കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇരയെ അപമാനിച്ച് കേസ് ദുർബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പൊലീസ്. ഈ സാഹചര്യത്തിൽ പ്രതിയായ നടൻ ദിലീപിനെതിരേ നിലപാട് കടുപ്പിക്കും. ആവശ്യമെങ്കിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് ശ്രമിക്കും. ദിലീപ് ഫാൻസുകാരുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ഇരയെ അപമാനിക്കുന്ന പ്രചരണങ്ങൾ നടക്കുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും പകർപ്പുകൾ നൽകണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നാകും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുക. ദൃശ്യങ്ങൾ ചോരാൻ സാധ്യയുണ്ടെന്നും വിശദീകരിക്കും.

ഇരയുടെ ജീവതത്തെ തകർക്കാനാണ് ശ്രമം നടക്കുന്നുണ്ട്. ഇതിന് വേണ്ടി പലവിധ കഥകൾ ചമയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ആവശ്യങ്ങൾ അംഗീകരിക്കരുതെന്നും അങ്കമാലി കോടതിയെ പൊലീസ് അറിയിക്കും. ഹർജിയിൽ മറുപടിനൽകാൻ കൂടുതൽ സമയം വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചേക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികതയെപ്പറ്റി ദിലീപ് ഹർജിയിൽ ഉന്നയിച്ച സംശയങ്ങളും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ ചിത്രീകരിച്ചതായാണ് മനസ്സിലാകുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. ശാസ്ത്രീയമായി തന്നെ ദിലീപിന്റെ ഈ വാദം പൊളിക്കാൻ പൊലീസ് ശ്രമിക്കും.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ ഒർജിനൽ പൊലീസിന് കിട്ടിയിട്ടില്ല. എഡിറ്റ് ചെയ്തതാണ് ലഭിച്ചത്. ഈ പഴുതുപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് പ്രതികൾ ഒർജിനൽ നശിപ്പിച്ചതെന്ന നിലപാടിലാണ് പൊലീസ്. അതുകൊണ്ട് തന്നെ ഓടുന്ന വണ്ടിയിൽ അല്ല പീഡനമെന്ന വാദത്തെ പൊലീസ് ഗൗരവത്തോടെ എടുക്കും. വളരെ ആസൂത്രിതമായുള്ള നീക്കമാണ് പ്രതിഭാഗം നടത്തുന്നത്. പ്രോസിക്യൂഷൻ സാക്ഷികൾ സ്വാധീനിക്കപ്പെടുമോ എന്ന സംശയവും പൊലീസിനുണ്ട്. എല്ലാം പ്രോസിക്യൂഷൻ പറയുന്നതിന് നേർ വിപരീതമാണെന്നും ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിലും കൃത്യമായ മറുപടി പറയുന്നതിന് കൂടുതൽ സമയം പൊലീസ് ആവശ്യപ്പെടും.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷൻ പറഞ്ഞതിന് വിപരീതമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഒന്നാംപ്രതിയായ പൾസർ സുനിയും പൊലീസും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടന്നിരിക്കുന്നതെന്നാണ് ദിലീപിന്റെ ആക്ഷേപം. പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രം അടങ്ങിയ മെമ്മറികാർഡാണ് കോടതിയിൽ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നുണ്ട്. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് സ്ഥാപിക്കാൻ ശക്തമായ തെളിവുകളുമായിട്ടായിരിക്കും പൊലീസ് കോടതിയെ സമീപിക്കുന്നത്. കേസിൽ മാർട്ടിന്റേതായി പുറത്തു വരുന്ന രഹസ്യ മൊഴിയും ഇരയ്ക്ക് എതിരാണ്. ബോധപൂർവ്വം ചില ഇടപെടലുകൾ നടക്കുന്നുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം.

അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിലെ അനുബന്ധ കുറ്റപത്രം ചോർന്ന സംഭവം, പുറംലോകം അനാവശ്യമായി വിഷയം ചർച്ചചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നു കോടതി നിർദ്ദേശിച്ചു. കുറ്റപത്രത്തെ സംബന്ധിച്ചു പൊതുസമൂഹത്തിൽ ചർച്ചയുണ്ടായി. ഇത്തരത്തിലുള്ള ചർച്ച കേസിനെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. ദിലീപ് നൽകിയ പരാതിയുടെ ആദ്യഘട്ടത്തിലെ വാദത്തിൽ ഇതു സംബന്ധിച്ച് അന്വേഷണസംഘം കോടതിയിൽ വിശദീകരണം നൽകിയിരുന്നു. എന്നാൽ, പിന്നീടു തുടർച്ചയായി കുറ്റപത്രത്തിലെ മൊഴികൾ അതേപടി പുറത്തുവന്നതും ചർച്ചയായി.

കുറ്റപത്രം ചോർന്ന സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോടു വിശദീകരണം തേടണമെന്നായിരുന്നു ദിലീപിന്റെ പരാതി. ഈ പരാതി ഇന്നലെ അനുവദിച്ച് ഉത്തരവാകുകയായിരുന്നു. കുറ്റപത്രത്തിനൊപ്പം പൊലീസ് കോടതിയിൽ നൽകിയ രേഖകളുടെയും നടിയെ ഉപദ്രവിക്കുന്ന വിഡിയോ ദൃശ്യങ്ങളുടെയും പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ രണ്ട് അപേക്ഷകളും പ്രോസിക്യൂഷൻ ഭാഗം കേൾക്കാനായി 22ലേക്കു മാറ്റിയിട്ടുണ്ട്. നടിയെ ഉപദ്രവിച്ചെന്ന കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനുശേഷം കോടതി പരിശോധനകൾ തുടങ്ങുംമുൻപുതന്നെ കുറ്റപത്രം പുറത്തു ചർച്ചയായിരുന്നു.

കേസിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് ആദ്യഘട്ടം മുതൽ ഈ കേസിന്റെ എല്ലാ വാദങ്ങളും അടച്ചിട്ട മുറിയിലാണു നടത്തിയത്. എന്നാൽ, അന്വേഷണസംഘം പഴുതുകൾ അടച്ചു തയാറാക്കിയ കുറ്റപത്രം പൊതുസമൂഹത്തിൽ ചർച്ചയായി. ഇക്കാര്യത്തിൽ ദിലീപിന്റെ നിലപാട് അംഗീകരിക്കുന്നതായിരുന്നു കോടതി വിധി. ഇതിന് പിന്നാലെയാണ് ഇരയെ അപമാനിക്കുന്ന തരത്തിലെ ഇടപെലുകൾ ശക്തമായത്.