കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദീലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി പൊലീസ് പറയുമ്പോൾ അങ്കലാപ്പിലാകുന്നത് സിനിമാ ലോകമാണ്. ദിലീപിന് ജാമ്യം കിട്ടിയതോടെ പ്രശ്‌നമെല്ലാം തീർന്നുവെന്നായിരുന്നു സിനിമാ ലോകത്തിന്റെ വിലയിരുത്തൽ. ഇതിനിടെയാണ് നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്ന് സ്ഥാപിക്കാൻ വ്യാജ രേഖയുണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയിരുന്നെന്നാണ് ദിലീപ് വ്യാജ മെഡിക്കൽ രേഖയുണ്ടാക്കിയത്.

നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്ന് വരുത്തിത്തീർക്കാനാണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി 14 മുതൽ 21 വരെ പനിക്ക് ചികിത്സയിലായിരുന്നു എന്നു കാണിക്കുന്ന രേഖയാണ് ദിലീപിന്റെ ആവശ്യപ്രകാം ആശുപത്രി അധികൃതർ നൽകിയത്. ആശുപത്രി ഫയലുകളിൽ ദിലീപിനെ പരിശോധിച്ചതിന്റെയും ചികിത്സിച്ചതിന്റെയുമെല്ലാം വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ ദിവസങ്ങളിൽ ദിലീപ് അവിടെ ചികിത്സയിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. നടിയെ ആക്രമിച്ച കേസിൽ പോലും ഇത് നിർണ്ണായകമാകും. കള്ളം പറയുന്ന വ്യക്തിയാണ് ദിലീപെന്ന് ഇതിലൂടെ പൊലീസിന് സ്ഥിരീകരിക്കാൻ കഴിയും.

ആശുപത്രിയിലെ ചികിൽസയ്ക്കിടെ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കൊച്ചി ദർബാർ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ദിലീപ് പങ്കെടുത്തിരുന്നു. ഇതിൽ പിടിച്ചുള്ള പെരുമ്പാവൂർ സിഐ ബൈജു പൗലോസിന്റെ അന്വേഷണമാണ് വ്യാജ രേഖയിലേക്ക് കാര്യങ്ങളെത്തിച്ചത്. തൊട്ടടുത്ത ദിവസം ദിലീപ് സിനിമയിൽ അഭിനയിക്കുകയും ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ ചികിത്സയിലായിരുന്നു എന്ന വാദം തെറ്റാണെന്ന് ബൈജു പൗലോസിന് വ്യക്തമായി. ചികിൽസയിലുള്ള ആൾ എങ്ങനെ ദർബാർ ഹാളിലെത്തിയെന്ന ചോദ്യത്തിന് മുന്നിൽ ഡോക്ടറും നേഴ്‌സും പകച്ചു. ഇതോടെയാണ് സത്യം പുറത്തായത്. ആശുപത്രിയിലെ നഴ്സുമാരെയും ഡോക്ടറെയും പൊലീസ് വിശദമായി ചോദ്യംചെയ്തതിരുന്നു.

ദിലീപിന്റെ ആവശ്യ പ്രകാരമാണ് മെഡിക്കൽ രേഖയുണ്ടാക്കിയതെന്നാണ് ആശുപത്രി അധികൃതർ മൊഴി നൽകിയിരിക്കുന്നത്. ഇതോടെ പൊലീസ് വ്യാജരേഖയിൽ കേസുമെടുത്തു. ദിലീപിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കമായും ഇതിനെ സിനിമാ ലോകം വിലയിരുത്തുന്നു. കമ്മാരസംഭവം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴായിരുന്നു ദിലീപ് കേസിൽപ്പെട്ടത്. ഈ സിനിമയുടെ പകുതിയോളം ഇനിയും ഷൂട്ട് ചെയ്യാനുണ്ട്. വൻ ബജറ്റിലെടുക്കുന്ന കമ്മാരസംഭവത്തിന്റെ ലൊക്കേഷനിൽ ദിലീപ് ഉടനെത്തും. അതിന് ശേഷം പ്രഫസർ ഡിങ്കന്റേയും. ഇങ്ങനെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ കേസ് ദിലീപിനെതിരെ വരുന്നത്. ദിലീപ് തെറ്റ് ചെയ്തില്ലെന്ന് വാദിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ് പൊലീസിന്റെ പുതിയ നീക്കം.

