കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് ആലുവ സബ് ജയിലിൽ കൊതുകിനെ കൊന്ന് സമയം തള്ളി നീക്കുകയാണ്. ഇപ്പോഴുണ്ടായ വീഴ്‌ച്ചയോടെ മലയാള സിനിമയിലെ ഡോൺ ആയി വിലസിയ നടന്റെ സാമ്പത്തിക ഇടപാടുകൾ എല്ലാം കുഴഞ്ഞു മറിഞ്ഞ അവസ്ഥലാണ്. ചുരുങ്ങിയ കാലം കൊണ്ട് വമ്പൻ ആസ്തി സമ്പാദിച്ച താരം നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. ദുബായിലുള്ള അധോലോക സംഘവുമായും താരത്തിന് ബന്ധമുണ്ടെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. താരത്തിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചതോടെ ഉറക്കം പോയത് മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകൾക്ക് കൂടിയാണ്. വിദേശത്ത് പണമിടപാട് നടത്തുന്നവരും ദിലീപിനെ വിശ്വസിച്ച് റിയൽ എസ്റ്റേറ്റിൽ പണം മുടക്കിയവരും അടക്കമുള്ളവരും ഇപ്പോൾ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്.

ദീലിപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും കൂടുതൽ തെളിവുകൾ ലഭിച്ചതായാണ് അന്വഷേണ സംഘം പറയുന്നത്. വിദേശത്തുള്ള അടുത്ത ബന്ധുവിന്റെ നീക്കങ്ങളും സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ അന്വേഷിക്കാൻ തുടങ്ങി. മലയാള സിനിമകൾ വിദേശ രാജ്യങ്ങളിൽ പ്രദർശിപ്പിക്കാനുള്ള അവകാശം നേടുന്നതിനുള്ള ഓവർസീസ് റൈറ്റിനു ലഭിക്കുന്ന തുക നായക നടന്മാർക്കു ലഭിക്കുന്ന പതിവാണു നിലനിൽക്കുന്നത്. ഈ തുക ദിലീപ് വിദേശ നിക്ഷേപമാക്കി മാറ്റിയതായുള്ള ആരോപണങ്ങളും സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. തുകയിൽ കുറെ ഭാഗം നികുതി വെട്ടിക്കാൻ കുഴൽപണമായും നാട്ടിലെത്താറുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന.

കുറ്റം ബോധ്യപ്പെട്ടാൽ ഫൊറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) പ്രകാരം കേസെടുക്കാനാണു നീക്കം. ഇതിനുള്ള തെളിവെടുപ്പുകൾ അന്തിമ ഘട്ടത്തിലാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം മുന്നേറുന്നത്. കേരളാ പൊലീസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ലഭ്യമായ രേഖകൾ പരിശോധിച്ചു തുടങ്ങി. വിദേശ ഷോകളിൽ പതിവായി പങ്കെടുക്കുന്ന ഗായിക അടക്കം എൻഫോഴ്‌സ്‌മെന്റിനന്റെ നോട്ടപ്പുള്ളിയായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെമ നിയമപ്രകാരം അന്വേഷണം പുരോഗമിച്ചാൽ മലയാളത്തിലെ പല പ്രമുഖരും കുടുക്കിലാകുമെന്നത് ഉറപ്പാണ്.

നേരത്തെ മലയാള സിനിമയിലും ദാവൂദിന്റെ 'ഡി കമ്പനിയുടെ' സജീവ ഇടപെടലെന്ന് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ അന്വേഷണത്തിൽ സൂചന നൽകിയിരുന്നു. മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജൻസിയുടെ ഇടപെടൽ നടക്കുന്നത്. മൂന്ന് കോടി പ്രതിഫലം പറ്റുന്ന ദിലീപിന്റെ മൊത്തം ആസ്തി 800 കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പങ്കുവയ്ക്കുന്നത്. ഇതിന് പിന്നിൽ ദാവൂദ് സംഘത്തിലെ പ്രധാനിയാണെന്നാണ് വിലയിരുത്തലുണ്ടായിരുന്നു.

ദാവൂദിന്റെ വിശ്വസ്താനാണ് ഗുൽഷനാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. ഓരോ താരങ്ങൾക്കും പറഞ്ഞുറപ്പിക്കുന്നതിൽ നാമമാത്ര തുകയാണ് കേരളത്തിൽ കൊടുക്കുക. ബാക്കി തുക ഇടാപാട് നടത്തുന്നത് ഗുൽഷനാണെന്നാണ് കണ്ടെത്തൽ. അതായത് ബാക്കി തുക ഗുൽഷൻ ഹാവാല ഇടപാടുകളിലൂടെ കേരളത്തിലെത്തിക്കും. അല്ലാത്ത പക്ഷം എൻ ആർ ഐ അക്കൗണ്ടിലൂടെ മാറ്റിയെടുക്കും. മലയാള സിനിമയിലെ പല വമ്പൻ ഇടപാടുകളും പൊലീസിന്റെ സംശയ നിഴലിലാണ്. ഒരു നടൻ പൊലീസിന്റെ വലിയൽ ആയിരുന്നു. ഇതോടെ ഈ ഇടപാടുകളിലെ സംശയങ്ങൾ ഉയർന്നു. എന്നാൽ ഒന്നും ആരും അന്വേഷിച്ചില്ല. എന്നാൽ കേന്ദ്ര ഏജൻസികൾ ഇതൊക്കെ പരിശോധിക്കുകയാണ്.

നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പുതന്നെ ദിലീപിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിരുന്നു. ദിലീപടക്കമുള്ള ചില താരങ്ങൾ ആറേഴുവർഷം കൊണ്ട് കുന്നുകൂട്ടിയ സമ്പത്തിന്റെ യഥാർഥ സ്രോതസ്സെന്താണെന്ന വിവരവും തേടുന്നുണ്ട്. താരക്രിക്കറ്റിന്റെ നടത്തിപ്പ് സംബന്ധിച്ചും ചില വിവരങ്ങൾ ഏജൻസികൾക്ക് ലഭിച്ചതായി അറിയുന്നു. ചില സിനിമകൾ നിർമ്മിച്ച ശേഷം പ്രൊഡക്ഷൻ കൺട്രോളർമാർ നിർമ്മാതാക്കളാകുന്നു. പത്ത് കോടി പോലും മുടക്കി സിനിമ എടുക്കുന്നു. ഇതെല്ലാം കള്ളപ്പണത്തിന്റെ സ്വാധീനം മൂലമാണെന്നാണ് എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കും.

ഒരു സിനിമയിൽ അഭിനയിക്കാൻ ദിലീപ് രണ്ടര മുതൽ മൂന്ന് കോടി വാങ്ങുമെന്നാണ് കണക്ക്. ഇതും രണ്ട് കൊല്ലത്തിനപ്പുറം. നൂറു സിനിമകളോളം അഭിനയിച്ചുള്ള ദിലീപിന് പിന്നെ എങ്ങനെ 800് കോടി രൂപ ആസ്തിയുണ്ടായി എന്നതാണ് കേന്ദ്ര സാമ്പത്തിക അന്വേഷണ സംഘങ്ങളെ ഞെട്ടിക്കന്നത്. നടിയെ ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്ന കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ അവലോകന റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ദിലീപിന്റെയും ബന്ധുക്കളുടെയും പേരിൽ 800 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണു പ്രാഥമിക വിവരം. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കു വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്.

ഈ പണമാണ് ഹവാലയായി കണക്കാക്കുന്നത്. മലയാളത്തിൽ കഴിഞ്ഞ അഞ്ചു വർഷം നിർമ്മിച്ച മുഴുവൻ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താനും സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ നീക്കം തുടങ്ങി. ഇതോടെയാണ് ദാവൂദിന്റെ കമ്പനിയുടെ ഇടപെടൽ വ്യക്തമായത്. എല്ലാ സിനിമയുടേയും വിദേശ റൈറ്റ് ഇവർക്ക് കൊടുക്കും. തുച്ഛമായ തുക കണക്കിൽ കാണിക്കും. ബാക്കി തുക ഹവാലയായിരിക്കും. ഇതും നടന്മാരുടെ അക്കൗണ്ടിലേക്കാകും മാറ്റുക. സിനിമാ അഭിനയത്തിന് മുമ്പ് തന്നെ നിർമ്മാതാവും വിതരക്കാരുമായെല്ലാം നടന്മാർ ഇതു സംബന്ധിച്ച ധാരണയുണ്ടാകും. അങ്ങനെ വിദേശത്തെ അക്കൗണ്ടിലാകുന്ന അനധികൃത പണം ഹവാല ചാനലുകളിലൂടെ റിയൽ എസ്റ്റേറ്റിലേക്ക് ഒഴുകും.

മലയാളത്തിൽ കഴിഞ്ഞ അഞ്ചു വർഷം നിർമ്മിച്ച മുഴുവൻ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താൻ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ തീരുമാനിച്ചത് ഈ സാഹചര്യത്താലാണ്. നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി തന്നെ ഹവാല കാരിയറാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. നടിയെ ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്ന കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ അവലോകന റിപ്പോർട്ട് തയാറാക്കി.

ഇപ്പോൾ നടക്കുന്ന അന്വേഷണത്തിനിടയിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങൾ പ്രത്യേക ഫയലായാണു സൂക്ഷിക്കുന്നത്. ഈ അന്വേഷണം പൂർത്തിയാക്കുന്നതോടെ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും. താരസംഘടനയടക്കം മൂന്നാലുവർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ എൻഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലാണ്. ബോളിവുഡിൽ ഹവാലയിടപാടുകളും മറ്റും നടന്നതിന്റെ പകർപ്പാണ് മലയാളത്തിലുമെന്ന വിലയിരുത്തലിലാണിവർ. ദുബായിയിലും മറ്റും നടന്ന കലായാത്രകളുടെ സമയത്താണ് അനധികൃത ഇടപാടുകളുടെ തുടക്കം. ഇത്തരത്തിൽ ലഭിച്ച പണം ആദ്യം സംഘടനയ്ക്കുവേണ്ടി സിനിമ നിർമ്മിക്കാനുപയോഗിച്ചു. തുടർന്നും ഇത്തരത്തിൽ സിനിമകളുണ്ടാകുമെന്ന് പറഞ്ഞിരുന്നതെങ്കിലും ഒന്നും നടക്കാതിരുന്നതും അന്വേഷണവിഷയമാണ്.

അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയാനിരിക്കയാണ്. ദിലീപിന്റെ ഒളിവിൽ കഴിയുന്ന സഹായി അപ്പുണ്ണി കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയും അപ്പുണ്ണിയുമായി കുറ്റകൃത്യത്തിനു ശേഷം 40 തവണ ഫോണിൽ വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പുറമെ ഏഴു തവണ ഇവർ നേരിൽ കണ്ടിട്ടുമുണ്ട്. ഇതോടെ അപ്പുണ്ണിയുടെ അറസ്റ്റ് പൊലീസിന് അനിവാര്യമായിരിക്കുകയാണ്.