കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരായ വെളിപ്പെടുത്തലിന് മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാൾ പിന്തുണച്ചുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

'മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാൾ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ടുപോകാൻ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങൾ, അറിയുന്നവരും അറിയാത്തവരും മെസേജയക്കുന്നുണ്ട്. സംവിധായകരും നിർമ്മാതാക്കളുമടക്കം പിന്തുണ നൽകുന്നുണ്ട്,' - ബാലചന്ദ്രകുമാർ പറഞ്ഞു.

അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ളവരെ നാളെ മുതൽ മൂന്നുദിവസം ചോദ്യം ചെയ്യും. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുക.

നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രതികൾക്ക് അന്വേഷണ സംഘം നോട്ടീസ് നൽകി. ഒൻപത് മണിക്ക് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കും. ദിലീപിന്റെ അടുത്ത സുഹൃത്തും വിഐപിയെന്ന് അറിയപ്പെടുന്ന ശരത് ജി നായരെയും ചോദ്യം ചെയ്യാനും തീരുമാനമുണ്ട്. സാക്ഷിയായാണ് ശരത്തിനെ വിളിച്ചു വരുത്തുക. എന്നാൽ ശരത് ജി നായർക്ക് നോട്ടീസ് നൽകാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

എഡിജിപി എസ്. ശ്രീജിത്, എംപി മോഹനചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടപടികൾ നടക്കുക. ഇതിനായുള്ള ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കി. ആദ്യം വിവിധ സംഘങ്ങളായി പ്രതികളെ ഓരോരുത്തരെയും പ്രത്യേകം ചോദ്യം ചെയ്യും. ശേഷം സംഘത്തെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് എതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കേസിൽ ഇടക്കാല ഉത്തരവ് പറഞ്ഞത്. നാളെ മുതൽ ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതൽ രാത്രി എട്ട് വരെ പ്രതികളെ ചോദ്യം ചെയ്യാമെന്നാണ് കോടതിയുടെ നിർദ്ദേശം. 27-ാം തീയതി വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇക്കാലയളവിൽ അന്വേഷണത്തെ സ്വാധീനിക്കുന്ന നിലയിൽ പ്രതികൾ ഇടപെടൽ നടത്തിയാൽ അറസ്റ്റിൽ നിന്നുള്ള സംരക്ഷണം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ' ഹർജിക്കാരൻ അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിൽ ഇടപെടാനുള്ള ഏതൊരു ശ്രമവും ഈ കോടതി വളരെ ഗൗരവമായി കാണും. സീൽ ചെയ്ത കവറിൽ അന്വേഷണത്തിന്റെ റിപ്പോർട്ട് മുതിർന്ന പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി അറിയിച്ചു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി കെ എസ് സുദർശൻ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പൾസർ സുനിയെയും അപായപ്പെടുത്താൻ ദിലീപ് പദ്ധതിയിട്ടു എന്നതാണ് കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

മുദ്രവച്ച കവറിൽ സ്വതന്ത്രസാക്ഷികളുടെ മൊഴികളടക്കം ശക്തമായ തെളിവുകൾ കൈമാറിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ദിലീപിന്റെ നേതൃത്വത്തിൽ നടന്ന വധശ്രമ തെളിവുകൾ കിട്ടിയെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. മുദ്രവച്ച കവറിൽ ലഭിച്ച തെളിവുകളിൽ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതിയും നിർദേശിച്ചു. സ്വതന്ത്രസാക്ഷികളുടെ മൊഴികളും ഈ മുദ്രവച്ച കവറിൽ അടങ്ങിയിട്ടുണ്ടെന്നാണ് വിവരങ്ങൾ. കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.