നടി ആക്രമിക്കപ്പെട്ട സമയത്ത് താൻ ചികിൽസയിൽ ആയിരുന്നുവെന്ന് ദിലീപ് മൊഴി നൽകിയിരുന്നു. ഇതു തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഹാജരാക്കി. ഈ രേഖകളാണ് ഇപ്പോൾ പുലിവാലാകുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കുന്ന സാഹചര്യത്തിൽ വന്നിരിക്കുന്ന പുതിയ കണ്ടെത്തലുകൾ ദിലീപിനു തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സിനിമാക്കർ. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടിമുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ദിലീപിനെതിരെ ചുമത്തും. കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പൊലീസ് തയാറാക്കിയിട്ടുണ്ട്.

നിയമവിദഗ്ധരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനുശേഷം അടുത്ത ദിവസങ്ങളിൽ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സമീപകാലത്തു കേരള പൊലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്നായിരിക്കും സൂചന. അതിനിടെയാണ് ദിലീപിനെ വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തൽ പുറത്തു വരുന്നത്. ഇതോടെ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാംപ്രതി ആകുമെന്നും ഉറപ്പായി. സംഭവത്തിൽ ഗൂഢാലോചന നടത്തിയതു കുറ്റകൃത്യത്തിൽ പങ്കെടുത്തതിനു തുല്യമെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണസംഘത്തിന്റെ നീക്കം. പൾസർ സുനി രണ്ടാംപ്രതിയുമാകും.

നിലവിൽ ദിലീപ് പതിനൊന്നാം പ്രതിയും സുനിൽകുമാർ എന്ന പൾസർ സുനി ഒന്നാം പ്രതിയുമാണ്. ആകെ 11 പ്രതികളുള്ള കുറ്റപത്രത്തിൽ 26 രഹസ്യമൊഴികളുമുണ്ട്. പൾസർ സുനി അടക്കം കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതികൾക്കു നടിയോടു മുൻവൈരാഗ്യമില്ലെന്നതാണ് അന്വേഷണസംഘം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മുൻ വൈരാഗ്യം മൂലം ദിലീപാണു ക്വട്ടേഷൻ സംഘത്തെ നടിയെ ആക്രമിക്കാൻ നിയോഗിച്ചത്. ദിലീപിന്റെ മേൽനോട്ടത്തിലാണു കൃത്യം നടപ്പാക്കിയത്. അതിനാൽ നേരിട്ടു പങ്കെടുത്തതിനു തുല്യമാണു ഗൂഢാലോചനയെന്നു നിയമോപദേശം ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പൊലീസ് തയാറാക്കിയിട്ടുണ്ട്.

കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടിമുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകളാവും ദിലീപിനെതിരേ ചുമത്തുക. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണു സൂചന. സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവരുൾപ്പെടെ നാലുപേരുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടുമുമ്പാകെ രേഖപ്പെടുത്തിയിരുന്നു. ഇവർ പിന്നീട് മൊഴിമാറ്റാതിരിക്കാനാണിത്. ഈ മൊഴികൾ ദിലീപിന് നിർണ്ണായകമാകും. ആക്രമണത്തിന് ഇരയായ നടിയുെ ദിലീപും തമ്മിലെ വൈരാഗ്യം വ്യക്തമാക്കാനാണ് റിമി ടോമിയുടെ മൊഴി രേഖപ്പെടുത്തിയത്. ദിലീപുമായി അടുത്ത ബന്ധം പൾസറിനുണ്ടെന്ന് അമ്മയും വിശദീകരിച്ചിട്ടുണ്ട്

ഇതിന്റെ തുടരന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിൽ തടസ്സമില്ലെന്ന് അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേർന്നശേഷമേ അന്തിമനിഗമനത്തിലെത്തൂ. നേരിയ സൂചനകൾപോലും പുറത്തുപോകരുതെന്ന നിർബന്ധത്തിലാണ് അന്വേഷണസംഘം. കുറ്റപത്രം സമർപ്പിച്ചാലും വിലപ്പെട്ട രേഖകൾ പ്രതിഭാഗത്തിനു നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കിട്ടാത്തതിനാൽ ഇക്കാര്യം കോടതിയെ അറിയിക്കും. ഫെബ്രുവരി 17-നാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. പ്രത്യേക കോടതിയെന്ന ആവശ്യവും പരിഗണിക്കും.