അങ്കമാലി: നടിയെ ഉപദ്രവിച്ച കേസിലെ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ 31നു കോടതിയിൽ ഹാജരാകണം. കസ്റ്റഡിയിലുള്ള മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) ഉൾപ്പെടെയുള്ള പ്രതികളുടെ റിമാൻഡ് 31 വരെ നീട്ടി. ദൃശ്യങ്ങൾ നൽകണമെന്ന ദിലീപിന്റെ അപേക്ഷയിലെ വാദം ഇന്നു തുടരും. ജാമ്യം ലഭിച്ച പ്രതികളിൽ നടൻ ദിലീപ്, ചാർലി, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ ഇന്നലെ ഹാജരാവില്ലെന്നു കോടതിയെ അറിയിച്ചിരുന്നു. ദിലീപും ഹാജരാകാൻ കഴിയില്ലെന്ന് പറഞ്ഞ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.

നടിയെ ആക്രമിക്കുമ്പോൾ ഡ്രൈവറായിരുന്ന താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൽനിന്നുള്ള കോൾ വിവരങ്ങളും മെസേജുകളും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചതിന്റെ പകർപ്പ് രണ്ടാം പ്രതി മാർട്ടിൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത്തരത്തിലുള്ള രേഖകൾ അന്വേഷണസംഘം സമർപ്പിച്ചിട്ടില്ലെന്ന് കോടതി അറിയിച്ചു. കേസിലെ എല്ലാ പ്രതികളും 31-ന് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അന്ന് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിക്കൊണ്ട് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടേക്കും. സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക.

സെഷൻസ് കോടതിയിലേക്ക് കേസ് എത്തുമ്പോൾ ദിലീപ് വീണ്ടും കോടതിയിലെത്തി ജാമ്യം എടുക്കേണ്ടി വരും. ഈ സമയത്ത് ദിലീപിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ് ആവശ്യം ഉന്നയിക്കും. പ്രോസിക്യൂഷൻ ഇതിനുള്ള നിയമ ഉപദേശം തേടുന്നുണ്ട്. ഇരയെ അപമാനിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് ആരോപണം. അതിനിടെ ദിലീപും കരുതലോടെ മറുതന്ത്രങ്ങൾ പയറ്റുന്നുണ്ട്. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ നൽകണമെന്ന ദിലീപിന്റെ ഹർജിയിലെ വിധി അതിനിർണ്ണായകമാകും. ദൃശ്യങ്ങൾ കിട്ടിയില്ലെങ്കിൽ ദിലീപ് ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.

കേസ് എത്രയും പെട്ടെന്ന് വിചാരണക്കോടതിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും എന്നാൽ ചില പ്രതികൾ ഹാജരാകാത്തതിനാൽ കേസ് മാറ്റിവെക്കുകയായിരുന്നെന്നും പൾസർ സുനിയുടെ അഭിഭാഷകനായ അഡ്വ. ബി.എ.ആളൂർ പറഞ്ഞു. കേസ് സെഷൻസ് കോടതിയിൽ എത്തിയാലേ വിചാരണത്തടവുകാർക്ക് ജാമ്യം ലഭിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. മാർട്ടിനെതിരെ പൊലീസ് തെളിവ് ഹാജരാക്കിയിട്ടില്ലെന്ന് മാർട്ടിന്റെ അഭിഭാഷകൻ അഡ്വ. എൻ.സുരേഷ്‌കുമാറും പറയുന്നു. പൊലീസ് ഹാജരാക്കിയ മാർട്ടിന്റെ ഫോണിൽ നിന്നുള്ള തെളിവുകൾ ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും അവ മാർട്ടിന്റെ നമ്പറിൽ നിന്നുള്ളവ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മാർട്ടിന്റെ ഫോണിൽ നിന്നെന്ന് പറഞ്ഞ് പൊലീസ് നൽകിയിരിക്കുന്നത് മറ്റൊരു ഫോൺ നമ്പറിൽ നിന്നുള്ള എസ്എംഎസുകളാണ്. 'ഞാൻ മാർട്ടിനാണ്' എന്നു പറഞ്ഞുള്ള മൂന്ന് മെസേജുകളാണ് ആ രേഖകളിലുള്ളത്. ഇത് സംശയാസ്പദമാണ്. മാർട്ടിന്റെ യഥാർത്ഥ നമ്പറിൽ നിന്നുള്ള സന്ദേശങ്ങൾ വല്ലതുമുണ്ടോ എന്ന് കോടതിയോട് ആരാഞ്ഞിട്ടുണ്ട്. ഇതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും സുരേഷ് കുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ആക്രമിക്കപ്പെട്ട ദിവസം നടിയെ തൃശൂരിൽനിന്ന് എറണാകുളത്തേക്ക് കൊണ്ടുവന്ന കാർ ഓടിച്ചിരുന്നത് മാർട്ടിനായിരുന്നു.

ഈ കാറിലാണ് സുനി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ഇടിപ്പിക്കുന്നത്. അതേസമയം, പൾസർ സുനിയാണ് മാർട്ടിനെ സെറ്റിലെത്തിച്ച് നടിയുടെ ഡ്രൈവറാക്കിയതെന്നാണ് പൊലീസ് ആരോപണം.