- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ദിവസവും മാധ്യമങ്ങളോട് ഒന്നും മിണ്ടാതെ ദിലീപ്; ക്രൈംബ്രാഞ്ച് ഓഫീസിൽ ഗ്രിൽ ചെയ്തത് 11 മണിക്കൂറോളം; ശബ്ദരേഖ അടക്കം നിർണായക ഡിജിറ്റൽ തെളിവുകൾ നിരത്തി ചോദ്യം ചെയ്യൽ; ഓഡിയോ ക്ലിപ്പിൽ ഉള്ളവരെ തിരിച്ചറിയാൻ വിളിച്ചുവരുത്തിയത് റാഫിയെയും അരുൺ ഗോപിയെയും; ചോദ്യം ചെയ്യൽ നാളെയും തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ 11 മണിക്കൂറോളമാണ് ദിലീപിനെയും കൂട്ടുപ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്. നാളെയും കൂടിയാണ് ദിലീപിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതിയുള്ളത്. പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ നാളെ വിളിപ്പിക്കുന്നില്ലെന്ന് എസ്‌പി മോഹനചന്ദ്രൻ പറഞ്ഞു. നിലവിൽ ബാലചന്ദ്രനെ വിളിപ്പിക്കേണ്ട ആവശ്യമില്ല. നാളെ ചോദ്യം ചെയ്യൽ പൂർത്തീകരിച്ചില്ലെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് എസ്‌പി പറഞ്ഞു. ദിലീപിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ രേഖകൾ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതു മുൻനിർത്തിയാണ് പ്രധാനമായും ചോദ്യം ചെയ്തത്
രണ്ടാം ദിനം നിർണായകമായ വിവരങ്ങളാണ് അന്വേഷണ സംഘം പ്രതികളോട് ആരാഞ്ഞത്. ഇതിനിടെ പ്രതികളുടെ അടുത്ത സുഹൃത്തും സംവിധായകനുമായ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴിയെടുത്തു.
സിനിമയിൽ നിന്നും പിന്മാറിയത് അറിയിച്ചത് ബാലചന്ദ്രകുമാറാണെന്ന് റാഫി മൊഴി നൽകിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബാലചന്ദ്രകുമാറിന് മനപ്രയാസം ഉണ്ടായിരുന്നു. ദേഷ്യം ഉണ്ടായതായി അറിയില്ലെന്നും റാഫി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ് സിനിമയിൽ നിന്നും പിന്മാറിയ വിവരം ബാലചന്ദ്രകുമാർ റാഫിയെ അറിയിച്ചത്. സിനിമയിൽ പോക്കറ്റടിക്കാരനായ കള്ളന്റെ വേഷമായിരുന്നു ദിലീപിനായി വെച്ചത്. ഈ കഥാപാത്രത്തോട് ദിലീപിനും താൽപ്പര്യം ഉണ്ടായിരുന്നുവെന്നും മാധ്യമങ്ങളോട് റാഫി പറഞ്ഞു.
ഇതിനിടെ സംവിധായകൻ അരുൺ ഗോപിയെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിയാൻ വേണ്ടിയാണ് അരുൺ ഗോപിയെ വിളിച്ചുവരുത്തിയത്.
നേരത്തെ ദിലീപിന്റെ ഉടമസ്ഥയിലുള്ള നിർമ്മാണ കമ്പനി ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ മാനേജറെയും അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ തുടന്വേഷണ സാധ്യത മങ്ങിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്‌പി. മോഹനചന്ദ്രൻ പറഞ്ഞു. വധഗൂഢാലോചനക്കേസും നടിയെ ആക്രമിച്ചതും വ്യത്യസ്ത കേസുകൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചുവെന്ന ആരോപണം ശരിവെക്കുന്ന തരത്തിലുള്ള തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പണമിടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ തെളിവുകൾ നൽകുന്നത് എന്നാണ് വിവരം. സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് വഴി പണം നൽകിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പൾസർ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യ മൊഴിയെടുക്കൽ പൂർത്തിയായി. ദിലീപിനെതിരെ കൂടുതൽ ആളുകൾ തെളിവുകളുമായി രംഗത്ത് വരുമെന്ന് പൾസർ സുനി പറഞ്ഞതായി അമ്മ ശോഭന മാധ്യമങ്ങളോട് പറഞ്ഞു. സുനിക്ക് കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്. തനിക്ക് അറിയാവുന്നതും മകൻ പറഞ്ഞതുമായ എല്ലാ കാര്യങ്ങളും കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