കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ഉടൻ തയ്യാറാക്കാനാണ് പൊലീസിന്റെ നീക്കം. ദിലീപിനെ ഒന്നാം പ്രതിയാക്കി പഴുതില്ലാത്ത കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കമാണ് സജീവമായിരിക്കുന്നത്. എന്നാൽ, പൊലീസ് വാദങ്ങളെ ചെറുക്കാൻ വേണ്ട മറുവാദങ്ങൽ ഉന്നയിച്ചും ദിലീപ് രംഗത്തെത്തി. ഇതിനായി പ്രധാനമായി ദിലീപ് ശ്രമിക്കുന്നത് കുറ്റപത്രത്തിൽ ദിലീപ് ഗൂഢാലോചനയിൽ പങ്കെടുത്തു എന്നു പറുന്ന സ്ഥലങ്ങളിൽ താരം ഉണ്ടായില്ലെന്ന് തെളിയിക്കാനുള്ള അലീബി തന്ത്രങ്ങളാണ്. പ്രതിഭാഗം ഉന്നയിക്കാനിടയുള്ള 'ആലീബി' വാദത്തിനു കുറ്റപത്രത്തിൽ തന്നെ പാഠഭേദം ഒരുക്കിയാണു പൊലീസിന്റെ നീക്കം.

കുറ്റകൃത്യം നടക്കുമ്പോൾ പ്രതി മറ്റൊരിടത്തായിരുന്നുവെന്ന വാദമാണിത്. 'ആലീബി' ഉന്നയിക്കുന്നതോടെ അതു തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രതിഭാഗത്തിനാവും. ഏതു കുറ്റകൃത്യങ്ങളിലും പ്രതിഭാഗം 'ആലീബി' വാദം ഉന്നയിക്കാറുണ്ട്. ഇത്തരം കുറ്റകൃത്യം നടക്കാറുള്ളത് ഏതെങ്കിലും ഒരു ദിവസം പ്രത്യേക സമയത്താണ്. എന്നാൽ, ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു കൊണ്ടാകും പൊലീസിന് ഇക്കാര്യത്തിൽ മറുപടി നൽകാനുള്ളത്.

എന്നാൽ, നടിയെ ഉപദ്രവിച്ച കേസിൽ നടൻ ദിലീപിനെതിരെ ഉന്നയിക്കുന്ന ഗൂഢാലോചന പൊലീസ് കണ്ടെത്തിയിരിക്കുന്നതു നാലു ദിവസങ്ങളിൽ നാലു സമയങ്ങളിലാണ്. അതുകൊണ്ടുതന്നെ പ്രതിക്ക് 'അലീപി' ഉന്നയിച്ചു തെളിയിക്കുക എളുപ്പമല്ല. കുറ്റകൃത്യം നടന്ന കഴിഞ്ഞ ഫെബ്രുവരി 17 നു രാത്രി എട്ടരയ്ക്കും ഒൻപതിനും ഇടയിൽ ദിലീപ് എവിടെയാണെന്നത് ഈ കേസിൽ പ്രസക്തമല്ല. എന്നാൽ, കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത സുനിൽകുമാർ (പൾസർ സുനി) അടക്കമുള്ള പ്രതികളുടെ കാര്യത്തിൽ ഇതു പ്രസക്തമാണുതാനും.

കേസിൽ നിന്നും തടിയൂരാൻ വേണ്ടി കേസിൽ ദൃശ്യം മോഡൽ തന്ത്രങ്ങളാണ് ദിലീപ് പയറ്റുന്നത്. ഇതിന് വേണ്ടിയാണ് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും വ്യക്തമാണ്. കേസിൽ ദിവസങ്ങളും സ്ഥലങ്ങളും കേസിൽ നടൻ ദിലീപും സുനിൽകുമാറും ഗൂഢാലോചന നടത്തിയതായി പൊലീസ് ഉന്നയിക്കുന്ന ദിവസങ്ങളും സ്ഥലങ്ങളും. ഇവയിൽ ഏതെങ്കിലും ഒന്നിന് ആലബൈ ഉന്നയിക്കാൻ കഴിഞ്ഞാൽപോലും പ്രതിഭാഗത്തിനു നേട്ടമാവും.

2013 മാർച്ച് 26 നും ഏപ്രിൽ ഏഴിനും ഇടയിൽ: എറണാകുളത്തെ ഹോട്ടൽ അബാദ് പ്ലാസയിലെ 410 ാം നമ്പർ മുറിയിൽ രാത്രി ഏഴിനും ഒൻപതിനും ഇടയിൽ പൾസറും ദിലീപും കൂടിക്കാഴ്‌ച്ച നടത്തിയെന്നാണ് ഒന്നാമത്തെ വാദം. 2016 നവംബർ എട്ട്: എറണാകുളം തോപ്പുംപടി സിഫ്റ്റ് ജംക്ഷനിലെ സിനിമാ ഷൂട്ടിങ് സ്ഥലം, 2016 നവംബർ 13: തൃശൂർ കിണറ്റിങ്കൽ ടെന്നിസ് ക്ലബിൽ നിർത്തിയിട്ട കാരവനു സമീപം പ്രതികൾ പരസ്പരം സംസാരിച്ചു, 2016 നവംബർ 14: തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചും ഗൂഢാലോചന നടത്തിയെന്നും ഗൂഢാലോചന ആരോപിച്ച് പൊലീസ് പറയുന്ന കാര്യങ്ങളാണ്.

