഡിയോ കോൺഫറൻസിങ് വഴിയാണ് റിമാൻഡ് 14 ദിവസത്തേക്കു കൂടി നീട്ടിയത്. എന്തെങ്കിലും പരാതിയുണ്ടോ എന്നു കോടതി ആരാഞ്ഞപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ഹൈക്കോടതി മുൻപാകെ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നൽകുമെന്നാണു സൂചന. നടിയുടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാനുണ്ടെന്നും ദിലീപിന്റെ ഡ്രൈവറും സഹായിയുമായ അപ്പുണ്ണിയുടെ മൊഴി എടുക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു നേരത്തെ പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്തത്.

എന്നാൽ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോൺ നശിപ്പിച്ചതായി സുനിലിന്റെ ആദ്യ അഭിഭാഷകർ കുറ്റസമ്മത മൊഴി നൽകിയ സാഹചര്യത്തിലാണു ജാമ്യാപേക്ഷ വീണ്ടും നൽകാൻ പ്രതിഭാഗം തയ്യാറെടുക്കുന്നത്. ദിലീപിനെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രം പൊലീസ് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും സൂചനയുണ്ട്.