കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ അഴിക്കുള്ളിലായ ദിലീപിൽ മാത്രം കേസ് ഒതുക്കാനാണോ പൊലീസിന്റെ ശ്രമം? അതുകൊണ്ടാണോ ദിലീപിന്റെ മാനേജറായ അപ്പുണ്ണിയെ കൈയിൽ കിട്ടിയിട്ടും പൊലീസ് കാര്യമായ ചോദ്യം ചെയ്യലോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്യാതെ വെറുതേ വിട്ടത്? അന്വേഷണം പുരോഗമിക്കുമ്പോൾ ഈ ചോദ്യം വിവിധ കോണുകളിൽ നിന്നും ശക്തമായി ഉയരുന്നുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ ദിലീപിന് മാത്രമേ നേരിട്ട് പങ്കുള്ളൂ എന്നാണ് നേരത്തെ പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ, അപ്പുണ്ണിക്ക് എല്ലാം അറിയാമെന്ന നിഗമനവും ഒരു വശത്തുണ്ട്. ഇതിനിടെയാണ് അപ്പുണ്ണിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചത്.

അപ്പുണ്ണിയുടെ ഇടപാടുകളും ഫോൺ രേഖകളും പരിശോധിച്ച ശേഷമാണ് ദിലീപിലേക്ക് പൊലീസ് എത്തിയത്. ഇപ്പോഴത്തെ നിലയിൽ ദിലീപിൽ തന്നെ കേസ് ഉറപ്പിച്ചു നിർത്താനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്. ഇതിന്റെ ഭാഗമായുള്ള നീക്കമാണ് അപ്പുണ്ണിയെ അറസ്റ്റു ചെയ്യാത്തതിലൂടെ വ്യക്തമായതെന്നാണ് അറിയുന്നത്. ഒന്നുകിൽ അപ്പുണ്ണിയെ കൂടുതൽ നിരീക്ഷിച്ച ശേം വീണ്ടും കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിലയിരുത്തുന്നത്. ദിലീപിന്റെ എല്ലാ കാര്യങ്ങളെ കുറിച്ചും അറിവുള്ള അപ്പുണ്ണി പുറത്തുണ്ടായാൽ മാത്രമേ ദിലീപിനെ പുറത്തിറക്കാൻ സാധിക്കൂ എന്ന വിലയിരുത്തലും ഒരു വശത്തുണ്ട്. അല്ലെങ്കിൽ അന്വേഷണം സംഘം ഇപ്പോൾ പിന്നോട്ടു പോയി എന്നു വേണം കരുതാൻ. ഇക്കാര്യത്തിൽ ഒരു വ്യക്തത വരണമെങ്കിൽ അടുത്ത ആഴ്‌ച്ചകളിൽ പൊലീസ് എന്തു നീക്കമാണ് നടത്തുന്നത് എന്ന് അറിയേണ്ടതുണ്ട്. എന്തുതന്നെ ആയാലും ഇപ്പോഴത്തെ പൊലീസ് നീക്കങ്ങളിൽ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന ആശങ്കകൾ ശക്തമാണ്.

കഴിഞ്ഞ ദിവസം ദിലീപിനെ വെട്ടിലാക്കുന്നതായിരുന്നു മാനേജർ അപ്പുണ്ണിയുടെ മൊഴി. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിലെത്തി അന്വേഷണസംഘത്തിനു മുന്നിൽ നൽകിയ മൊഴിയിൽ നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പൾസർ സുനിയെ വർഷങ്ങളായി പരിചയമുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആറുമണിക്കൂറിലധികം നീണ്ട മൊഴിയെടുക്കൽ പൂർത്തിയായതോടെ കേസിലെ ഗൂഢാലോചനയിൽ ദിലീപിനെ കുഴപ്പത്തിലാക്കുന്ന വിവരങ്ങളാണു പൊലീസിനു ലഭിച്ചത്. അറസ്റ്റിലായ ദിലീപും ചോദ്യം ചെയ്യലിനു വിധേയരായ കാവ്യാ മാധവനും നാദിർ ഷായും പൾസർ സുനിയെ അറിയില്ലെന്ന മൊഴിയാണു നൽകിയിരുന്നത്. പൾസർ സുനിയുമായി മുൻപരിചയമുണ്ട്. നടനും എംഎ‍ൽഎയുമായ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതലുള്ള പരിചയമാണെന്ന് അപ്പുണ്ണി മൊഴി നൽകി. എന്നാൽ ദിലീപും സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അപ്പുണ്ണി മൊഴി നൽകിയതായാണ് വിവരം.