അതേസമയം കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നു ചൂണ്ടിക്കാട്ടി നടൻ ദിലീപ് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് ഉടൻ പരാതി നൽകുമെന്നും അറിയുന്നു. തന്നെ തേജോവധം ചെയ്യാൻ മനഃപൂർവം കെട്ടിച്ചമച്ച കേസാണിതെന്നാണു ദിലീപിന്റെ വാദം. കൃത്രിമമായും ഭീഷണിപ്പെടുത്തിയുമാണ് അന്വേഷണസംഘം തെളിവുകളുണ്ടാക്കുന്നത്. അതിനാൽ, അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി പുതിയ സംഘത്തെക്കൊണ്ടോ ക്രൈംബ്രാഞ്ചിനെക്കൊണ്ടോ കേസ് അന്വേഷിപ്പിക്കണമെന്നും ദിലീപ് പരാതിയിൽ ഉന്നയിക്കും.

തനിക്കെതിരേ വീണ്ടും കള്ളക്കേസുകളുണ്ടാക്കി ജയിലിലടയ്ക്കാനുള്ള നീക്കമാണു പൊലീസ് ആസൂത്രണം ചെയ്യുന്നത്. തന്റെ സിനിമാഭാവി എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണിതിനു പിന്നിൽ. തന്റെ പുതിയ സിനിമ സൂപ്പർഹിറ്റായ സാഹചര്യത്തിൽ ഭാവി തകർക്കുകയാണു ലക്ഷ്യം. താൻ നേരത്തേ ഡി.ജി.പിക്കു നൽകിയ കത്തിൽ പറയുന്ന കാര്യങ്ങളൊന്നും ഇതുവരെ അന്വേഷിച്ചിട്ടില്ല. ആരൊക്കെയോ അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു.

പൾസർ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡി.ജി.പിയെ അറിയിച്ചിരുന്നു. പരാതി നൽകാൻ 20 ദിവസം െവെകിയെന്ന പൊലീസ് നിലപാട് തെറ്റാണെന്നും കെട്ടുകഥകൾ ഉണ്ടാക്കുകയാണെന്നും പാതിയിൽ ചൂണ്ടിക്കാട്ടും. തന്നെ പ്രതിയാക്കിയതിനും അറസ്റ്റ് ചെയ്തതിനും പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. സിനിമാരംഗത്തെ ചിലർ രാഷ്ട്രീയ-മാധ്യമ പിന്തുണയോടുകൂടി വേട്ടയാടുകയായിരുന്നു. ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാവും ദിലീപ് ആവശ്യപ്പെടുക.

ഒന്നാംപ്രതി പൾസർ സുനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദിലീപ് ആണയിടുന്നു. ചെയ്യാത്ത കുറ്റത്തിനാണു ക്രൂശിക്കപ്പെടുന്നത്. ഇത് അസഹനീയമാണ്. തനിക്കെതിരേ ഒരു തെളിവുമില്ല. ഒരേ ടവർ ലൊക്കേഷനു കീഴിലുണ്ടായിരുന്നെന്ന പേരിൽ സുനിയുമായിച്ചേർന്നു ഗൂഢാലോചന നടത്തിയെന്നു പറയാനാവില്ല.

ടവർ ലൊക്കേഷൻ മൂന്നുകിലോമീറ്റർ ചുറ്റളവു വരെയാകാം. ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്നെന്നത് ഗൂഢാലോചനയ്ക്കുള്ള തെളിവാകില്ല. പൊലീസ് ഒമ്പത് ഫോണുകൾ കണ്ടെടുത്തെങ്കിലും അവയിൽനിന്നൊന്നും തന്റെ കോൾ പോയതായി കണ്ടെത്താനായിട്ടില്ല. സാക്ഷികളെയുണ്ടാക്കാൻ പൊലീസ് കഥ മെനയുകയാണ്. പൾസർ സുനി ഒട്ടേറെ കേസുകളിൽപ്പെട്ടയാളാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചാണു പൊലീസ് തന്നെ കുരിശിലേറ്റാൻ ശ്രമിക്കുന്നത്.

സുനിൽ ജയിലിൽനിന്ന് എഴുതിയെന്നു പറയുന്ന കത്ത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണു സുനിൽ പറയുന്നത്. അതിൽ സത്യമുണ്ടെങ്കിൽ പണം കൊടുത്തു കേസ് ഒതുക്കാനല്ലേ ശ്രമിക്കുക. സംഭവത്തിലെ യാഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തന്റെ വാക്കുകൾകൂടി വിശ്വാസത്തിലെടുക്കണമെന്നും പരാതിയിലുന്നയിക്കും.

ഫെബ്രുവരി 14 മുതൽ 17 വരെ ദിലീപ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി ദിലീപിനെ ചികിത്സിച്ച അൻവർ ആശുപത്രിയിലെ ഡോ. െഹെദരാലി പറഞ്ഞു. പനിയുമായി ബന്ധപ്പെട്ട് രാവിലെ ആശുപത്രിയിൽ വന്ന് കുത്തിവയ്പ് എടുക്കുകയും ഡ്രിപ്പിട്ട് വിശ്രമിച്ചശേഷം െവെകിട്ട് തിരിച്ചുവീട്ടിൽ പോകുകയുമായിരുന്നു. രാത്രിയിൽ നഴ്സ് വീട്ടിലെത്തി കുത്തിവയ്പ് നൽകുകയായിരുന്നു പതിവ്. 17 ന് രാവിലെ വരെയായിരുന്നു ആശുപത്രിയിലെത്തിയിരുന്നത്. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യാത്തതിനാൽ ഒ.പി. ചീട്ട് മാത്രമാണ് ഉപയോഗിച്ചിരുന്നത്. അതെല്ലാം മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ കൊണ്ടുപോയിട്ടുണ്ട്. നടന്റെ ചികിത്സയുമായി ബന്ധപ്പെട്ട് തന്നെ പലതവണ ചോദ്യം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.