കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡൈവർ മാർട്ടിന് മൊഴി മാറ്റിയതോടെ കൂടുതൽ ആത്മവിശ്വാസത്തിൽ ദിലീപ് ക്യാമ്പ്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ നിന്ന് എടുത്തതാണെന്ന വാദം കോടതിയിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. കേസിലെ കുറ്റപത്രം ചോദ്യംചെയ്ത് നടൻ ദിലീപ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ കുറ്റപത്രത്തിൽനിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തിൽ കാര്യങ്ങൾ പറയുന്നതെന്ന് ദിലീപ് പരാതിപ്പെട്ടുന്നു. ഇതിനൊപ്പം സോഷ്യൽ മീഡിയയിലും നടന് അനുകൂലമായ പ്രചരണം ദിലീപ് ശക്തമാക്കുകയാണ്.

ദിലീപ് ഓൺലൈനിലൂടെയാണ് കേസിൽ നിലപാട് വിശദീകരണം പുറത്തുവരുന്നത്. ഫാൻസ് പേജാണെങ്കിലും ദിലീപിന്റെ മനസ്സ് തന്നെയാണ് പ്രതിഫലിക്കുന്നത്. സത്യം എത്ര മറച്ചു വച്ചാലും ഒരു നാൾ അത് പുകമറ നീക്കി പുറത്തു വരും.. അതിനു ദൈവം എന്തെങ്കിലും ഒരു അടയാളം ബാക്കി വെച്ചിട്ടുണ്ടാകും.ഒരുത്തനെ ഇല്ലാതാക്കാൻ ശത്രുക്കൾ കച്ചകെട്ടി തിരക്കഥ ഉണ്ടാക്കി ഇറങ്ങിയപ്പോൾ അതിന്റെ ക്ലൈമാക്‌സ് അത് ദൈവം തീരുമാനിക്കും. ഈ അവസരത്തിൽ മുൻ ഡിജിപി സെൻകുമാറും എംഎൽഎ പിസി ജോർജും പറഞ്ഞത് ഒക്കെ ഒന്നു ഓർത്തു പോകുക ആണ്-ഇതാണ് ദിലീപ് ഓൺലൈനിലൂടെ അവസാനം പുറത്തുവന്ന വിശദീകരണം. ഇതിനൊപ്പമാണ് കേസിലും ദിലീപ് നിർണ്ണായക നീക്കങ്ങൾ നടത്തുന്നത്.

എല്ലാ തെളിവുകളും തനിക്ക് കിട്ടിയേ തീരൂവെന്ന നിലപാടിൽ ദിലീപ് ഉറച്ചു നിൽക്കും. ഓടുന്ന വാഹനത്തിൽ അല്ല പീഡനം നടന്നതെന്ന് ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. ഈ ദൃശ്യങ്ങൾ ഗൂഢാലോചനയുടെ ഫലവുമാണെന്ന് ദിലീപ് പറയുന്നു. ഈ സാഹചര്യത്തിൽ ദൃശ്യത്തെളിവിനായുള്ള പോരാട്ടം ശക്തമാക്കും. വിചാരണ കോടതി ഈ ആവശ്യം തള്ളിയാൽ ഹൈക്കോടതിയിൽ ഹർജി നൽകും. ഏത് അറ്റം വരെ പോയും ദൃശ്യത്തെളിവ് സ്വന്തമാക്കാനാണ് തീരുമാനം. അതിനിടെ മകൾ മീനാക്ഷിയെ സാക്ഷിയാക്കേണ്ടതില്ലെന്ന നിലപാടിൽ ദിലീപ് എത്തിക്കഴിഞ്ഞു. പൊലീസിന്റെ ഗൂഢാലോചനാ വാദം അല്ലാതെ തന്നെ പൊളിക്കാനാകുമെന്നാണ് വിലയിരുത്തൽ. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനമാണ് നടിയുടെ ആക്രമത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. ഇത് പൊളിക്കാൻ പ്രതിഭാഗം സാക്ഷിപട്ടികയിൽ മീനാക്ഷിയെ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ മകളെ കോടതിക്കൂട്ടിൽ കയറ്റാൻ ദിലീപ് തയ്യാറല്ല.

