- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്യയിൽ പൾസർ സുനി കവർ എത്തിച്ചു കൊടുക്കുന്നത് കണ്ട സാഗർ; മൊഴിയിലും എല്ലാം ആവർത്തിച്ചു; കോടതിയിൽ മാറ്റിയും പറഞ്ഞു; അതിന് കാരണം ആലപ്പുഴ റെയ്ബാൻ ഹോട്ടലിലെ ആ ഇടപാട്; തെളിവായി ദിലീപിന്റെ സഹോദരന്റെ ഓഡിയോ
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗറിനെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന തെളിവുകളും പുറത്തു വന്നു. കാവ്യ മാധവന്റെ ഡ്രൈവർ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാൻ ഹോട്ടലിൽ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലിൽ മുറിയെടുത്ത് എന്നാണ് റിപ്പോർട്ട്.
റൂമെടുത്തത് സുനീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടൽ രജിസ്റ്ററിന്റെ പകർപ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ശബ്ദരേഖയും റിപ്പോർട്ടർ ടിവി പുറത്തു വിട്ടു. കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗർ. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പൾസർ സുനി കവ്യാ മാധവന്റെ ലക്ഷ്യയിലെത്തി ഒരു കവർ കൊടുക്കുന്നത് താൻ കണ്ടിരുന്നതായാണ് സാഗർ നേരത്തെ നൽകിയിരുന്ന മൊഴി. എന്നാൽ ഇയാൾ പിന്നീട് അത് മാറ്റുകയായിരുന്നു.
മൊഴി മാറ്റാൽ സാഗറിനുനേൽ സ്വീധിനം ചെലുത്തിയിരുന്നുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉൾപ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 2017 നവംബർ 15 തിയതി നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, കേസിൽ നേരത്തെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്ര കുമാർ സൂചിപ്പിച്ച വിഐപി, ദിലീപിന്റെ മറ്റൊരു സുഹൃത്ത് ബൈജു എന്നിവരാണ് സംഭാഷണം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്.
സാഗറിന് ആലപ്പുഴയിലേക്ക് സ്വിഫ്റ്റ് കാറിൽ കൊണ്ടുപോയി അവിടെ നിന്നും മനംമാറ്റിയാണ് തിരികെ കൊണ്ടുവന്നതെന്നു അനൂപ് ദിലീപിനോട് പറയുന്നുണ്ട്. തന്റെ അഭിഭാഷകനായ ഫിലിപ്പ് ടി വർഗ്ഗീസിനെ കാണാൻ സാഗർ പോയോ എന്ന ദീലീപിന്റെ ആകാംഷയോട് കൂടിയ ചോദ്യത്തിന് മറുപടിയായാണ് അനൂപിന്റെ മറുപടി.സാഗർ മൊഴിമാറ്റിയ സാഹചര്യത്തിൽ പൊലീസിന് ഇനി സാഗറിനെ തൊടാൻ കഴിയില്ലെന്ന് ആയിരുന്നു അവിടെ ഉണ്ടായിരുന്ന വിഐപിയുടെ പ്രതികരണം.
അതേസമയം, സാഗറിനെ സ്വാധീനിച്ചെന്ന് കണ്ടെത്തിയാൽ ദിലീപിന്റെ ജാമ്യം റദ്ദാകുമോ എന്ന ആശങ്ക സഹോദരി ഭർത്താവായ സുരാജ് പങ്കുവെയ്ക്കുന്നതും ശബ്ദ സന്ദേശത്തിൽ വ്യക്തമാണ്. ഈ ഓഡിയോയും ദിലീപിനെ വെട്ടിലാക്കുന്നതാണ്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ സാഗറിന്റെ മൊഴി മാറ്റാൻ ദിലീപും സംഘവും ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. കേസിലെ നിർണായക സാക്ഷികളിലൊരാളെന്ന നിലയിൽ സാഗറിന്റെ മൊഴി മാറ്റം കേസിനെ സാരമായി ബാധിച്ചിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കേസിൽ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്നതിലും സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കാനും പറ്റിയ നിർണായക സാക്ഷിയായേനെ സാഗർ. 2017 ൽ നടിയെ ആക്രമിച്ച സംഭവത്തിനു പിന്നാലെ പൾസർ സുനി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഒരു കവർ കൊണ്ടു കൊടുക്കുന്നത് താൻ കണ്ടെന്നായിരുന്നു സാഗർ ആദ്യഘട്ടത്തിൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഇത് അക്രമ ദൃശ്യങ്ങളെന്നായിരുന്നു പ്രോസിക്യൂഷൻ വാദം,
സാഗർ അന്ന് ഇക്കാര്യം തന്റെ കാമുകിയായ ഷാരോണിനോടും സുഹൃത്തിനോടും പറഞ്ഞിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ കാമുകി പൊലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. സാഗർ അന്വേഷണ സംഘത്തോട് ഇക്കാര്യം പറഞ്ഞെങ്കിലും എന്നാൽ കോടതിയിൽ മൊഴി മാറ്റി പറയുകയായിരുന്നു. ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗർ. ഇയാൾ ഇപ്പോഴും ലക്ഷ്യയിലാണ് ജോലി ചെയ്യുന്നതെന്നാണ് സൂചന. നിലവിൽ ദിലീപിന്റെ നിരീക്ഷണ വലയത്തിലാണ് സാഗറുള്ളതെന്നും സൂചനയുണ്ട്.
സാഗറിനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇയാളുടെ കൂടെയുണ്ടായിരുന്നവർ ഭീഷണി സ്വരത്തിൽ സംസാരിച്ച് മടക്കി അയക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