കൊച്ചി: നടി ആക്രമിച്ച കേസിൽ ദിലീപിനെ തള്ളിപ്പറഞ്ഞ് മാപ്പു സാക്ഷിയാകാൻ നാദിർഷാ തയ്യാറല്ല. എന്നും ഒപ്പം നിന്ന സുഹൃത്തിനെ തള്ളിപ്പറയില്ലെന്നാണ് നാദിർഷായുടെ നിലപാട്. അതിനിടെ നാദിർഷായെ ഗൂഢാലോചനക്കേസിൽ നിന്ന് ഒഴിവാക്കാനും നീക്കം സജീവമാണ്. ദിലീപിനെ സഹായിക്കുക മാത്രമാണ് നാദിർഷാ ചെയ്തത്. ഗൂഡാലചന സമയത്ത് നാദിർഷായ്ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ പുതിയ നിലപാട്. അതുകൊണ്ട് തന്നെ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയേയും നാദിർഷായേയും തെളിവ് നശിപ്പിച്ച വകുപ്പിലും കുറ്റകൃത്യം മറച്ചുവച്ച വകുപ്പിലും പ്രതിയാക്കും. ഇത് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ വീണ്ടും കേസ് അന്വേഷണത്തിന്റെ പ്രധാന ചുമതല പെരുമ്പാവൂർ സിഐ ബിജു പൗലോസിന് തിരിച്ചു നൽകി.

കേസുമായി ബന്ധപ്പെട്ട് നടനും എംഎൽഎയുമായ മുകേഷിനെ പൊലീസ് ചോദ്യം ചെയ്യും. പൾസർ സുനി മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. കൂടാതെ, ദിലീപിന്റെ അനുജൻ അനൂപിനേയും നാദിർഷയേയും ദിലീപുമായി അടുപ്പമുള്ള മറ്റുചിലരെയും പൊലീസ് ഇന്ന് ചോദ്യം ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. മുകേഷിന്റെ ഡ്രൈവറായി ഒന്നര വർഷത്തോളം പ്രവർത്തിച്ച പൾസർ സുനിയെ പിന്നീട് മുകേഷ് ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. സുനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അമിത വേഗതയിൽ വാഹനം ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നും മുകേഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനിടെ ദിലീപിന്റെ സഹോദരൻ അനൂപിനേയും പ്രതി ചേർക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

അനൂപ് പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 14ന് ഏലൂരിൽ വച്ചാണ് ഇരുവരും നേരിട്ട് കണ്ടതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നാദിർഷയും ദിലീപും തമ്മിലുള്ള ഫോൺകോളുകളിലും പൊലീസിന് സംശയമുണ്ട്. ഒരു ദിവസം മൂന്ന് തവണ പൾസർ സുനി നാദിർഷായെ വിളിച്ചിട്ടുണ്ട്. ഇത് സംസാരിക്കാൻ നാദിർഷാ ദിലീപിനെ വിളിച്ചിട്ട് 28 മിനുട്ടോളം സംസാരിച്ചിട്ടുണ്ട്. അന്നേ ദിവസം തന്നെ നാദിർഷാ വിഷ്ണുവിനെയും വിളിച്ചതിനുള്ള തെളിവുകൾ പൊലീസിന്റെ കൈവശമുണ്ട്. ഈ സാഹചര്യത്തിലാണ് നാദിർഷ, അപ്പുണ്ണി എന്നിവരെ പൊലീസ് വീണ്ടും ചോദ്യംചെയ്യുന്നത്.

പൾസർ സുനി കൊടുത്തയച്ച കത്ത് നൽകാൻ സഹതടവുകാരനായ വിഷ്ണു ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. എന്നാൽ ദിലീപിനെ കാണാൻ കഴിഞ്ഞിരുന്നില്ല. ദിലീപിനെ ബന്ധപ്പെടാനുള്ള നമ്പർ വിഷ്ണുവിന് ലഭിക്കുന്നത് അനൂപിൽ നിന്നാണ്. അപ്പുണ്ണി ഉപയോഗിക്കുന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശമായി പൾസർ സുനിയുടെ കത്ത് വിഷ്ണു അയച്ച് നൽകുകയായിരുന്നു എന്ന നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സിനിമയുമായി ബന്ധപ്പെട്ട അധികം ആളുകളെ പൊലീസ് ചോദ്യംചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ സംഭവത്തിന്റെ മുഖ്യ സൂത്രധാരനായി ദിലീപ് മാറിയ പശ്ചാത്തലത്തിലാണ് സിനിമ മേഖലയിൽനിന്നുള്ള കൂടുതൽ ആളുകളെ ചോദ്യം ചെയ്യുന്നത്.

