കൊച്ചി: യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപ് ജയിൽ മോചിതനാകില്ലെന്ന് ഉറപ്പിക്കാൻ കരുക്കൾ നീക്കി പൊലീസ്. ഇതിന്റെ ഭാഗമായി ദിലീപിനെ രണ്ടാം പ്രതിയാക്കി പൊലീസിന്റെ കുറ്റപത്രം തയാറാവുകയാണ്. പൾസർ സുനി ഒന്നാം പ്രതിയായി തുടരും.

കേസിൽ സുനിൽകുമാറിനു ക്വട്ടേഷൻ നൽകിയതും ഗൂഢാലോചനയിൽ പങ്കാളിയുമാണ് ദിലീപ് എന്നാണ് പ്രോസിക്യൂഷൻ വാദം. മൊബൈൽ ഫോൺ നശിപ്പിച്ചതായി കുറ്റസമ്മത മൊഴി നൽകിയ രണ്ട് അഭിഭാഷകരിൽ ആരെങ്കിലും കേസിലെ മാപ്പുസാക്ഷിയായേക്കാം. അഡ്വക്കേറ്റ് രാമൻപിള്ളയാണ് ദിലീപിന്റെ പുതിയ വക്കീൽ. അതുകൊണ്ട് തന്നെ ജാമ്യം നിഷേധിക്കാൻ കൂടുതൽ കരുതൽ വേണമെന്ന് പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് കേസിൽ കുറ്റപത്രം നൽകി വിചാരണയിലേക്ക് കാര്യങ്ങളെത്തിക്കാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നത്.

ഇത്തരം അതീവ ഗൗരവ സ്വഭാവമുള്ള കേസുകളിൽ പ്രതിയെ 90 ദിവസം വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ സൂക്ഷിച്ച് അന്വേഷണം നടത്താൻ പൊലീസിനു നിയമപരമായി അവകാശമുണ്ട്. ഈ ദിവസ പരിധിക്ക് ശേഷം കുറ്റപത്രം തയ്യാറായില്ലെങ്കിൽ പ്രതിക്ക് ജാമ്യം കിട്ടും. അതുകൊണ്ടാണ് വേഗത്തിൽ കുറ്റപത്രം തയ്യാറാക്കുന്നത്. ഭാവിയിൽ കൂടുതൽ അന്വേഷണത്തിനുള്ള സാധ്യതകൾ തുറന്നിട്ടു തന്നെയാകും കുറ്റപത്രം നൽകുക. ഇതോടെ ദിലീപിന് ജയിലിൽ തുടരേണ്ടി വരും.

എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്ന താൽപ്പര്യമാണ് അന്വേഷണ സംഘത്തിനുള്ളത്. അതിനിടെ കേസിൽ കൂടുതൽ പ്രതികളുണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. രണ്ട് അറസ്റ്റുകൾ കൂടി ഉണ്ടാവുമെന്ന സൂചനയുമുണ്ട്. നാദിർഷാ, സിദ്ദിഖ്, അപ്പുണ്ണി, കാവ്യാ മാധവൻ എന്നിവരാണ് സംശയ നിഴലിൽ. ഇവരെ ഗൂഢാലോചനയിൽ കുടുക്കാനുള്ള തെളിവൊന്നും പൊലീസിന് കിട്ടിയിട്ടില്ല.

പെരുമ്പാവൂർ ജിഷ വധക്കേസിൽ കുറ്റപത്രം തയാറാക്കിയ പ്രത്യേക അന്വേഷണ സംഘം തന്നെയാണ് ഈ കേസിലും കുറ്റപത്രം തയാറാക്കുന്നത്. പ്രതികളുടെ ഗൂഢാലോചന സംബന്ധിച്ച വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് പറയുന്നു. 'മാഡം' എന്ന കഥാപാത്രത്തെ കണ്ടെത്താൻ ഈ ഘട്ടത്തിൽ ശ്രമിച്ചു സമയം നഷ്ടപ്പെടുത്തില്ല. ദിലീപ് ജയിലിലായിട്ട് വ്യാഴാഴ്ച ഒരു മാസം തികയുകയാണ്. ജൂലായ് പത്തിന് അറസ്റ്റിലായ നടൻ റിമാൻഡ് തടവുകാരനായി ആലുവ സബ്ജയിലിൽ കഴിയുകയാണ്.

അതിനിടെ ദിലീപിനെ ജയിലിലിടാൻ മാത്രമാണ് പൊലീസ് അന്വേഷണം നീട്ടുന്നതെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി. ആലുവ റൂറൽ എസ്‌പി. മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. ചലച്ചിത്രപ്രവർത്തകൻ സലിം ഇന്ത്യ സമർപ്പിച്ച പരാതിയിലാണിത്.

ദിലീപിന്റെ ഹൈക്കോടതിയിലെ രണ്ടാം ജാമ്യാപേക്ഷ രണ്ടുദിവസത്തിനുള്ളിൽ നൽകിയേക്കും. ആദ്യ അഭിഭാഷകനെ മാറ്റിയാണ് പുതിയ ജാമ്യാപേക്ഷ. തിരക്കിട്ടനീക്കങ്ങൾ നടത്താനില്ലെന്ന നിലപാടിലാണ് പ്രതിഭാഗമെന്നറിയുന്നു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കിട്ടാത്തതും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ കണ്ടെത്തേണ്ടതും ചൂണ്ടിക്കാട്ടിയാണ് ആദ്യഘട്ടത്തിൽ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തത്. അപ്പുണ്ണി കീഴടങ്ങി. മൊബൈൽ നശിപ്പിച്ചെന്ന് അഭിഭാഷകൻ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയാകും പ്രതിഭാഗം ഹൈക്കോടതിയെ വീണ്ടും സമീപിക്കുക.

ഗൂഢാലോചനക്കേസിൽ പ്രതി സുനിൽകുമാറിന്റെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ, ജൂനിയറായ രാജു ജോസഫ് എന്നിവരെ അറസ്റ്റുെചയ്ത് ജാമ്യത്തിൽവിട്ടിരുന്നു. ചാലക്കുടിയിലെ ഡി സിനിമാസിന് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായതാണ് ഒരു മാസത്തിനിടെ ദിലീപിന് ആശ്വാസമായ ഏകകാര്യം. അതിനിടെ പറഞ്ഞു കേൾക്കുന്ന മാഡം സിനിമ രംഗത്തെയാളാണെന്നു മുഖ്യപ്രതി പൾസർ സുനി വീണ്ടും ആവർത്തിച്ചിട്ടുണ്ട്. 'മാഡം' ആരെന്നു ജയിലിൽ കഴിയുന്ന വിഐപി പറയുന്നില്ലെങ്കിൽ 16 നു ശേഷം എല്ലാം തുറന്നു പറയുമെന്നും സുനിൽ പറഞ്ഞു.

നടിയെ ഉപദ്രവിച്ച സംഭവത്തിലെ മുഖ്യ ആസൂത്രണം ഒരു മാഡത്തിന്റേതാണെന്നു പ്രതികൾ നേരത്തെ പറഞ്ഞതായി കേട്ടിരുന്നെങ്കിലും കേസിലെ മുഖ്യപ്രതി സുനിൽ ഇതു സ്ഥിരീകരിക്കാൻ ശ്രമിക്കുന്നത് ആദ്യമായാണ്. എന്നാൽ, അന്വേഷണത്തിന്റെ ദിശമാറ്റാനാണു സുനിൽ 'മാഡ' ത്തെക്കുറിച്ചു പറയുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.