തൃശ്ശൂർ: ആലുവ സബ് ജയിലിൽ നിന്ന് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി. കിടന്നുറങ്ങാൻ കട്ടിലും ഫാനും കിട്ടിയെന്നത് മാത്രമാണ് മെച്ചം. എന്നാൽ അതിലും ദുരിതമായിരുന്നു താര രാജാവിന് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടി വന്നത്. ഇടിവണ്ടിയെന്ന് പേരു കേട്ട പൊലീസ് ബസിലെ നിരന്തര യാത്രകൾ നടനെ തളർത്തുകയായിരുന്നു. തെളിവെടുപ്പിന് കൊണ്ടു പോയെടുത്തെല്ലാം കരിങ്കൊടിയും കൂകലും. ഇതും നടനെ അസ്വസ്ഥപ്പെടുത്തി. ജനപ്രിയനായകനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം തീർത്തും അപ്രതീക്ഷിതമായിരുന്നു.

തൃശ്ശൂരിലെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ദിലീപ് ക്ഷീണിതനായിരുന്നു. പൊലീസ് വണ്ടിയിൽ എ.സി.യില്ലാത്തതാണ് ഇതിന് കാരണം. പത്രപ്രവർത്തകരോട് സംസാരിക്കാതിരിക്കാൻ വാഹനത്തിന്റെ ചില്ലുകളെല്ലാം പൊലീസ് അടച്ചു. വണ്ടിയിൽ ചൂടു കൂടിയപ്പോൾ ദിലീപ് കൂടെ വണ്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ചോദിച്ചു. ആ ചില്ലൊന്ന് തുറക്കുമോ. കുറച്ച് കാറ്റ് കിട്ടിക്കോട്ടെ. ചില്ല് തുറക്കരുതെന്നും ദിലീപും പത്രക്കാരുമായി സംസാരിക്കാൻ അനുവദിക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ കർശനനിർദേശമുണ്ടായിരുന്നു. അതിനാൽ തുറന്നില്ല. ദിലീപ് കൈവെള്ള കൊണ്ട് മുഖത്ത് വീശി കാറ്റ് വരുത്തി. നടന്റെ അവസ്ഥ കണ്ട് ചില പൊലീസുകാർ ചില്ല് അല്പം മാറ്റി. അപ്പോഴേക്കും മാധ്യമ പ്രവർത്തകർ ഓടിയെത്തി. പിന്നെ തുരുതുരാ ചോദ്യങ്ങൾ. ഒന്നും കേൾക്കാതെ ദിലീപും. മാധ്യമങ്ങളോട് ദിലീപ് ഒന്നും പറയുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസും ഉണ്ടായിരുന്നു. തെളിവെടുപ്പിനായി വണ്ടിയിൽനിന്ന് പുറത്തിറക്കിയപ്പോഴും മാധ്യമപ്രവർത്തകർ പലതും ചോദിച്ചെങ്കിലും ഒന്നും മിണ്ടിയില്ല.

ശക്തൻ നഗറിലെ ജോയ്‌സ് പാലസ് ഹോട്ടൽ, കുറുപ്പംറോഡിലെ ഗരുഡ ഹോട്ടൽ, പുഴയ്ക്കൽ കിണറ്റിങ്കൽ ടെന്നിസ് ക്ലബ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. മൂന്നിടങ്ങളിലും ജനം കൂകിവിളിക്കുകയും എഐവൈഎഫ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു. പാർക്കിങ് ഗ്രൗണ്ടിൽ ഗൂഢാലോചന നടത്തിയെന്ന പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോയ്‌സ് പാലസ് ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിലെത്തിച്ചത്. ബഹളം മൂലം ദിലീപിനു പുറത്തിറങ്ങാനായില്ല.

ഗരുഡ ഹോട്ടലിൽ 2016 സെപ്റ്റംബർ പത്തുമുതൽ 19 വരെ ദിലീപ് താമസിച്ചിരുന്ന എട്ടാം നിലയിലെ 801ാം നമ്പർ മുറി, ഒക്ടോബറിൽ താമസിച്ചിരുന്ന 802ാം നമ്പർ മുറി എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി. 15 മിനിറ്റോളം നീണ്ടു നിന്ന തെളിവെടുപ്പിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പ്രവേശനം വിലക്കി. കിണറ്റിങ്കൽ ടെന്നിസ് അക്കാദമിയിൽ ജോർജേട്ടൻസ് പൂരം സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ ദിലീപിനൊപ്പം ഹോട്ടൽ ജീവനക്കാരനെടുത്ത സെൽഫിയിൽ പൾസർ സുനിയും കുടുങ്ങിയിരുന്നു. ഈ സ്ഥലം ദിലീപുമൊത്തു നേരിട്ടെത്തി രേഖപ്പെടുത്തിയ പൊലീസ് ജീവനക്കാരന്റെ മൊഴിയുമെടുത്തു.

2016 നവംബർ 13നു മൂന്നുമുതൽ ആറുവരെയായിരുന്നു ഇവിടെ ഷൂട്ടിങ് നടന്നത്. തെളിവെടുപ്പു പൂർത്തിയാക്കി ഒരു മണിയോടെ ദിലീപുമായി പൊലീസ് സംഘം ആലുവ പൊലീസ് ക്ലബ്ബിലേക്കു പോയി. പെരുമ്പാവൂർ സിഐ ബിജു പൗലോസ്, ആലുവ സിഐ വിശാൽ ജോസ്, അങ്കമാലി സിഐ റിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പകൽ തെളിവെടുപ്പിനു ശേഷം രാത്രി ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാണ് ദിലീപിനെ ഉറങ്ങാൻ അനുവദിച്ചത്.

യാത്രയുടെ ക്ഷീണവും അസ്വസ്ഥതയും ദിലീപ് പ്രകടിപ്പിച്ചെങ്കിലും സംശയമുള്ള മുഴുവൻ കാര്യങ്ങളും ചോദിച്ചറിഞ്ഞ ശേഷമാണ് ഉറങ്ങാൻ അനുവദിച്ചത്.രാവിലെ ക്ലബ്ബിൽ തന്നെ കുളിച്ചു പുതിയ വസ്ത്രങ്ങളണിഞ്ഞു പത്തു മണിയോടെ തൃശൂരിലേക്കു പുറപ്പെട്ടു. രണ്ടു മണിയോടെ തിരിച്ചെത്തി. പൊലീസുകാർ പുറത്തു ഹോട്ടലിൽ നിന്നു വാങ്ങിക്കൊണ്ടു വന്ന ഭക്ഷണമാണു രാവിലെയും ഉച്ചയ്ക്കും ദിലീപ് കഴിച്ചത്.