കൊച്ചി: അഞ്ച് വർഷം കഴിഞ്ഞിട്ടും നടി ആക്രമിക്കപ്പെട്ട കേസിൽ കൃത്യമായ അന്വേഷണമോ, വിചാരണയോ നടക്കുന്നില്ലായെന്ന അതീജീവിതയുടെ പരാതി പിണറായി സർക്കാരിന്റെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള അവകാശവാദങ്ങൾക്ക് നേരെ കടുത്ത ചോദ്യങ്ങളാണ് ഉയർത്തുന്നത്. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴാണ് തനിക്ക് നീതി ലഭിച്ചില്ലായെന്ന് അതിക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയായ ഇര ഇപ്പോഴും പരാതി ഉയർത്തുന്നത്. പ്രതിയായ ദിലീപിന് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാനുള്ള ശ്രമം നടക്കുകയാണെന്നും പരാതിയിലുണ്ട്.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ഭരണകക്ഷിയായ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ ഇടപ്പെട്ടുവെന്ന ഗുരുതരമായ ആരോപണമാണ് അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഈ സർക്കാർ ഒരു സ്ത്രീവിരുദ്ധ സർക്കാരാണെന്ന വ്യാഖ്യാനത്തിന് പോലും ഇടയാകുന്ന തരത്തിലാണ് പരാതിയിലെ പരാമർശങ്ങൾ. സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലാണ് അതിജീവിത താൻ അനുഭവിച്ച വേദനകൾ കോടതിക്ക് മുൻപാകെ വിവരിക്കുന്നത്.

തുടക്കം മുതൽ ഈ കേസിന്റെ അന്വേഷണത്തിന് വേണ്ടി നിലകൊണ്ട പി.ടി തോമസ് എംഎൽഎ ഈ വിഷയം ഏറ്റെടുത്തില്ലായിരുന്നുവെങ്കിൽ അന്ന് തന്നെ ഒരു പക്ഷേ ഈ കേസ് അട്ടിമറിക്കപ്പെടുമെന്നായിരുന്നുവെന്നാണ് മാറിയ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ മനസിലാക്കേണ്ടത്. വിചാരണകോടതിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിൽ അതിജീവിത ഉയർത്തിയിരിക്കുന്നത്.

വിചാരണക്കോടതിയുടെ ജഡ്ജിയുടെ ഭാഗത്തുനിന്നും അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയിൽ ഇടപ്പെടലുകളുണ്ടായി. ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് ദൃശ്യം ചോർന്നതിന്റെ ഉത്തരവാദിത്വം വിചാരണ കോടതിക്കാണ്. ഇതിലെ കുറ്റക്കാരെ കണ്ടെത്താൻ ഇതുവരെയും കോടതി നടപടി സ്വീകരിച്ചില്ല. നീതിപൂർവ്വമായ വിചാരണയ്ക്ക് കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ട്. ദൃശ്യങ്ങൾ അനധികൃതമായി കൈക്കലാക്കിയ കുറ്റവാളികളെ രക്ഷിക്കാൻ ജഡ്ജിക്ക് താൽപര്യമുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണ്. ജഡ്ജിക്ക് നിക്ഷിപ്ത താൽപര്യമുണ്ടോയെന്ന് സംശയിക്കേണ്ടി വരുമെന്നും നടി ഹർജിയിൽ ആരോപിക്കുന്നുണ്ട്. മെമ്മറി കാർഡ് ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയക്കാൻ ഒരു നടപടിയും ജഡ്ജി സ്വീകരിച്ചില്ലായെന്ന് നടി കുറ്റപ്പെടുത്തുന്നുണ്ട്.

നീതിന്യായ വ്യവസ്ഥയ്ക്കും, നീതിനിർവ്വഹണത്തിനും കളങ്കം വരുത്തുന്ന രീതിയിലാണ് ജഡ്ജിയുടെ പെരുമാറ്റം. കേസുമായി ബന്ധപ്പെട്ട തെളിവുകളിൽ കൃത്രിമം കാണിക്കുകയും അവ മറച്ചുവെയ്ക്കുവാൻ ശ്രമിക്കുകയും ചെയ്തുവെന്ന ഗുരുതരമായ കുറ്റം വിചാരണ കോടതി ജഡ്ജിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ സത്യസന്ധവും ന്യായവുമായ വിചാരണ നടക്കുമെന്ന് പ്രതീക്ഷയില്ല. കോടതിയുടെ പരിഗണനയിലിരുന്ന മെമ്മറി കാർഡ് ഉൾപ്പെടെയുള്ള തെളിവുകൾ പ്രതികളുടെ പക്കലെത്തിയതും ഭയപ്പെടുത്തുന്ന വസ്തുതകളാണ്. പ്രതികൾ ഈ തെളിവുകൾ നിയമവിരുദ്ധമായി കൈക്കലാക്കിയത് ഇരയുടെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് അതിജീവിതയുടെ പരാതിയിൽ പറയുന്നു.

പ്രതിയായ ദിലീപിന്റെ അഭിഭാഷകരുടെ ഭാഗത്തുനിന്നും നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളുണ്ടായി. അതിലുപരി, തെളിവുകൾ നശിപ്പിക്കുന്നിനും സാക്ഷികളെ സ്വാധീനിക്കുന്നതിനുമുള്ള നേരിട്ടുള്ള ഇടപ്പെടലുകളുമുണ്ടായി. ഇപ്പോൾ ഭരിക്കുന്ന സർക്കാരിലെ ഉന്നതരുമായി ദിലീപിന്റെ അഭിഭാഷകർക്ക് വലിയ സ്വാധീനമുണ്ട്. ഈ സ്വാധീനമുപയോഗിച്ചാണ് തുടരന്വേഷണം അട്ടിമറിച്ചത്. അതുകൊണ്ട് തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് അഭിഭാഷകരിലേക്കെത്താൻ കഴിയാതെ പോയത്. രാഷ്ട്രീയ ഭരണ നേതൃത്വം കേസന്വേഷണം അട്ടിമറിക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും വേണ്ട ഒത്താശകൾ ചെയ്തതായി ന്യായമായി സംശയിക്കുന്നു.

പ്രോസിക്യൂഷന് പുറമേ അന്വേഷണ ഉദ്യോഗസ്ഥന്മാരെയും രാഷ്ട്രീയ-ഭരണ നേതൃത്വം ഭീഷണിപ്പെടുത്തുകയും അന്വേഷണം അട്ടമറിക്കാൻ ശ്രമിക്കുകയും ചെയ്തതിന് ഫലമായാണ് തുടരന്വേഷണം പാതിവഴിയിൽ നിലച്ചുപോയത്. പ്രതികളും ഭരണക്കാരുമായുള്ള അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവായി വേണം ഈ അട്ടിമറിയെ കണക്കാക്കാൻ. കോടതിയുടെ മേൽനോട്ടത്തിൽ തുടരന്വേഷണം നടക്കണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്.