കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളിൽ നിന്നും ചില സംഭാഷണ ശകലങ്ങൾ അടർത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനാണ് നീക്കം. ഈ ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്ന സംശയം പോലും പൊലീസ് ഉയർത്തുന്നു. കോടതിയുടെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ കാണാൻ പ്രതിഭാഗത്തിനെ അനുവദിച്ചിട്ടു പോലും ദൃശ്യങ്ങളിലെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇരയെ അപകീർത്തിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. ഈ സാഹചര്യത്തിൽ ദൃശ്യങ്ങൾ പ്രതിഭാഗത്തിനു ലഭിച്ചാൽ ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം.

കോടതിയിൽ സമർപ്പിച്ച വിഡിയോ ദൃശ്യങ്ങളിലെ സൂക്ഷ്മ വിവരങ്ങൾ പോലും പ്രതിഭാഗം ഹർജിയിൽ സൂചിപ്പിച്ചിട്ടുള്ളതിനാൽ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ പ്രതിഭാഗത്തിന്റെ കൈവശം ഉണ്ടാകാമെന്ന് പ്രോസിക്യൂഷൻ പറയുന്നു. ഈ സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ അന്വേഷണ സംഘം ഉടൻ തുടങ്ങും. ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. എന്നാൽ ഇത് തന്നെ വീണ്ടും കുടുക്കാനുള്ള പൊലീസ് നീക്കമായി ദിലീപ് കാണുന്നു. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം എങ്ങനെയാണ് കേട്ടതെന്നതിനും ദിലീപിന് വ്യക്തമായ ഉത്തരവുണ്ട്. കുറ്റപത്രത്തിലെ തെളിവുകൾ പരിശോധിക്കാൻ കോടതി അനുവദിച്ചിരുന്നു. അപ്പോഴാണ് ദൃശ്യത്തിലെ ശബ്ദങ്ങൾ കേട്ടത്. അതേ കുറിച്ച് ദിലീപ് പറയുന്നത് ഇങ്ങനെയാണ്.

പൊലീസ് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുവദിച്ചിരുന്നു. അങ്കമാലി മജിസ്‌ട്രേട്ടിന് മുമ്പിൽ ദിലീപും അഭിഭാഷകൻ രാമൻ പിള്ളയും ഒരുമിച്ചെത്തി. എപിപിയും ഉണ്ടായിരുന്നു. ചില ശബ്ദങ്ങളിൽ സംശയമുണ്ടായി. ഇതോടെ അത് സൂക്ഷ്മമായി കേൾക്കാൻ ഹെഡ് ഫോൺ വേണമെന്ന് രാമൻപിള്ള വക്കീൽ ആവശ്യപ്പെട്ടു. മജിസ്‌ട്രേട്ട് അത് അംഗീകരിച്ചു. അങ്ങനെ ഹെഡ് ഫോൺ എത്തി. ആദ്യം ദൃശ്യങ്ങൾ ഹെഡ് ഫോണുപയോഗിച്ച് പരിശോധിച്ചത് മജിസ്‌ട്രേട്ടായിരുന്നു. പിന്നീട് രാമൻ പിള്ള വക്കീലും കേട്ടു. അതിന് ശേഷം ഹെഡ് ഫോണിന്റെ സഹായത്താൽ ദിലീപും ദൃശ്യങ്ങൾ പരിശോധിച്ചു. ഇതാണ് അങ്കമാലി കോടതിയിൽ സംഭവിച്ചത്. എപിപി സാക്ഷിയുമാണ്.

ഹെഡ് ഫോൺ ഉപയോഗിച്ചതു കൊണ്ട് തന്നെ ശബ്ദങ്ങൾ കൃത്യമായി കേൾക്കാനായി. രാമൻ പിള്ള വക്കീലിന്റെ ഇടപെടലാണ് ഇതിന് കാരണമായത്. ഇങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദിലീപ് ദൃശ്യത്തെളിവിന് വേണ്ടി ഹർജി നൽകിയത്. അതും പൊലീസ് മറ്റൊരു തലത്തിൽ കഥ ചമയ്ക്കുന്നു. ദുബായിലേക്കുള്ള ദിലീപിന്റെ യാത്ര ദൃശ്യങ്ങൾ സംഘടിപ്പിക്കാനാണെന്ന് പോലും പറയുന്നു. ഈ ഗൂഢാലോചനയാണ് ദിലീപിനെ കേസിൽ കുടുക്കിയതെന്നാണ് ദിലീപിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഹെഡ് ഫോണിൽ കേട്ട അസ്വാഭാവിക സ്ത്രീ ശബ്ദം പല സംശയങ്ങളും ഉയർത്തുന്നു. നിരപരാധിത്തം തെളിയിക്കാണാണ് ദീലീപ് ശ്രമിക്കുന്നതെന്നാണ് ഇവരുടെ പക്ഷം. ഇതിനായി ദിലീപ് താമസിയാതെ ഹൈക്കോടതിയേയും സമീപിക്കും

