തിരുവനന്തപുരം: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിചാരണ കോടതിയിൽ വച്ച് കണ്ടു എന്നാണ് ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ഒന്ന്. മെമ്മറി കാർഡ് പരിശോധിച്ച വിവോ ഫോൺ ആരുടേതാണെന്ന് കണ്ടെത്തണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഫോൺ ഓപ്പറേറ്റ് ചെയ്തത് ആരാണെന്ന് പൊലീസിനും പ്രോസിക്യൂഷനും അറിയാം. ടവർ ലൊക്കേഷൻ നോക്കിയാൽ ഇക്കാര്യം എളുപ്പത്തിൽ കണ്ടെത്താം. ദൃശ്യങ്ങൾ കാണാൻ അന്വേഷണ ഉദ്യോഗസ്ഥൻ പല തവണ ആവശ്യപ്പെട്ടെങ്കിലും ബിഗ് നോ എന്നാണ് മറുപടി നൽകിയതെന്നും വിചാരണക്കോടതി വ്യക്തമാക്കി.

അതേസമയം, ദൃശ്യങ്ങൾ വിവോ ഫോണിൽ ഉപയോഗിച്ച സമയത്ത് കോടതി പ്രവർത്തിച്ചിരുന്നില്ലെന്ന് കണ്ടെത്തി. 2021 ജൂലൈ 19ന് കോടതി നടപടികൾ തുടങ്ങിയത് ഉച്ച തിരിഞ്ഞാണെന്നാണ് കണ്ടെത്തൽ. ദൃശ്യങ്ങൾ ഫോണിൽ കണ്ട ദിവസം വിചാരണക്കോടതി രാവിലെ പ്രവർത്തിച്ചിരുന്നില്ല.

നേരത്തെ, പ്രോസിക്യൂഷനെ സഹായിക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫീസറുടേയും പൾസർ സുനിയുടെ അഭിഭാഷകന്റേയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അന്വേഷണ സംഘം പരിശോധിച്ചു. വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ മെമ്മറി കാർഡ് വിവോ ഫോണിൽ ഉപയോഗിച്ച ദിവസം കോടതിയിൽ ഉണ്ടായിരുന്ന എല്ലാവരുടേയും ടവർ ലൊക്കേഷൻ പരിശോധിക്കണമെന്ന് വിചാരണക്കോടതി നിർദ്ദേശം മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം ലൊക്കേഷൻ പരിശോധിച്ചത്.

പ്രോസിക്യൂട്ടറെ സഹായിക്കുന്ന മഞ്ജു എന്ന സിവിൽ പൊലീസ് ഓഫീസർ ആയിരിക്കാമെന്ന തരത്തിൽ പരാമർശങ്ങളും ജഡ്ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ദൃശ്യങ്ങൾ കണ്ടുവെന്ന് എഫ്എസ്എൽ റിപ്പോർട്ടിൽ പറയുന്ന 12.19 മുതൽ 12.54 വരെയുള്ള സമയം സിവിൽ പൊലീസ് ഓഫീസർ ആലുവയിലാണ് ഉണ്ടായിരുന്നത് എന്നാണ് ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് മനസ്സിലാകുന്നത്.

ആലുവ പൊലീസ് ക്ലബ്ബും വിചാരണക്കോടതിയും തമ്മിലുള്ള ദൂരം 20 കിലോമീറ്ററാണ്. പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ എത്തിച്ചേർന്നത് 1.45ഓടെയാണ്. സിഡിആർ പ്രകാരം കോടതിയിലിരുന്ന മെമ്മറി കാർഡ് വിവോ ഫോണിൽ ഉപയോഗിച്ച സമയത്ത് പൾസർ സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പിന്റെ അഭിഭാഷകന്റെ ടവർ ലൊക്കേഷൻ തൃപ്പൂണിത്തുറ ഭാഗത്താണ്.

രണ്ട് മണിവരെ പ്രതീഷ് കുറുപ്പ് ഈ ലൊക്കേഷനിൽ തന്നെയായിരുന്നു. 2.15ന് ശേഷമാണ് അഭിഭാഷകൻ വിചാരണക്കോടതി ഉൾപ്പെടുന്ന കലൂർ ടവർ ലൊക്കേഷനിലേക്ക് എത്തുന്നത്. ഇതോടെ പൾസർ സുനിയുടെ അഭിഭാഷകനും പ്രോസിക്യൂഷനെ സഹായിക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫീസറും മെമ്മറിക്കാർഡ് ഫോണിൽ ഉപയോഗിച്ച സമയത്ത് കോടതിയിൽ ഉണ്ടായിരുന്നില്ല എന്നാണ് അന്വേഷണ സംഘം കണ്ടത്തിയത്. അന്ന് മൂന്ന് മണിക്കാണ് താൻ എട്ട് ഫയലുകളും കണ്ടത് എന്ന് പ്രതീഷ് കുറുപ്പ് കോടതിയിൽ സ്വന്തം കൈപ്പടയിൽ എഴുതിക്കൊടുത്തിരുന്നു.

കോടതിയുടെ പരിഗണനയിലിരിക്കെ മെമ്മറി കാർഡ് ആര് തുറന്ന് ഉപയോഗിച്ചാലും ഉത്തരവാദിത്വം വിചാരണക്കോടതിയിലെ പ്രിസൈഡിങ് ഓഫീസർക്കാണ്. 2021 ജൂലൈ 19നാണ് ട്രഷറി ചെസ്റ്റിൽ ഉണ്ടായിരുന്ന മെമ്മറി കാർഡ് 35 മിനിറ്റോളം വിവോ ഫോണിൽ ആക്സസ് ചെയ്തത്. ഇതേസമയം, വാട്സ്ആപ്പും ടെലിഗ്രാമും ഉൾപ്പെടെയുള്ള ഉപയോഗിച്ചിരുന്നു എന്നും എഫ്എസ്എൽ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

കോടതിയിൽ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഓപ്പറേറ്റ് ചെയ്തത് പ്രോസിക്യൂഷനും ഫോറൻസിക് ഉദ്യോഗസ്ഥരും മാത്രമാണെന്ന് ജഡ്ജി നേരത്തെ നിരീക്ഷിച്ചിരുന്നു. ജഡ്ജി ദൃശ്യങ്ങൾ കണ്ടു നടന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല.നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കാണാൻ വിചാരണക്ക് മുമ്പ് മൂന്നോ നാലോ തവണ അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് ആവശ്യപ്പെട്ടിരുന്നതാണ്. അദ്ദേഹത്തോട് ഒരു ബിഗ് നോ ആണ് മറുപടി നൽകിയത്. വിചാരണയ്ക്ക് ആവശ്യമെങ്കിൽ മാത്രം കണ്ടാൽ മതി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. അന്വേഷണം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലേ എന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. കേസ് ഈ മാസം 19 ലേക്ക് മാറ്റി.