കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കേസിലെ പ്രതിയായ ദിലീപും കൂട്ടുപ്രതികളും കണ്ടിരുന്നോ എന്നതാണ് മുഖ്യചോദ്യം. തെളിവുകൾ അന്വേഷണസംഘത്തിന് കിട്ടിയതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു. ദൃശ്യങ്ങൾ നേരത്തെ കണ്ടിട്ടുണ്ടെന്ന് ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് അഭിഭാഷകനോട് പറഞ്ഞ സംഭാഷണമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. സംഭാഷണത്തിൽ ദൃശ്യങ്ങൾ നേരത്തെ കണ്ടതാണെന്ന് ജഡ്ജിയോട് പറയാനാവില്ലല്ലോ എന്ന് സുരാജ് അഭിഭാഷകനോട് പറയുന്നുണ്ട്. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, വധഗൂഢാലോചന കേസിൽ കൂടുതൽ പ്രതികളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. കേസിന്റെ അന്വേഷണം രണ്ടര മാസം പിന്നിടുമ്പോഴാണ് റിപ്പോർട്ട് സമർപ്പിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചനയാണ് ദിലീപും മറ്റ് അഞ്ചുപേരും കൂടി നടത്തിയത്. ഇതിന്റെ കൃത്യമായ തെളിവുകൾ ആണ് ബാലചന്ദ്രകുമാർ പുറത്തുവിട്ടതും അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തതെന്നും കോടതിയിൽ അന്വേഷണം സംഘം വ്യക്തമാക്കി.

അതേസമയം, ദിലീപിന്റെ ഫോണിൽ നിന്നും ചാറ്റുകൾ നീക്കാൻ മുംബൈയിലെ ഏജൻസിയെ പരിചയപ്പെടുത്തി നൽകിയ വിൻസെന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. താനാണ് ഏജൻസിയെ പരിചയപ്പെടുത്തി നൽകിയതെന്ന് വിൻസന്റ് അന്വേഷണ ഉദ്യോഗസ്ഥരോട് ഏറ്റു പറഞ്ഞിട്ടുണ്ട്.

ദിലീപിന്റെയും സംഘത്തിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും ചാറ്റുകളും നശിപ്പിക്കാൻ മുംബൈയിലെ ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത് വിൻസെന്റാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തെളിവുകൾ നശിപ്പിക്കാൻ ദിലീപ് എങ്ങനെയാണ് മുംബൈയിലെ ലാബിൽ എത്തിയതെന്ന അന്വേഷണമാണ് വിൻസെന്റിലേക്കെത്തിയത്. സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിലെ പ്രതി കൂടിയാണ് വിൻസെന്റ്. ദിലീപുമായും അഭിഭാഷകരുമായും അടുത്തബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് വിൻസെന്റ്. ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് മുംബൈയിലെ ലാബിനെ സമീപിച്ചതെന്നും അവിടെ പോയിരുന്നെന്നും വിൻസന്റ് പറഞ്ഞിരുന്നു.

ഇപ്പോൾ ഒളിവിലുള്ള ഐ.ടി വിദഗ്ധൻ സായ് ശങ്കർ അടക്കം പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകരുടെ പങ്ക് അടക്കം വിശദീകരിച്ചാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അഭിഭാഷകരെ പ്രതി ചേർത്തിട്ടില്ലെങ്കിലും അവർ ഏത് രീതിയിലാണ് തെളിവ് നശിപ്പിക്കലിൽ പങ്കാളിയായതെന്ന് അന്വേഷണ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

വധ ഗൂഢാലോചന കേസ് റദ്ദാക്കാണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിയിരിക്കയാണ്. കേസ് സിബിഐക്ക് കൈമാറുന്ന സാഹചര്യമുണ്ടായാൽ പോലും കേസിലെ പൂർണമായ വിവരങ്ങൾ കോടതി മുൻപാകെ എത്തുക എന്ന ലക്ഷ്യമാണ് ക്രൈം ബ്രാഞ്ചിനുള്ളത്.

അതേസമയം കേസിൽ തെളിവ് നശിപ്പിച്ചതിലും സാക്ഷികളെ സ്വാധീനിച്ചതിലും അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി ബാർ കൗൺസിലിന് പരാതി നൽകി. നേരത്തെ ഇ-മെയിൽ വഴി പരാതി നൽകിയിരുന്നുവെങ്കിലും ഇത് പരിഗണിക്കാനാവില്ലെന്ന് ബാർ കൗൺസിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാർ കൗൺസിൽ ആവശ്യപ്പെട്ടത് പ്രകാരം 2500 രൂപ ഫീസടച്ച് 30 പരാതിയുടെ പകർപ്പ് അടക്കമാണ് നടി ബാർകൗൺസിലിന് പരാതി നൽകിയിരിക്കുന്നത്.