ജയിലിൽനിന്നു സുനി തന്റെ ഫോണിലേക്കു വിളിച്ചപ്പോഴെല്ലാം ദിലീപ് അടുത്തുണ്ടായിരുന്നുവെന്നും അപ്പുണ്ണി മൊഴി നൽകിയിട്ടുണ്ട്. ഇത് കേസിൽ നിർണായകമാണ്. അതായത് ദിലീപ് തന്നെയാണ് തന്റെ ചുറ്റും നിന്നവരെ കൊണ്ട് ഈ കാര്യങ്ങളെല്ലാം ചെയ്യിച്ചത് എന്നതാണ് വിലയിരുത്തൽ. കേസിൽ, അപ്പുണ്ണിയെ മാപ്പു സാക്ഷിയാക്കാനുള്ള നീക്കമാണ് പൊലീസിന്റേതെന്ന് സംശയിക്കുന്നവരുമുണ്ട്. ദിലീപിന്റെ ആവശ്യപ്രകാരമാണു പൾസറുമായി പരിചയമില്ലാത്തതു പോലെ സംസാരിച്ചത്. സുനി തന്നോട് പറഞ്ഞതെല്ലാം അപ്പോൾത്തന്നെ ദിലീപിനെ അറിയിച്ചിരുന്നു. ജയിലിൽ നിന്നയച്ച കത്തിന്റെ കാര്യം സംസാരിക്കാൻ പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിനെ കാണാൻ ഏലൂർ ടാക്സി സ്റ്റാൻഡിൽ എത്തിയിരുന്നു. എന്നാൽ നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചനയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അപ്പുണ്ണി മൊഴിനൽകി.

തന്റെ ഫോൺ നമ്പർ സുനിയുടെ പക്കലുണ്ടാകാം. ജയിലിൽനിന്ന് പൾസർ സുനി തന്റെ ഫോണിലേക്കു വിളിച്ചത് ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും അപ്പുണ്ണി പൊലീസിനോടു പറഞ്ഞു. ദിലീപ് അഭിനയിച്ച സിനിമാ സെറ്റുകളിൽ ചിലപ്പോഴൊക്കെ പൾസർ സുനി ഉണ്ടായിരുന്നു. എന്നാൽ ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി അറിയില്ലെന്നും അപ്പുണ്ണി മൊഴി നൽകി. അപ്പുണ്ണിക്ക് പൾസറുമായി വർഷങ്ങളുടെ പരിചയമുണ്ടെങ്കിൽ ദിലീപുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം ഉറപ്പിക്കുന്നു.

ഇതിന് കൂടുതൽ ശക്തി പകരാൻ അപ്പുണ്ണിയുടെ മൊഴി സഹായകരമാകുമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. അപ്പുണ്ണിയുടെ മൊഴി പരിശോധിക്കുമ്പോൾ ഇയാളെ മാപ്പുസാക്ഷിയാക്കി അവതരിപ്പിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ഇപ്പോഴത്തെ മൊഴികൾ ദിലീപിനെ കൂടുതൽ വെട്ടിലാക്കുന്നു എന്നത് വ്യക്തമാണ്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ചോദ്യം ചെയ്യലിൽ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള ശത്രുതയെക്കുറിച്ചാണ് പ്രധാനമായും പൊലീസ് ആരാഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപുമായി അടുത്ത ബന്ധമുള്ളയാളെന്ന നിലയിലാണ് ഏതാനും ദിവസം മുമ്പ് നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തത്. 2013 ലെ അമ്മ താരനിശയുടെ പരിശീലനസമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുണ്ടായ വാക്കുതർക്കത്തെക്കുറിച്ചാണ് പ്രധാനമായും പൊലീസ് ആരാഞ്ഞത്. അന്ന് താരങ്ങൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. താരനിശയ്ക്കിടെയുണ്ടായ വാക്കു തർക്കത്തെക്കുറിച്ച് സിദ്ദിഖ് വിശദമായ മൊഴി നൽകി.