മുഖ്യപ്രതി സപൾസർ സുനി ഒന്നര വർഷം മുകേഷിന്റെ ഡ്രൈവറായിരുന്നു. പിന്നീട് ജോലിയിൽനിന്ന് പുറത്താക്കിയ സാഹചര്യം എന്തായിരുന്നു എന്ന് പൊലീസ് അന്വേഷിക്കും. ആന്റോ ജോസഫ് അടക്കമുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ കാവ്യാ മാധവനേയും അമ്മ ശ്യാമളയേയും പൊലീസ് ഏത് നിമിഷവും പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കും. ഇരുവരുടെ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ട് അന്വേഷണ സംഘം. മുകേഷിനേയും നാദിർഷായേയും അപ്പുണ്ണിയേയും അനൂപിനേയും അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുത്ത ശേഷം മാത്രമേ കാവ്യയെ പ്രതിചേർക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ. ഇത് അവർക്കും സൂചനയായി ലഭിച്ചിട്ടുണ്ട്. നാടു വിടാൻ ശ്രമിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇതിനിടെയാണ് കേസിലെ പ്രധാന മേൽനോട്ട ചുമതല പെരുമ്പാവൂർ സിഐ ബിജു പൗലോസിന് നൽകി. അതീവ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ ഐജി ദിനേന്ദ്ര കശ്യപുമായി മാത്രമേ ബിജു പൗലോസ് പങ്കുവയ്ക്കുകയുള്ളൂ. ഈ കേസിൽ ദിലീപിന്റെ അറസ്റ്റിന്റെ ക്രെഡിറ്റ് പലർക്കും നൽകാമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സിഐ ബൈജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേസിൽ അതിനിർണായകമായത്. ദിലീപിൽ നിന്നും വഴിമാറിപ്പോകുമായിരുന്ന കേസ് വീണ്ടും ദിലീപിലെത്തിച്ചത് ബൈജു പൗലോസിന്റെ അന്വേഷണ ചാതുര്യമാണ്. ദിലീപിനെയും നാദിർഷയെയും 13 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തതിനു പിന്നിലും ബൈജു പൗലോസിന്റെ ചാണക്യബുദ്ധി തന്നെയായിരുന്നു.

ആരും അറിയാതെ രഹസ്യമായി തെളിവ് ശേഖരണം നടത്തി. സിനിമാ ലോകത്തിന്റെ പല വിശദീകരണങ്ങളേയും പൊളിക്കാനുള്ള തെളിവുകൾ കണ്ടെത്തി. ജോർജേട്ടൻസ് പൂരത്തിലെ സെൽഫി പുറത്തുവന്നതും ദൃശ്യങ്ങൾ കണ്ടെടുത്തതുമെല്ലാം ബിജുവിന്റെ പദ്ധതിപ്രകാരമായിരുന്നു. കാവ്യാ മാധവന്റെ സ്ഥാപനത്തിലെ റെയ്ഡും അതീവ രഹസ്യമായിരുന്നു. പൊലീസിലെ പല ഉന്നതരും ഇത്തരം നീക്കമൊന്നും അറിയുകയും ചെയ്തില്ല. ഇതിനിടെയാണ് ടിപി സെൻകുമാർ പൊലീസ് മേധാവി സ്ഥാനം ഒഴിഞ്ഞത്. എഡിജിപി സന്ധ്യയ്ക്കെതിരെ അന്വേഷണത്തിൽ ചില വിമർശനങ്ങൾ സെൻകുമാർ ഉയർത്തിയിരുന്നു. ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്ത സാഹചര്യത്തെയാണ് അദ്ദേഹം വിമർശിച്ചത്. എന്നാൽ ഇതിന്റെ പേരിൽ സന്ധ്യയെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി. മേൽനോട്ട ചുമതല ഏൽപ്പിച്ചു.

അതിന് പിന്നാലെ ബൈജു പൗലോസിനെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയെന്നും സൂചന പുറത്തുവന്നു. സിബിഐയിൽ പ്രവർത്തന പരിചയമുണ്ടെന്ന പേരിൽ അന്വേഷണ മേൽനോട്ടത്തിൽ നിയന്ത്രണം ഏറ്റെടുത്ത ദിനേന്ദ്ര കശ്യപ് അന്വേഷണ ചുമതല പലർക്കായി വീതിച്ചു നൽകി. ഫലത്തിൽ കേസിൽ നിർണ്ണായക വിവരങ്ങൾ കണ്ടെത്തിയ ബൈജു പൗലോസിനെ അന്വേഷണത്തിന്റെ നിർണായക ചുമതലയിൽ നിന്ന് മാറ്റുകയായിരുന്നു ചെയ്തത്. എന്നാൽ ബിജു പൗലോസ് ഉത്തരവാദിത്തം നന്നായി നിർവ്വഹിച്ചു.

സിബിഐയിലെ പരിചയ മികവുള്ള കശ്യപ് ഇത് തിരിച്ചറിഞ്ഞു. ഒടുവിൽ ദിലീപിനെ കസ്റ്റഡിയിലെടുത്തുകൊച്ചിയിലെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് വീണ്ടും ചോദ്യം ചെയ്തതും ഒടുവിൽ അറസ്റ്റു രേഖപ്പെടുത്തിയതിനു പിന്നിലും ചുക്കാൻ പിടിച്ചത് ബിജുവായിരുന്നു. ബിജു പൗലോസിനെ അന്വേഷണത്തിൽ വീണ്ടും സജീവമക്കാനുള്ള നീക്കത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അംഗീകരിച്ചു. ഇതോടെ മുകേഷിനെ ചോദ്യം ചെയ്യുന്ന ചുമതലയും ബിജുവിലേക്ക് എത്തുകയാണ്.