- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെ പ്രതി ചേർക്കാർ പ്രഥമദൃഷ്ട്യാ തെളിവ് പോര; പാതി വെന്ത വസ്തുക്കൾ വച്ച് കോടതി നടപടികളെ ചോദ്യം ചെയ്യരുത്; ഫോണുകൾ ഹാജരാക്കാത്തതിനെ നിസ്സഹകരണമായി കാണാനാവില്ല; വിമർശനങ്ങൾക്കും വിധിയിൽ മറുപടി; ദിലീപിന് ജാമ്യം അനുവദിക്കുന്നത് മതിയായ തെളിവുകൾ ഇല്ലെന്ന് വിശദീകരിച്ചു തന്നെ; എഫ് ഐ ആർ റദ്ദാക്കാൻ ഇനി ഹർജി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും മറ്റു പ്രതികൾക്കും ഒടുവിൽ മുൻകൂർ ജാമ്യം ലഭിക്കുമ്പോൾ ക്രൈംബ്രാഞ്ച് നേരിടുന്നത് വമ്പൻ പ്രതിസന്ധി. ശക്തമായ വാദം നടത്തിയിട്ടും ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷനും തിരിച്ചടിയായി.
ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാൻ ഒന്നുമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഫോണുകൾ ഹാജരാക്കാത്തത് നിസ്സഹകരണമായി കണക്കാക്കാൻ കഴിയില്ല. കൈവശമുള്ള ഫോണുകൾ കൈമാറി. പാതി വെന്ത വസ്തുക്കൾ വച്ച് കോടതി നടപടികളെ ചോദ്യം ചെയ്യരുത്. നിതിന്യായ വ്യവസ്ഥയെ കുറിച്ച് മനസ്സിലാകാതെയാണ് വിമർശനങ്ങൾ. കേസിൽ ദിലീപിനെ പ്രതിചേർക്കാൻ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ പാമർശമെല്ലാം ദിലീപിന് പൂർണ്ണമായും അനുകൂലമാണ്. അതിനിടെ കേസിലെ എഫ് ഐ ആർ തള്ളാനും ദിലീപിന് വേണ്ടി അഡ്വ ബി രാമൻപിള്ള ഹർജി നൽകും.
കേസിൽ ഒന്നാംപ്രതിയായ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ഡ്രൈവർ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഇതിലാണ് പ്രതികൾക്ക് അനൂകലമായ വിധി വരുന്നത്. ജസ്റ്റീസ് പി.ഗോപിനാഥാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന നിബന്ധനയാണ് കോടതി മുന്നോട്ടുവച്ചത്. ഏതെങ്കിലും സാഹചര്യത്തിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് അപേക്ഷയുമായി എത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ വാദം. അന്വേഷണവുമായി ദിലീപ് അടക്കമുള്ള പ്രതികൾ സഹകരിക്കുന്നില്ലെന്നും മൊബൈൽ ഫോൺ പരിശോധനയ്ക്ക് നൽകിയില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. മൂന്ന് ദിവസം തുടർച്ചയായി ചോദ്യം ചെയ്യലിന് ഹാജരായെന്നും കോടതി നിർദ്ദേശം മാനിച്ച് ഫോണുകൾ കൈമാറിയെന്നും ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു ദിലീപിന്റെ മറുവാദം. തന്നെ കേസിൽ കുടുക്കിയവരുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ അവർ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധ ഗൂഢാലോചന അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതും ഏതാണ്ട് കോടതി അംഗീകരിക്കപ്പെട്ടു.
മൊഴികൾ വിശ്വാസത്തിലെടുക്കരുത്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതിയ മൊഴികൾ എഫ് ഐ ആർ ഇടാൻ വേണ്ടിയാണെന്നും എഫ് ഐ ആർ ദുർബലമാണെന്നും പ്രതിഭാഗം വാദിച്ചു. ചില ഉദ്യോഗസ്ഥർ വ്യക്തിപരമായ വൈരാഗ്യം തീർക്കാനായി ഉണ്ടാക്കിയതാണ് കേസ്. ഭാവനാ സമ്പന്നമായ കഥയാണ്. വധ ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
ഒരു ടാബിലാണ് ബാലചന്ദ്രകുമാർ ദിലീപിന്റെ ശബ്ദം റെക്കോഡ് ചെയ്തത്. യഥാർഥത്തിൽ റെക്കോഡ് ചെയ്ത ഉപകരണം ഹാജരാക്കാതെ കൃത്രിമം നടന്നിട്ടില്ലെന്ന് എങ്ങനെ പറയാൻ കഴിയും. എഡിറ്റ് ചെയ്ത ഭാഗമാണ് ബാലചന്ദ്രകുമാർ നൽകിയിട്ടുള്ളത്. ദിലീപും സഹോദരനും സഹോദരിയുടെ ഭർത്താവും കൂടി ഇരിക്കുമ്പോൾ സംസാരിച്ചതിന്റെ ചില ഭാഗങ്ങൾ മാത്രമാണ് ബാലചന്ദ്രകുമാർ ഹാജരാക്കിയത്. ഇതിൽ ദിലീപ് സംസാരിച്ച ഭാഗം മാത്രമാണ് ഉള്ളത്. ബാലചന്ദ്രകുമാർ ഒരു സംവിധായകനാണ്. ബാലചന്ദ്രകുമാർ പറയുന്ന പല കാര്യങ്ങളും അവിശ്വസനീയമാണ്. വീട്ടിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ എങ്ങനെ ഗൂഢാലോചന ആകും. വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു.
ദിലീപിനേയും മറ്റൊരു കേസിലെ ഒന്നാംപ്രതിയേയും ബന്ധിപ്പിക്കാൻ വേണ്ടിയാണ് ഈ കേസ്. നടിയെ ആക്രമിച്ച കേസിൽ കൃത്യമായ തെളിവുകളില്ലാത്തതിനാൽ ദിലീപിനെ കുടുക്കുന്നതിന് വേണ്ടിയാണ് പുതിയ കേസ്. കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ ബി രാമൻ പിള്ള കോടതിയിൽ വാദിച്ചത്. കേസിൽ എങ്ങനെയെങ്കിലും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒപ്പിടാത്ത ഒരു 161 സ്റ്റേറ്റ്‌മെന്റ് മാത്രമാണ് പ്രോസിക്യൂഷന്റെ ഭാഗത്തിലുള്ള പക്കലുള്ള തെളിവെന്നും ദിലീപ് ഉന്നയിച്ചു.
മറുനാടന് മലയാളി ബ്യൂറോ