കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ വീട്ടിൽ വച്ച് തന്നെ ചോദ്യം ചെയ്യും. നിലവിൽ തീരുമാനത്തിന് മാറ്റമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ചോദ്യം ചെയ്യലിൽ നിയമോപദേശം തേടിയില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ആലുവയിലുള്ള ദിലീപിന്റെ വീടായ പത്മ സരോവരത്തിൽ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻപ് കാവ്യയെ ചോദ്യം ചെയ്തത് വെണ്ണലയിലെ സ്വന്തം വീട്ടിൽ വച്ചാണ്.

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരേയും നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. ആലുവ പൊലീസ് ക്ലബ്ബിൽ വച്ചാകും ചോദ്യം ചെയ്യൽ. ഇരുവരും നോട്ടീസ് നേരിട്ട് കൈപറ്റിയിരുന്നില്ല. പലതവണ അന്വേഷണ ഉദ്യോഗസ്ഥൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരേയും ലഭിച്ചില്ല. ഇന്ന് വൈകിട്ടോടെ ഇരുവരുടെയും വീട്ടിൽ പൊലീസെത്തി നോട്ടീസ് പതിച്ചു. നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് മേധാവിയോട് കോടതി റിപ്പോർട്ട് തേടി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന പരാതിയിലാണ് കോടതി നടപടി.

മാധ്യമ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ കോടതി ഉത്തരവുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് പരയാൻ സുരാജിന് നിയമപരമായി കഴിയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

നടിയെ ആക്രമിച്ച കേസിൽ സുരാജ് പ്രതിയല്ല. വധ ഗൂഢാലോചന കേസിലാണ് സുരാജ് പ്രതിയായുള്ളതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ അടച്ചിട്ട മുറിയിലാണ് നടക്കുന്നത്. ഈ വിചാരണയുടെ വാർത്തകൾ മാധ്യമങ്ങൾ നൽകാറില്ല. കോടതിയിൽ ഫയൽ ചെയ്യുന്ന രേഖകൾ പൊതുയിടത്തിൽ ലഭ്യമാണ്. പ്രതികൾ നൽകുന്ന ഹർജികളിലെ വിവരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിചാരണക്കോടതിയേക്കുറിച്ച് പ്രോസിക്യൂഷനും പരാതിയുണ്ട്. ഇത് ഹൈക്കോടതിയിൽ തന്നെ വ്യക്തമാക്കിയതാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.