- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജു വാര്യർ മദ്യപിക്കുമെന്ന് മൊഴി നൽകണം; പലവട്ടം മദ്യപിച്ച് വീട്ടിൽ വന്നിട്ടുണ്ടെന്ന് പറയണം; ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുക്കളാണെന്നും പറയണം; അനൂപിനെ പറഞ്ഞ് പഠിപ്പിച്ച് അഭിഭാഷകൻ; കോടതിയിൽ നൽകിയ ശബ്ദരേഖ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ നൽകിയ നിർണായക ശബ്ദരേഖ പുറത്ത്. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണ വേളയിൽ കോടതിയിൽ നൽകേണ്ട മൊഴികൾ എങ്ങനെ വേണമെന്ന് അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ശബ്ദരേഖയിൽ ഉള്ളത്. പ്രോസിക്യൂഷൻ സാക്ഷിയായ ദിലീപിന്റെ സഹോദരനെ സ്വാധീനിക്കുന്നതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവാണിത്.
ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യർ മദ്യപിക്കാറുണ്ടെന്ന് മൊഴി നൽകണമെന്നാണ് അഭിഭാഷകൻ അനൂപിനോട് ആവശ്യപ്പെടുന്നത്. മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് അഭിഭാഷകൻ ചോദിക്കുമ്പോൾ 'എനിക്ക് അറിയില്ല, ഞാൻ കണ്ടിട്ടില്ല' എന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാൽ മഞ്ജു മദ്യപിക്കുമെന്ന് കോടതിയിൽ മൊഴി നൽകണമെന്നാണ് അഭിഭാഷകൻ പറയുന്നത്. അഭിഭാഷകന്റെ പിന്നീടുള്ള വാക്കുകൾ ഇങ്ങനെ:-
'വീട്ടിൽനിന്ന് പോകുന്നതിന്റെ മുമ്പുള്ള സമയത്ത് മഞ്ജു മദ്യപിക്കാറുണ്ടെന്ന് പറയണം. മഞ്ജു പലവട്ടം മദ്യപിച്ച് വീട്ടിൽ വന്നിട്ടുണ്ടെന്ന് പറയണം. വീട്ടിൽ എല്ലാവർക്കും അത് അറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടൻ നോക്കാം എന്ന് പറഞ്ഞതെല്ലാതെ ഒന്നും പറഞ്ഞില്ല. ഇതുസംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മിൽ ഞങ്ങളുടെ മുന്നിൽവെച്ച് തർക്കമുണ്ടായിട്ടില്ലെന്നും പറയണം. പത്തുവർഷത്തിൽ കൂടുതലായിട്ട് ചേട്ടൻ മദ്യം തൊടാറില്ലെന്നും പറയണം.'
ഇതിനുപുറമേ നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു എന്ന വാദത്തിന് നൽകേണ്ട മൊഴികളും അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുത്തിരുന്നു. സംഭവദിവസം ദിലീപിന് പനിയും തൊണ്ടവേദനയും ചുമയും ഉണ്ടായിരുന്നു, പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയിൽ പോയി കാണുമായിരുന്നു എന്ന് പറയണമെന്നുമാണ് അഭിഭാഷകന്റെ നിർദ്ദേശം. ഇനി എന്തെങ്കിലും ചോദിച്ചാൽ ചോദ്യം മനസിലായില്ലെന്ന് പറഞ്ഞാൽ മതി. ബാക്കിയൊന്നും മൈൻഡ് ചെയ്യേണ്ടെന്നും അഭിഭാഷകൻ അനൂപിനോട് പറയുന്നുണ്ട്.
രണ്ട് മണിക്കൂർ നീളുന്ന ശബ്ദരേഖയിൽ മഞ്ജു വാര്യരെ കുറിച്ചും ശ്രീകുമാർ മേനോനെ കുറിച്ചും അടക്കം പരാമർശങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാക്ഷികളെ സ്വാധീനിച്ചു എന്നതിന് നിർണായക തെളിവാണ് ഈ ശബ്ദരേഖയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ദിലീപിന്റെ അടക്കമുള്ള ഫോണുകളിൽ നിന്നും വിവരങ്ങൾ തിരിച്ചെടുത്ത കൂട്ടത്തിൽ നിന്നാണ് ഈ നിർണായക ശബ്ദരേഖ ലഭിച്ചിരിക്കുന്നത്. ദിലീപിന് ശത്രുക്കളുണ്ടെന്ന് കോടതിയിൽ പറയണമെന്ന് അനൂപിനോട് ഓഡിയോയിൽ അഭിഭാഷകൻ പറയുന്നു.
സംവിധായക ശ്രീകുമാർ മേനോനും തിയറ്റർ ഉടമ ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണമെന്നും ശബ്്ദരേഖയിൽ പറയുന്നു. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണമെന്നും ശബ്ദരേഖയിൽ അഭിഭാഷകൻ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. ഗുരുവായൂരിലെ നൃത്ത പരിപാടിയുടെ പേരിൽ വീട്ടിൽ മഞ്ജുവും ദിലീപും തമ്മിൽ വഴക്കുണ്ടായി എന്ന് പറയണമെന്നും പറയുന്നു.
മഞ്ജു സിനിമയിലേക്കുള്ള തിരിച്ച് വരവിന് മുൻപ് വീണ്ടും പൊതുവേദിയിലേക്ക് വരുന്നത് ഗുരുവായൂരിലെ നൃത്തപരിപാടിയോട് കൂടിയായിരുന്നു. മഞ്ജുവും ദിലീപും തമ്മിൽ അകൽച്ചയിലായിരുന്നു എന്ന രീതിയിൽ വേണം സംസാരിക്കാൻ എന്ന് അഭിഭാഷകൻ പറയുന്നുണ്ട്. ഡാൻസ് പ്രോഗ്രാമുകളുടെ പേരിൽ ദിലീപുമായി പ്രശ്നമുണ്ടാക്കിയെന്ന് പറയണമെന്നുമാണ് നിർദ്ദേശിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ 20തോളം പ്രോസിക്യൂഷൻ സാക്ഷികളെ മൊഴി മാറ്റിയതായാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. ദിലീപിന്റെ സഹോദരൻ അനൂപ് പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു. വിസ്താരത്തിനിടെ എങ്ങനെ മൊഴി നൽകണം എന്ന് ദിലീപിന്റെ അഭിഭാഷകൻ അനൂപിന് പറഞ്ഞ് കൊടുക്കുന്ന ശബ്ദരേഖയാണ് അഫിഡവിറ്റിന്റെ രൂപത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