കൊച്ചി: നടൻ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യ കാവ്യാമാധവനും സുഹൃത്ത് നാദിർഷയും പ്രോസിക്യൂഷൻ സാക്ഷികളാകും. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരേയും സാക്ഷിയാക്കണമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. എന്നാൽ മഞ്ജു വാര്യർ ഇനിയും സമ്മതം അറിയിച്ചിട്ടില്ല. ഇവർക്ക് പുറമേ ദിലീപിന്റെ മാനേജർ അപ്പുണ്ണി ഉൾപ്പെടെ അനേകരാണ് സാക്ഷിപ്പട്ടികയിൽ ഉള്ളത്. അപ്പുണ്ണി നൽകിയിരിക്കുന്ന മൊഴി ദിലീപിനെതിരാകുമെന്നും സൂചനയുണ്ട്. കാവ്യയേയും നാദിർഷായേയും ചോദ്യം ചെയ്യുന്നത് പൾസർ സുനിയേയും ദിലീപിനേയും ബന്ധിപ്പിക്കുന്നതിനാണ്. റിമി ടോമി നൽകിയ രഹസ്യമൊഴിയും ദിലീപിനെ കുടുക്കാൻ പോന്നതാണെന്ന് പ്രോസിക്യൂഷൻ വിലയിരുത്തുന്നു. സാക്ഷികളുടെ കാര്യത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോടും നിർദ്ദേശം തേടും. കുറ്റപത്രം തയ്യാറാക്കി ഡിജിപിയുടെ അനുമതി വാങ്ങിയ ശേഷമേ കോടതിയിൽ സമർപ്പിക്കൂവെന്നാണ് സൂചന.

ഇരുപതിലേറെ നിർണായക തെളിവുകൾ കുറ്റപത്രത്തിൽ ഉണ്ടെന്നാണ് സൂചന. മജിസ്‌ട്രേറ്റിനു മുന്നിൽ പൾസർ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവർ അടക്കം പതിനാറു പേർ നൽകിയ രഹസ്യമൊഴികൾ കേസിൽ നിർണായകമാകും. ഈ രഹസ്യമൊഴികൾ, കുറ്റസമ്മത മൊഴികൾ, സാക്ഷിമൊഴികൾ, സൈബർ തെളിവുകൾ, ഫൊറൻസിക് റിപ്പോർട്ടുകൾ, സാഹചര്യത്തെളിവുകൾ, നേരിട്ടുള്ള തെളിവുകൾ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമർപ്പിക്കും. ഇതിൽ പലതും പ്രതികളുടെ ജാമ്യാപേക്ഷ വേളയിൽ മുദ്രവച്ച കവറിൽ കോടതിയിൽ നേരിട്ടു സമർപ്പിച്ചവയാണ്. കേസിന്റെ പ്രധാന്യവും സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന നിലയിലും പ്രതികളുടെ സമൂഹത്തിലെ സ്വധീനവും സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാർശയും അന്വേഷണ സംഘം ഉന്നയിക്കുമെന്നാണ് വിവരം.

ഒരു തെളിവ് സാധൂകരിക്കാൻ മാത്രം അഞ്ചും ആറും ഉപതെളിവുകളും നല്കിയിട്ടുണ്ട്. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇത്തരം കാര്യങ്ങൾ സാധൂകരിക്കാൻ വേണ്ടിയാണ് കാവ്യയേയും നാദിർഷായേയും സാക്ഷികളാക്കുന്നത്. പൾസർ സുനി ജയിലിൽ നിന്ന് ഫോൺ ചെയ്തത് നാദിർഷായെയാണ്. ഇതുൾപ്പെടെയുള്ളവയിലെ കള്ളത്തരങ്ങൾ പൊളിക്കാനാണ് നാദിർഷായേയും കാവ്യയേയും സാക്ഷികളാക്കുന്നത്. എന്നാൽ ഈ സാക്ഷികൾ ദിലീപിന് അനുകൂലമായി മാത്രമേ മൊഴി നൽകൂ. അതുകൊണ്ട് തന്നെ ഇവരെ പ്രോസിക്യൂഷൻ സാക്ഷിയാക്കുന്നത് എതിരാകുമെന്ന വിലയിരുത്തലുമുണ്ട്. കേസിൽ പ്രതിയാകേണ്ട ഇവരെ സാക്ഷിയാക്കുന്നത് എങ്ങനെയെന്ന ചോദ്യം ചില കോണുകൾ ഉയർത്തുന്നു. സാഹചര്യതെളിവുകളും സാക്ഷി മൊഴികളുമൊക്കെ ആവശ്യത്തിന് രേഖപ്പെടുത്തിയിട്ടുണ്ട്. ചെറിയ പിഴവ് പോലും പ്രതി രക്ഷപ്പെടാൻ ഇടയാക്കുമെന്നിരിക്കെ പഴുതടച്ചുള്ള കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം.