എന്നാൽ ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടോ എന്ന് തനിക്കറിയില്ലെന്നും അപ്പുണ്ണി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സിനിമാ സെറ്റുകളിൽ ചിലപ്പോളൊക്കെ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായും അറിയില്ല. എന്നാൽ ഈ മൊഴികളൊന്നും പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. പ്രാഥമിക മൊഴി മാത്രമാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. അപ്പുണ്ണിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

ആലുവ പൊലീസ് ക്ലബിൽ ആറ് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അപ്പുണ്ണിയെ പിന്നീട്‌പൊലീസ് വിട്ടയത്. വിട്ടയച്ചതോടെ മാപ്പു സാക്ഷിയാക്കാനാണ് നീക്കമെന്ന വിധത്തിൽ പ്രചരണവുമുണ്ടായി. എന്നാൽ, ഇത്തരമൊരു തീരുമാനമില്ലെന്ന് ആലുവ റൂറൽ എസ്‌പി. എ.വി. ജോർജ് പറഞ്ഞു. അപ്പുണ്ണിയിൽനിന്നുകിട്ടിയ വിവരങ്ങൾ ഒത്തുനോക്കാനായി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പൊലീസ് കാക്കനാട് ജയിലിൽ പൾസർ സുനിയെ ചോദ്യംചെയ്തു. ഇവ പൊരുത്തപ്പെട്ടാൽ നിർണായക വഴിത്തിരിവാകുമെന്ന് കരുതുന്നു.

ഗൂഢാലോചന തെളിയിക്കാൻ ഇത് നിർണായകമാണ്. ഇയാളുടെ ഫോൺ ശാസ്ത്രീയപരിശോധനയ്ക്ക് അയയ്ക്കും. കോൾലിസ്റ്റ് നേരത്തെ പൊലീസ് ശേഖരിച്ചതാണ്. സുനി വിളിക്കുമ്പോൾ അപ്പുണ്ണിയും ദിലീപും ഒരേ ടവർ ലൊക്കേഷനിൽ ആയിരുന്നെന്ന് കണ്ടെത്തിയിരുന്നു. പരിചയക്കാരൻ എന്നനിലയ്ക്ക് തന്റെ നമ്പർ സുനിയുടെ പക്കൽ ഉണ്ടാകാമെന്നും അപ്പുണ്ണി പൊലീസിനോട് പറഞ്ഞു. പ്രത്യക്ഷത്തിൽ ദിലീപിന് എതിരെന്ന് തോന്നിപ്പിക്കുന്ന മൊഴികളാണ് അപ്പുണ്ണി നൽകിയിരിക്കുന്നത്. ഇത് എന്തെങ്കിലും നീക്കത്തിന്റെ ഭാഗമാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ദിലീപും സുനിയും തമ്മിൽ അടുപ്പമുണ്ടോയെന്ന് അറിയില്ലെന്നാണ് അപ്പുണ്ണിയുടെ മൊഴി.

ദിലീപിന് ഏറ്റവും വിശ്വസ്തനായ അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുന്നതിന്റെ അപകടം പൊലീസ് വിലയിരുത്തും. മജിസ്ട്രേറ്റിനുമുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട്. എന്തായാലും പൊലീസിന്റെ അടുത്ത നീക്കങ്ങളെ ആശ്രയിച്ചാകും ദിലീപ് കേസിന്റെ ഭാവി നിർണയിക്കുക.