കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ഗൂഢാലോചന നടത്തി ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം തയ്യാർ. ഉടൻ കോടതിയിൽ കുറ്റപത്രം നൽകും. നടി ആക്രമത്തിനിരയായിട്ട് ഇന്ന് എട്ട് മാസം തികയുകയാണ്. ഇപ്പോഴാണ് കേസിൽ ഗൂഢാലോചനക്കേസിൽ കുറ്റപത്രമാകുന്നത്. കാവ്യാ മാധവനും നാദിർഷായും കേസിൽ ഈ ഘട്ടത്തിൽ പ്രതികളാകില്ല. എന്നാൽ വമ്പൻ സ്രാവിലേക്ക് പൊലീസ് അന്വേഷം കൊണ്ടു പോകുന്നുണ്ട്. മൂന്നാം ഘട്ടമായി ഈ അന്വേഷണം തുടരും. അതിന് ശേഷം മാത്രമേ കാവ്യയേയും നാദിർഷായേയും പ്രതികളാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ. കുറ്റപത്രത്തിൽ ദിലീപ് രണ്ടാം പ്രതിയാണ്.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചാലുടൻ നിർണ്ണായക നിയമപോരാട്ടത്തിന് തയ്യാറെടുത്ത് ദിലീപും തയ്യാറെടുക്കുകയാണ്. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കും. സി.ആർ.പി.സി 482 വകുപ്പ് പ്രകാരം കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. കേസിൽ ദിലീപിനെ നേരിട്ട് ബന്ധിപ്പിക്കാനുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ഹൈക്കോടതിയെ സമീപിച്ചാൽ കുറ്റപത്രം റദ്ദാക്കുമെന്നുമാണ് താരത്തിന് ലഭിച്ച നിയമോപദേശം. കോടതിയിൽ നിന്ന് ഈ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതെന്നാണ് സൂചനയാണ് ദിലീപിന് ലഭിക്കുന്നത്.

കുറ്റപത്രം റദ്ദാക്കിയാൽ തനിക്കെതിരായ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടേക്കും. തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെന്ന് താരം കരുതുന്നവർക്കെതിരെ മാനനഷ്ടക്കേസും ക്രിമിനൽ കേസും നൽകും. തനിക്കെതിരായി നിലപാട് സ്വീകരിച്ചവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും വേണ്ടന്നാണ് ദിലീപിന്റെ തീരുമാനം. താൻ ജയിലിലായിരുന്നിട്ടും രാമലീല വൻ വിജയം നേടിയതും ദിലീപിന് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. അതിനിടെ ഹൈക്കോടതി കുറ്റപത്രം റദ്ദാക്കിയില്ലെങ്കിൽ അത് ദിലീപിന് വിനയാകും. അങ്ങനെ വന്നാൽ വിചാരണക്കോടതിയിൽ നിന്നും കാര്യങ്ങൾ പ്രതികൂലമാകുമെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ വിചാരണക്കോടതിയിൽ നിന്ന് ആശ്വാസം നേടണമെന്ന ഉപദേശവും ദിലീപിന് കിട്ടുന്നുണ്ട്.

കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടി മുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ദിലീപിനെതിരെ ചുമത്തും. കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പൊലീസ് തയാറാക്കിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ദീലീപിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് ആവശ്യപ്പെടില്ല. കോടതി അംഗീകരിച്ചില്ലെങ്കിൽ ഇത് പ്രോസിക്യൂഷന് തിരിച്ചടിയാകും. അതുകൊണ്ട് തന്നെ സിനിമയിൽ അഭിനയിച്ച് തന്നെ ദിലീപിന് വിചാരണ നേരിടാം.

ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണു സൂചന. പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്ന വേളകളിൽ മുദ്രവച്ച കവറിൽ കോടതിയിൽ നേരിട്ടു സമർപ്പിച്ചിരുന്ന വിവരങ്ങളാണിത്. ഇന്നു കുറ്റപത്രം സമർപ്പിക്കാനാണു പൊലീസ് തീരുമാനിച്ചതെങ്കിലും മജിസ്‌ട്രേട്ട് അവധിയായതിനാൽ ദിവസം മാറ്റുകയായിരുന്നു. നിയമവിദഗ്ധരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സമീപകാലത്തു കേരള പൊലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്നാണ് പൊലീസ് പറയുന്നത്. ഇരുപതിലേറെ നിർണായക തെളിവുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദിലീപിന് വിചാരണ കഴിയുമ്പോൾ ജീവപര്യം ഉറപ്പാണെന്ന് പൊലീസ് വിശദീകരിക്കുന്നു. പ്രത്യേക കോടതി രൂപീകരിച്ച് അതിവേഗ വിചാരണയാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇതിനും കോടതിയെ സമീപിക്കും.

ദിലീപിനെതിരെ കുറ്റസമ്മത മൊഴികൾ, സാക്ഷിമൊഴികൾ, കോടതി മുൻപാകെ നൽകിയ രഹസ്യ മൊഴികൾ, ഫൊറൻസിക് റിപ്പോർട്ടുകൾ, സൈബർ തെളിവുകൾ, നേരിട്ടുള്ള തെളിവുകൾ, സാഹചര്യ ത്തെളിവുകൾ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമർപ്പിക്കുന്നത്. കേസിന്റെ പ്രാധാന്യവും പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാർശയും സർക്കാരിനു മുൻപാകെ ഡിജിപി സമർപ്പിക്കും നിർണായക തൊണ്ടി മുതലായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള അന്വേഷണം തുടരും. ഈ മൊബൈൽ ഫോണിലാണു നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രതികൾ പകർത്തി സൂക്ഷിച്ചതെന്നാണു പൊലീസ് നിഗമനം.

നടിയെ പീഡിപ്പിക്കാനും പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും നിർദ്ദേശം നൽകിയത് ദിലീപാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദിലീപിന് അപ്പുറം വമ്പൻ സ്രാവ് കേസിലുണ്ടെന്ന അഭ്യൂഹം നിലവിലുണ്ട്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ റിക്കോർഡ് ചെയ്ത മൊബൈൽ കണ്ടെത്താനുള്ള ശ്രമവും തുടരും. ദിലീപിനെതിരെ ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, ഉൾപ്പടെ ഒൻപതോളം വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാകും കുറ്റപത്രം സമർപ്പിക്കുക. കുറ്റപത്രം സമർപ്പിച്ചാലും കേസിൽ പൊലീസിന്റെ അന്വേഷണം അവസാനിക്കാൻ സാധ്യതയില്ല. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും അവ പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വിശദീകരിക്കുന്നു. മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഫോണിലെ ദൃശ്യങ്ങൾ പുറത്തുവന്നാൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് സൃഷ്ടിക്കുമെന്നുമുള്ള കാര്യം കൂടി ചൂണ്ടിക്കാട്ടിയാവും അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.

കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിൽ ആദ്യ കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിച്ചിരുന്നത്.പൾസർ സുനി ഉൾപ്പടെ 7 പേരെ പ്രതിചേർത്താണ് അന്ന് കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കുറ്റപത്രത്തിൽ സൂചിപ്പിച്ചിരുന്നു. തുടരന്വേഷണത്തിലാണ് ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ ദിലീപാണെന്ന് കണ്ടെത്തിയത്. ഇനി മൊബൈൽ ഫോൺ കണ്ടെത്തനുള്ള അന്വേഷണം തുടരുമെന്നാകും അനുബന്ധ കുറ്റപത്രത്തിൽ സൂചിപ്പിക്കുക. ഈ അന്വേഷണം വമ്പൻസ്രാവിലേക്ക് എത്തിക്കാനാണ് നീക്കം. പൾസർ സുനിക്കെതിരെ ആദ്യ കുറ്റപത്രം നൽകുമ്പോൾ തന്നെ ദിലീപിലേക്കുള്ള സൂചന ലഭിച്ചിരുന്നു. എന്നാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയാൽ പൾസറിന് ജാമ്യം കിട്ടും. ഇതൊഴിവാക്കാനായിരുന്നു ദിലീപിലേക്കുള്ള അന്വേഷണ സാധ്യത തുറന്ന് ആദ്യ കുറ്റപത്രം നൽകിയത്.