ആദ്യം നടത്തിയ ചോദ്യം ചെയ്യലിൽ പലകാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്ന് കാണിച്ച് നാദിർഷയെയും കാവ്യയേയും രണ്ടാം തവണ ചോദ്യം ചെയ്യാനും അന്വേഷണസംഘം തയ്യാറെടുത്തിരുന്നു. എന്നാൽ ഇതിനിടയിൽ കാവ്യാമാധവൻ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടുകയായിരുന്നു. നാദിർഷയെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നീക്കം ഉപേക്ഷിക്കുകയുമായിരുന്നു. ഇനി കാവ്യയേയും നാദിർഷായേയും ചോദ്യം ചെയ്യാൻ വിളിക്കില്ല. ദിലീപിനെതിരായ തെളിവുകളുടെ വിശകലനമാണ് നടക്കുന്നത്. ദിലീപിനെ ഒന്നാം പ്രതിയാക്കേണ്ടെന്ന വിലയിരുത്തലിലും അന്വേഷണ സംഘം എത്തിയിട്ടുണ്ട്. കുറ്റപത്രത്തിൽ നേരത്തേ ദിലീപിനെ ഒന്നാംപ്രതിയാക്കുന്നതിനുള്ള നിയമോപദേശം തേടിയിരുന്നു. കുറ്റം ചെയ്യുന്നതിന് തുല്യമാണ് ഗൂഢാലോചന എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഏറ്റവും അവസാനമായി കഴിഞ്ഞ ദിവസം പൾസർ സുനിയുടെ മാതാവിന്റെ ബാങ്ക് ബാലൻസ് സംബന്ധിച്ച കാര്യങ്ങളാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. ഇതിനായി കഴിഞ്ഞ ദിവസം സുനിയുടെ മാതാവിനെയും ബന്ധുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസിലെ തൊണ്ടിമുതലായ മൊബൈൽഫോൺ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ശാസ്ത്രീയമായ തെളിവുകൾ മുൻ നിർത്തിയാണ് കുറ്റപത്രം തയ്യാറാകുന്നത്. 11 പ്രതികളുള്ള കേസിൽ 26 ലധികം രഹസ്യമൊഴികളും 20 ലധികം നിർണ്ണായക തെളിവുകളും അന്വേഷണസംഘം രേഖപ്പെടുത്തിയതായിട്ടാണ് വിവരം.

ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് മറ്റ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണമാവും. ഇതാണ് ദിലീപിനെ കേസിലെ ഏഴാം പ്രതിയായി കുറ്റപത്രം തയ്യാറാക്കുന്നത്. പൾസർ സുനിയടക്കം 7 പ്രതികൾക്കെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഇതിൽ ആദ്യ ആറ് പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു. ഏഴാം പ്രതി ചാർളി, കുറ്റകൃത്യത്തിന് ശേഷം പ്രതികൾക്ക് ഒളിത്താവളം ഒരുക്കുന്നതിനാണ് പിടിയിലായത്. ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നാം പ്രതിയാക്കാനുള്ള നീക്കം പൊലീസ് ദിലീപിനെതിരെ വൈകാരികമായി നീങ്ങുന്ന എന്ന് സന്ദേശവും നൽകും. ഇത് ഒഴിവാക്കാനാണ് ശ്രമമെന്ന് പൊലീസ് വിശദീകരിക്കുന്നു. അതിനിടെ കുറ്റപത്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം പൊലീസിലുണ്ടെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടാണ് ദിലീപിന്റെ പ്രതിസ്ഥാനത്തിൽ പോലും തീരുമാനം എടുക്കാൻ കഴിയാത്തതെന്നാണ് സൂചന.