ദിലീപിന് നടിയുടെ ദൃശ്യങ്ങൾ നൽകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ദിലീപ് ഹർജി സമർപ്പിച്ചിരുന്നു. കേസിലെ മുഖ്യപ്രതി പൾസർ സുനി പകർത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടപ്രകാരം ഈ തെളിവുകൾ തനിക്ക് ലഭിക്കേണ്ടതാണെന്ന് ഹർജിയിൽ പറയുന്നു. സുനിയുടെ മെമ്മറി കാർഡിൽ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങൾ കേസിലെ സുപ്രധാന തെളിവാണ്. നടിയെ വീണ്ടും അപമാനിക്കാൻ ലക്ഷ്യമിട്ടാണ് ഹർജി ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് പൊലീസിന്റെ വാദം. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന ഹർജിയിലെ ആരോപണത്തെയും പൊലീസ് എതിർക്കുകയാണ്.

സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്നും ദൃശ്യത്തിലെ ചില സംഭാഷണങ്ങൾ മാത്രമെടുത്ത് തെറ്റിദ്ധാരണ പരത്താനാണ് ദിലീപിന്റെ ശ്രമമെന്നുമാണ് പൊലീസ് പറയുന്നത്. ദൃശ്യങ്ങളിൽ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവർ നൽകുന്ന നിർദ്ദേശങ്ങൾ ഇടയ്ക്ക് കേൾക്കാനാവുന്നു എന്നുമാണ് ദിലീപ് നൽകിയ ഹർജിയിൽ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ. കേസിലെ കുറ്റപത്രം ചോർന്നതിൽ അന്വേഷണമാവശ്യപ്പെട്ട് ദിലീപ് മറ്റൊരു ഹർജിയും സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ഹർജിയിൽ താക്കീത് മാത്രം നൽകിയാൽ മതിയെന്ന നിലപാടിലാണ് കോടതി എത്തിയത്.

നടിയെ ഉപദ്രവിച്ച കേസിന്റെ അനുബന്ധ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച രേഖകൾ പ്രതിയായ നടൻ ദിലീപ് കൈപ്പറ്റി. രേഖകൾ ആവശ്യപ്പെട്ടു ദിലീപ് നൽകിയ അപേക്ഷയിൽ പ്രതിഭാഗത്തിനു നൽകാനാവുന്ന രേഖകളുടെ പട്ടിക പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത്തരത്തിൽ 93 രേഖകളാണ് അഭിഭാഷകൻ മുഖേനെ ദിലീപ് കൈപ്പറ്റികയും ചെയ്തു. ദൃശ്യങ്ങളിൽ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവർ നൽകുന്ന നിർദ്ദേശങ്ങൾ ഇടയ്ക്ക് കേൾക്കാനാവുന്നു എന്നുമാണ് ദിലീപ് നൽകിയ ഹർജിയിൽ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ. നേരത്തേ ദിലീപിന്റെ അഭിഭാഷകൻ മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.അതിനിടെ മെമ്മറികാർഡ് തരണമെന്ന ആവശ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയാൽ 'സ്ത്രീശബ്ദം' എന്ന കച്ചിത്തുരുമ്പുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

കേസിലെ നിർണായക തെളിവായ മെമ്മറികാർഡിലെ ഉള്ളടക്കത്തെപ്പറ്റി നൽകിയ പരാതിയുടെ തുടർച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക. മെമ്മറികാർഡിലെ സ്ത്രീ ശബ്ദത്തെപ്പറ്റി പൊലീസ് കുറ്റപത്രത്തിൽ ഒന്നും പറയുന്നില്ലെന്ന് ദിലീപ് ആരോപിക്കുന്നു. 'ഓൺ ചെയ്യൂ...' എന്ന വാചകം മെമ്മറികാർഡിൽ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ ആരോപണം.