അതിനിടെ കേസിൽ ദിലീപിന് അനുകൂല വാർത്തകൾ പ്രത്യക്ഷപ്പെടുന്ന സിനിമാ ലോകത്തും ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. കോടതിയിൽ നടന് എതിരായ മൊഴി കൊടുക്കുന്നതിനെ കുറിച്ച് പല പ്രമുഖ താരങ്ങൾക്കും അഭിപ്രായ വ്യത്യാസമുണ്ട്. ദൃശ്യത്തെളിവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദിലീപ് സജീവമാക്കുന്നതും ഈ സാഹചര്യത്തിലാണ്. കേസിൽ രക്ഷപ്പെടാനുള്ള പഴുതെല്ലാം ഉണ്ടെന്ന് രാമൻപിള്ള വക്കീൽ ദിലീപിനെ ബോധിപ്പിച്ചു കഴിഞ്ഞു. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷൻ പറഞ്ഞതിനു വിപരീതമാണ്. ഒന്നാം പ്രതിയായ പൾസർ സുനിയും പൊലീസും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ട്. പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാർഡാണ് കോടതിയിൽ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരിക്കുന്നതെന്നും രാമൻപിള്ള വിലയിരുത്തുന്നു

ഈ മെമ്മറി കാർഡിലെ സ്ത്രീശബ്ദത്തെ കുറിച്ച് അന്വേഷണം ഒന്നും നടന്നിട്ടില്ല. മെമ്മറി കാർഡിൽ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ചില സമയങ്ങളിൽ ഈ സ്ത്രീശബ്ദം കേൾക്കാൻ കഴിയുന്നുണ്ട്. ചില നിർദ്ദേശങ്ങളാണ് സ്ത്രീ നൽകുന്നത്. കേസിൽ മാഡമുണ്ടെന്നതിന് തെളിവാണ് ഇത്. മാഡത്തിലേക്ക് പൊലീസ് അന്വേഷണം കൊണ്ടു പോകാത്തത് ആരുടേയോ ഇടപെടൽ മൂലമാണ്. വമ്പൻ സ്രാവ് കേസിൽ ഉണ്ടെന്ന മാധ്യമ വാർത്തകളും ദിലീപ് ക്യാമ്പ് ഉയർത്തും. ആരേയോ രക്ഷിക്കാനായി തന്നെ സമർത്ഥമായി പൊലീസ് കുടുക്കിയെന്ന വാദമാകും ദിലീപ് ഉയർത്തുക.

ഈ കുറ്റപത്രം നിരസിക്കണം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽവെച്ച് ചിത്രീകരിച്ചതായാണ് മനസ്സിലാകുന്നത്. ഇതു പ്രോസിക്യൂഷൻ പറയുന്നതിന് വിപരീതമാണെന്നും ദിലീപ് ഹർജിയിൽ പറയുന്നു. കഴിഞ്ഞ മാർച്ചിലാണ് പൊലീസ് ഒന്നാംപ്രതിയുടെ ശബ്ദ സാമ്പിളുകൾ എടുത്തത്. വീഡിയോയിൽ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാൻ വേണ്ടിയായിരുന്നു ഇത്. ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന സംശയമാണ് ദിലീപ് ഇതിലൂടെ ആരോപിക്കുന്നത്.

തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകൾ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിന്റെ പകർപ്പോ രേഖകളോ നൽകിയിട്ടില്ല. ഫൊറൻസിക് റിപ്പോർട്ട് പോലും മറച്ചുവെച്ചതായും ദിലീപ് കുറ്റപ്പെടുത്തുന്നു.