ന്യൂഡൽഹി: ലൈംഗിക അതിക്രമം നേരിട്ടതിനേക്കുറിച്ച് നടി തുറന്നുപറച്ചിൽ നടത്തുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്ത്. വനിതാ ദിനത്തോട് അനുബന്ധിച്ച് 'വി ദ വുമൻ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന 'ഗ്ലോബൽ ടൗൺ ഹാൾ' പരിപാടിയിൽ നടി പങ്കെടുക്കുമെന്ന് ബർഖ ദത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതോടെ ദിലീപ് പ്രതിയായ കേസ് വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് എത്തും.

'നടി നിശ്ശബ്ദത ഭേദിക്കുന്നു. ഒരു ലൈംഗികാതിക്രമ കേസിൽ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവർ പറയുന്നു.' ബർഖാ ദത്ത്'നടി ലൈംഗിക അതിക്രമത്തേക്കുറിച്ച് തുറന്നടിക്കുന്നു' എന്ന പോസ്റ്റർ 'വി ദ വുമൻ ഏഷ്യ'യും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാർച്ച് ആറ് ഞായറാഴ്‌ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടിയുടെ വെളിപ്പെടുത്തൽ ഉണ്ടായേക്കുക. വി ദ വുമൻ ഏഷ്യയുടെ ഫേസ്‌ബുക്ക് ട്വിറ്റർ ഹാൻഡിലുകളിലും, ബർഖാ ദത്തിന്റെ 'മോജോ സ്റ്റോറി' യുട്യൂബ് ചാനലിലും തത്സമയ സംപ്രേഷണമുണ്ടാകും.

ആക്രമിക്കപ്പെട്ടതിന് ശേഷം ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് നടി ഇതുവരെ മാധ്യമങ്ങൾ മുന്നിൽ എത്തിയിട്ടില്ല. നടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ തന്റെ അതിജീവനശ്രമങ്ങളേക്കുറിച്ച് പറയാനാരംഭിച്ചത് അടുത്ത കാലത്താണ്. ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടറായിരുന്ന ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ് ഉൾപ്പെടെയുള്ളവർ ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു ഉൾപ്പെടെ കലാ-സാംസ്‌കാരിക-കായിക-വ്യവസായിക രംഗത്ത് ചരിത്രം കുറിച്ച വനിതകളും ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിലെ ഇര സ്വയം പേര് വെളിപ്പെടുത്തുന്ന സാഹചര്യമാണ് ഈ പരിപാടി ഒരുക്കുക. കേസുമായി ബന്ധപ്പെട്ട രഹസ്യാത്മകത അവസാനിപ്പിച്ച് നേരിട്ടുള്ള പോരാട്ടത്തിനാണ് നടിയുടെ തീരുമാനം. പേര് ചർച്ച ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന അപമാനമല്ല തനിക്ക് വലുത് നീതിയാണെന്ന നിലപാടിൽ നടി എത്തിയതായാണ് സൂചന. ദിലീപിനും കൂട്ടുപ്രതികൾക്കുമെതിരെ പോരാട്ടം ശക്തമാക്കാൻ നേരിട്ടിറങ്ങാനാണ് നടിയുടെ തീരുമാനം. വിചാരണ കോടതിയിലെ രഹസ്യ വിചാരണ അടക്കം ദിലീപിന് ഗുണം ചെയ്തുവെന്നാണ് നടിയുടെ വിലയിരുത്തൽ.

തന്റെ പേര് പറഞ്ഞ് ചർച്ച ചെയ്യുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ആ മാനസിക നഷ്ടം താൻ സഹിക്കാമെന്നും നടി നിലപാട് പരസ്യമായി പറയും. ഇരയുടെ ആനുകൂല്യത്തിൽ എല്ലാം രഹസ്യമായി ഇരിക്കുന്നതിനാൽ നീതി വൈകുന്നുവെന്നാണ് നടിയുടെ വിലയിരുത്തൽ. ആരാണ് നടിയെന്ന് എല്ലാവർക്കും അറിയാം. എന്നാൽ സാങ്കേതിക അർത്ഥത്തിൽ അത് പറയുന്നില്ലെന്നതാണ് വസ്തുത. ഇത് നടിക്കും അറിയാം. ഈ സാഹചര്യത്തിലാണ് മുഖം കാണിച്ച് പോരാട്ടത്തിന് നടി എത്തുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആദ്യ പുറത്തു വന്നത് നടിയെ തട്ടിക്കൊണ്ടു പോയി എന്ന വാർത്തയാണ്. അപ്പോൾ തന്നെ നടിയുടെ പേരും ഫോട്ടോയും എല്ലാം സഹിതം വാർത്തകളെത്തി. പിന്നീടാണ് നടന്നതെന്തെന്ന് വ്യക്തമായത്. കേസിൽ ബലാത്സംഗ കുറ്റം ചുമത്തിയതോടെ നടിയുടെ പേരും ഫോട്ടോയുമെല്ലാം മാധ്യമങ്ങൾ പിൻവലിക്കുകയായിരുന്നു. പിന്നീട് ആരും അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ പേര് പുറത്തു പറഞ്ഞതുമില്ല. നടിയുടെ സ്വകാര്യതയ്ക്ക് വേണ്ടി വിചാരണ അടക്കം രഹസ്യമാക്കി. ഇതിന്റെ ആനുകൂല്യം കിട്ടിയത് ദിലീപിനാണ്.