120 ബി വകുപ്പ് അനുസരിച്ച് ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടാൽ, നേരിട്ട് കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതികൾക്ക് ലഭിക്കുന്ന അതേശിക്ഷ ദിലീപിനും കിട്ടും. അതുകൊണ്ട് പ്രതിപ്പട്ടികയിൽ ഏത് സ്ഥാനത്ത് വരുന്നുവെന്നതിൽ കാര്യമില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. ഗൂഢാലോചന സംബന്ധിച്ച കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണഅ സൂചന. നടൻ ദിലീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്താണ് പൾസർ സുനിയും സംഘവും കൃത്യം ചെയ്തതെന്ന ഉള്ളടക്കത്തോടെയാകും കുറ്റപത്രം. ആക്രമണത്തിനു മുന്നോടിയായി ഇതിന്റെ ഗൂഢാലോചനയ്ക്ക് പലവട്ടം ദിലീപ് നേതൃത്വം നൽകിയെന്ന് പറയുന്ന കുറ്റപത്രത്തിൽ കേസിൽ ഒന്നാംപ്രതി പർസർ സുനിക്കെതിരെ ചുമത്തിയ ബലാൽസംഗം അടക്കമുള്ള കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്. ഇതുവരെ പുറത്തുവരാത്ത നിർണായക തെളിവുകൾ ഉൾപ്പെടെയുള്ള കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുക. അതേസമയം, കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പ് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ചില നിണായക നീക്കങ്ങൾ അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സൂചനയുണ്ട്.

ഫെബ്രുവരി 17ന് രാത്രിയാണ് പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം യുവനടിയെ ആക്രമിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. കേസിൽ അറസ്റ്റിലായ സുനി ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കുറ്റപത്രം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസിലാണ് ഇപ്പോൾ കുറ്റപത്രം നൽകുന്നത്. മൂന്നു മാസത്തോളം ജയിലിൽ കഴിഞ്ഞ ദിലീപ് ഇപ്പോൾ ജാമ്യത്തിലാണ്. അതിനിടെ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ച സംഭവത്തിൽ നടൻ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു. സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ദിലീപിനു പൊലീസ് നോട്ടീസ് നൽകിയിരുന്നു.

ദിലീപിന്റെ വിശദീകരണത്തിൽ തൃപ്തി അറിയിച്ച പൊലീസ്, സുരക്ഷാ ഏജൻസിക്കു ലൈസൻസ് ഉണ്ടെങ്കിൽ ആയുധങ്ങൾ ഉപയോഗിക്കാമെന്നും വ്യക്തമാക്കി. ആയുധങ്ങൾ കൊണ്ടുവരുമ്പോൾ പൊലീസിനെ മുൻകൂട്ടി അറിയിക്കണം. എന്നാൽ ദിലീപ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ആലുവ റൂറൽ എസ്‌പി എ.വി. ജോർജ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താൻ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും, സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നുമാണു ദിലീപ് കഴിഞ്ഞദിവസം പറഞ്ഞത്. ഏജൻസിയുമായി കൂടിയാലോചനകൾ മാത്രമാണു നടന്നതെന്നും നടൻ വിശദീകരിച്ചു. ആലുവ പൊലീസ് ഞായറാഴ്ചയാണു ദിലീപിനു നോട്ടിസ് നൽകിയത്.