കൊച്ചി: ദിലീപിനെതിരെ പുതിയ ശബ്ദരേഖ പുറത്തുവിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കേണ്ടത് ഇങ്ങനെയാണെന്ന് ശബ്ദരേഖയിൽ പറയുന്നു. 2017 നവംബർ 15ലെ ശബ്ദരേഖയാണ് ബാലചന്ദ്രകുമാർ പുറത്തുവിട്ടത്.

ഒരാളെ തട്ടുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണമെന്നാണ് ശബ്ദരേഖയിലുള്ളത്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ശബ്ദരേഖയും പുറത്തുവിട്ടിട്ടുണ്ട്. ഒരുവർഷത്തേക്ക് ഫോൺ ഉപയോഗിക്കരുതെന്ന് ശബ്ദരേഖയിൽ അനൂപ് നിർദ്ദേശിക്കുന്നു. നടന്നത് കൃത്യമായ ഗൂഢാലോചയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ദി ട്രൂത്ത് എന്ന പറഞ്ഞ സിനിമ കണ്ടിട്ടുണ്ടോ?. അതിൽ മുഖ്യമന്ത്രി കൊല്ലപ്പെടുന്ന ഒരു രംഗമുണ്ട്. അതേവേദിയിൽ മറ്റൊരാൾ കൂടി കൊല്ലപ്പെടുന്നു. അത് ആരും ശ്രദ്ധിക്കില്ല. അതുകൊണ്ടാണ് ഗ്രൂപ്പിലിട്ട് തട്ടണമെന്ന് ദിലീപ് അനുപിനോട് പറഞ്ഞതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.

നേരത്തെ തിങ്കളാഴ്ചത്തെ കോടതി വിധിക്ക് ശേഷമായിരിക്കും പൊലീസിന് നൽകിയ ശബ്ദരേഖ പുറത്തുവിടുകയെന്നായിരുന്നു ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാൽ കോടതി ശബ്ദരേഖ പുറത്തുവിടുന്നത് തടയുമെന്ന സാഹചര്യം കണക്കിലെടുത്താണ് ഇന്ന് തന്നെ ഫോൺ സംഭാഷണം പുറത്തുവിട്ടതെന്നാണ് സൂചന.

ഓഡിയോയിൽ പറയുന്നത്:

'ഒരു വർഷം ഒരു രേഖയും ഉണ്ടാക്കരുതെ'ന്നും ദിലീപ് ഓഡിയോയിൽ പറയുന്നു. ഇതിന് മറുപടിയായി 'ഒരു റെക്കോഡും ഉണ്ടാക്കരുത്, ഫോൺ ഉപയോഗിക്കരുതെ'ന്ന് അനൂപ് ദിലീപിന് മറുപടിയായി പറയുന്നതും ഓഡിയോയിൽ വ്യക്തമാണ്.

ദിലീപിന്റെ ഈ പരാമർശം കൊലപാതകത്തിനുള്ള നിർദ്ദേശമാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. ശബ്ദ ശകലം സുഹൃത്ത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞദിവസം പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ അപായപ്പെടുത്തണമെന്ന് ദിലീപ് അനൂപിനോട് നിർദ്ദേശിച്ചത് ഷാജി കൈലാസ് സിനിമയെ ഉദ്ധരിച്ചാണെന്ന് കഴിഞ്ഞദിവസം സംവിധായകൻ ബാലചന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു. കുറ്റകൃത്യം ചെയ്തിട്ട് പിടിക്കപ്പെടാതിരിക്കാൻ എന്ന് പറഞ്ഞുകൊണ്ടാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.

ബാലചന്ദ്രകുമാർ പറഞ്ഞത്:

'ഷാജി കൈലാസിന്റെ സിനിമയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ദിലീപ്, കൊന്നിട്ട് പിടിക്കപ്പെടാതിരിക്കാൻ എന്ത് ചെയ്യണമെന്ന് അനൂപിന് നിർദ്ദേശം നൽകിത്. ഇങ്ങനെ ചെയ്താൽ നമ്മുടെ തലയിൽ വരില്ലെന്ന അർത്ഥത്തിലാണ് ദിലീപ് അക്കാര്യം പറഞ്ഞത്. ആ വീട്ടിൽ ദിലീപ് പറയുന്നതിന് എതിർ വാ ഇല്ല. അനൂപ് അടക്കം എല്ലാവരും ദിലീപ് പറയുന്നത് തലയാട്ടി അനുസരിക്കുന്നതാണ് പതിവ്.''

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചനാ നടത്തിയെന്ന കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് പ്രതി ദിലീപ് ഹൈക്കോടതിയിൽ രേഖാമൂലം മറുപടി നൽകി. താൻ സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും വിദേശത്തുള്ള ആലുവയിലെ വ്യവസായി സലീമിന്റെ മൊഴിയെടുക്കാതെയാണ് ആരോപണമുന്നയിക്കുന്നതെന്ന് ദിലീപ് പറഞ്ഞു.

നിയമവിരുദ്ധമായ ഒരു പ്രവർത്തി ചെയ്യുവാൻ രണ്ടോ അതിലധികം പേരോ ചേർന്ന് ഒരു ധാരണയിലെത്തുന്നതാണ് ക്രിമിനൽ ഗൂഢാലോചനയെന്നും ദിലീപ് പറഞ്ഞു. എംജി റോഡിലെ മേത്തർ ഫ്ളാറ്റിൽ ഗൂഢാലോചന നടന്നുയെന്നത് വാസ്തവ വിരുദ്ധമാണ്. മുൻ ഭാര്യ മഞ്ജു വാര്യർക്ക് മേത്തർ ഹോമിൽ ഫ്ളാറ്റില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു.

പ്രത്യേക കോടതി വളപ്പിൽ വച്ച് 2017 ഡിസംബറിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തി എന്ന ആരോപണവും കെട്ടിച്ചമച്ചതാണ്. ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്ന ദിവസം വിചാരണ കോടതിയിൽ കേസുണ്ടായിരുന്നില്ല. 2018 ഫെബ്രുവരിയിലാണ് അങ്കമാലി കോടതിയിൽ നിന്നും പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയതെന്നും ദിലീപ് മറുപടിയിൽ പറയുന്നു. ആവശ്യപ്പെട്ട ഫോണുകൾ എല്ലാം നൽകിയെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ കൊണ്ട് തന്നെ തനിക്കെതിരായ ക്രിമിനൽ ഗൂഢാലോചന എന്ന കുറ്റം നിലനിൽക്കില്ലെന്നും ദിലീപ് മറുപടിയിൽ പറഞ്ഞു.

വധഗൂഢാലോചന കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയാനിരിക്കെയാണ് ദിലീപ് നീക്കം. സുപ്രീംകോടതി വിധികളെ ഉദ്ധരിച്ച് തനിക്ക് മുൻകൂർ ജാമ്യത്തിന് അർഹതയുണ്ടെന്നും പ്രോസിക്യുഷൻ നടത്തുന്നത് മുൻകൂർ ജാമ്യം നിഷേധിക്കാനുള്ള നീക്കങ്ങളാണെന്നും ദിലീപ് വാദിച്ചു.