പൾസർ സുനി അടക്കം കോടതിയിൽ പറഞ്ഞതിന്റെ വിശദാംശങ്ങൾ എല്ലാം രഹസ്യമായി. ചില സാക്ഷികൾക്ക് നേരിടേണ്ടി വന്ന അപമാനം പോലും പുറത്തു വന്നില്ല. മാധ്യമങ്ങളെ പൂർണ്ണമായും ഒഴിവാക്കിയുള്ള വിചാരണയിൽ സിനിമാക്കാർ പോലും മൊഴി മാറ്റി കൂറുമാറി. ഇതൊന്നും പുറംലോകം ചർച്ച ചെയ്യുകയോ ന്യായാന്യായങ്ങളിലേക്ക് കടക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിലാണ് നടി തന്റെ പേര് സ്വയം വെളിപ്പെടുത്തി ചർച്ചകൾ നടക്കണമെന്ന ആഗ്രഹം മുന്നോട്ട് വയ്ക്കാൻ പോകുന്നത്. എല്ലാവർക്കും ശിക്ഷ ഉറപ്പാക്കാനും മുന്നിൽ നിൽക്കും. ഇരയെന്ന ആനുകൂല്യം തനിക്ക് വേണ്ടെന്നും കിട്ടേണ്ടത് നീതി മാത്രമാണെന്നും ബന്ധപ്പെട്ടവരെ നടി അറിയിച്ചതായാണ് സൂചന. ദിലീപ് കേസിൽ ഇനി പോരാട്ടം 'ഇര' നേരിട്ട് നയിക്കുന്ന സാഹചര്യവും ഉണ്ടാകും. ഇത് കേസിനെ പുതിയ തലത്തിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തൽ. ബന്ധുക്കളുടേയും സിനിമാ സുഹൃത്തുക്കളുടേയും പിന്തുണയിലാണ് ഈ നീക്കമെല്ലാം.

തൃശൂർ നഗരത്തിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേയായിരുന്നു നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും ചെയ്ത സംഭവം ഉണ്ടായത്. 2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. കേസിൽ നടൻ ദീലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസം റിമാൻഡിൽ കഴിയുകയും പിന്നീട് ജാമ്യം നേടുകയും ചെയ്തിരുന്നു. നടിയെ ആക്രമിക്കുവാൻ വാടകഗുണ്ടകളെ ഏർപ്പെടുത്തിയെന്നും ഇതിൽ ലൈംഗിക അതിക്രമം ഉൾപ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങൾ ദിലീപ് ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.

കേസിൽ വിചാരണ ആരംഭിച്ചതിന് പിന്നാലെ സാക്ഷികൾ കൂട്ടമായി കൂറുമാറിയത് പിന്നീട് വലിയ തോതിൽ കേരളം ചർച്ച ചെയ്തിരുന്നു. ഇതിനൊപ്പം പ്രോസിക്യൂട്ടർമാർ നിരന്തരം രാജി വയ്ക്കുന്ന സാഹചര്യവും ഉണ്ടായി. വിചാരണ കോടതിക്ക് എതിരെയും പ്രോസിക്യൂഷൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതുവരെ കേസിൽ 203 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇനി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയാണ് വിസ്തരിക്കാനുള്ളത്.

ഇതിനിടെ കേസ് നിർണായക ഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തൽ കേസ് വീണ്ടും പൊതു ശ്രദ്ധയിലേക്ക് എത്തുകയും ചെയ്തു. പിന്നാലെയാണ് ഇപ്പോൾ ആക്രമിക്കപ്പെട്ട നടി തന്നെ പുറത്ത് പ്രതികരണവുമായി രംഗത്ത് വരുന്നത്.