- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുതുല്യനായ അഭിഭാഷകനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് പൊളിട്ടിക്കൽ അനുമതി കിട്ടില്ല; രാമൻപിള്ളയെ പ്രതിയാക്കാനുള്ള നീക്കം നടക്കില്ല; കാവ്യാ മാധവനെ ചോദ്യം ചെയ്താലും അത് സാക്ഷിയായി മാത്രം; നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ എണ്ണം ഇനി കൂടില്ല; അതിജീവിതയും നിയമ പോരാട്ടത്തിന്
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ അഭിഭാഷകർ പ്രതിയാകില്ല. മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള ഉൾപ്പെടെ മൂന്ന് അഭിഭാഷകരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യില്ല. പ്രതിയായ നടൻ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനെ ചോദ്യം ചെയ്യാനുള്ള തീരുമാനവും ക്രൈംബ്രാഞ്ച് വൈകും. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എ.ഡി.ജി.പി. ഷേഖ് ദർവേഷ് സാഹിബുമായി ചർച്ച നടത്തും. അന്വേഷണത്തിന്റെ പുരോഗതി ഡി.ജി.പിയെ അറിയിക്കും.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ അഭിഭാഷകരെ പ്രതിചേർക്കില്ലെന്നാണ് സൂചന. ഈ വിവാദമാണ് എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിൽ നിന്ന് മാറ്റാൻ തീരുമാനം. വ്യക്തമായ തെളിവില്ലാതെ അഭിഭാഷകർ ഉൾപ്പെടെയുള്ളവരെയും സ്ത്രീകളെയും ചോദ്യംചെയ്യുന്നതിനെയും സർക്കാർ അനുകൂലിക്കുന്നില്ല. കാവ്യ മാധവനേയും വെറുതെ വിടണമെന്ന നിലപാട് സർക്കാരിലെ പല ഉന്നതർക്കുമുണ്ട്. അങ്ങനെ വന്നാൽ സാക്ഷിയെന്ന നിലയിൽ പോലും കാവ്യയെ ഇനി ചോദ്യം ചെയ്യാൻ സാധ്യത കുറവാണ്. ചോദ്യം ചെയ്താൽ പോലും അത് സാക്ഷിയെന്ന നിലയിൽ മാത്രമായിരിക്കും.
എഫ്.ഐ.ആർ. റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ അന്വേഷണം ഊർജിതമാക്കാൻ എ.ഡി.ജി.പി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം നീക്കം തുടങ്ങിയതിനു പിന്നാലെയാണ് അദ്ദേഹത്തിനു സ്ഥാനചലനമുണ്ടായത്. മെയ് 30-നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണു ഹൈക്കോടതി നിർദ്ദേശം. ഇപ്പോഴുള്ള തെളിവുകൾ തന്നെ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമാണെന്ന വിലയിരുത്തലുമുണ്ട്. കൂടുതൽ പ്രതികൾ ഇനി കേസിലുണ്ടാകില്ല.
അഡ്വ. ബി. രാമൻപിള്ള ഒഴികെയുള്ള രണ്ട് അഭിഭാഷകരിൽ നിന്നു മൊഴിയെടുക്കണോ എന്ന കാര്യത്തിൽ പുതിയ ക്രൈംബ്രാഞ്ച് മേധാവിയുടെ നിലപാട് നിർണായകമാകും. രാമൻപിള്ളയുടെ മൊഴി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി ചുമതലയേറ്റതിനു പിന്നാലെയാണു ഡി.ജി.പി., എ.ഡി.ജി.പി. റാങ്കിൽ സുപ്രധാന ചുമതലകൾ വഹിച്ചിരുന്ന നാല് ഐ.പി.എസ്. ഓഫീസർമാരുടെ തസ്തികകളിൽ മാറ്റമുണ്ടായത്. അഭിഭാഷക വൃത്തിയിൽ രാമൻപിള്ളയെ ഗുരുതുല്യനായി കാണുന്ന വ്യക്തിയാണ് ശശി.
അതിനിടെ, രണ്ടു സാമ്പത്തിക തട്ടിപ്പു കേസുകളിൽ സൈബർ ഹാക്കർ സായ്ശങ്കറെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിർദ്ദേശം നൽകി. കേസുമായി സായ്ശങ്കർ സഹകരിക്കുന്നുണ്ടെന്ന പ്രോസിക്യൂഷന്റെ മറുപടിയെത്തുടർന്നാണു ഹൈക്കോടതി ഉത്തരവ്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ചോർത്തിയതു ദിലീപിന്റെ അഭിഭാഷകരുടെ നിർദ്ദേശപ്രകാരമാണെന്നു സായ്ശങ്കർ മൊഴി നൽകിയതിനു പിന്നാലെയാണു തട്ടിപ്പു കേസിലെ അറസ്റ്റ് ഒഴിവാക്കിയത്.
അതിനിടെ ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവിതയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ദീലിപിന്റെ അഭിഭാഷകർക്കെതിരെ അതിജീവിത ബാർ കൗൺസിലിൽ തെളിവുകൾ സമർപ്പിച്ചു. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകർപ്പും രേഖകളുമാണ് അതിജീവിത ബാർ കൗൺസിലിന് കൈമാറിയത്. ഇമെയിലായി നൽകിയ പരാതി സ്വീകരിക്കാൻ കഴിയില്ലെന്ന് ബാർ കൗൺസിൽ വ്യക്തമാക്കിയതിനേത്തുടർന്ന് അതിജീവിത രേഖാമൂലം പരാതി നൽകിയിരുന്നു.
അഭിഭാഷകർ ചട്ടങ്ങൾ ലംഘിച്ച് സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാൻ നേരിട്ടിറങ്ങിയെന്നും ചൂണ്ടിക്കാട്ടുന്ന തെളിവുകൾ ഉൾപ്പെടെയാണിത്. രാമൻപിള്ള ഉൾപ്പെടെയുള്ള അഭിഭാഷകർ നിയമവിരുദ്ധ ഇടപെടലുകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടും അതിജീവിത ബാർ കൗൺസിലിനെ സമീപിച്ചിരുന്നു. നടൻ ദിലീപിന്റെ അഭിഭാഷകരായ ബി രാമൻ പിള്ള, ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയാണ് അതിജീവിതയുടെ പരാതി. കേസ് അട്ടിമറിക്കാൻ പ്രതികൾക്കു വേണ്ടി അഭിഭാഷകർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്ന ആശങ്കയാണ് പരാതിയിൽ. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകർ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് അതിജീവിത ഉയർത്തുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം വൈദികന്റെ മൊഴിയെടുത്തു. ദിലീപുമായി സൗഹൃദം ഉണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടിൽ പോയിരുന്നതായും വൈദികൻ മൊഴി നൽകി. ദിലീപിന്റെ ഫോണിൽ നിന്ന് വൈദികന്റെ അക്കൗണ്ടിൽ പണം അയച്ചതിന്റെ രേഖകൾ കണ്ടെത്തിയതിനെ തുടർന്നാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വൈദികനായ വിക്ടറിന്റെ മൊഴിയെടുക്കുന്നതിനു വേണ്ടി അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. ആലുവ പൊലീസ് ക്ളബിൽ വച്ചാണ് വൈദികന്റെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ സംവിധായകൻ ബാലചന്ദ്രകുമാർ വൈദികൻ വഴി തന്നോട് പണം ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