കൊച്ചി: നടിയെ ആക്രമിച്ച കേസ് കോടതിയിലും അട്ടിമറിക്കപ്പെട്ടുവോ? ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിനൊപ്പമാണ് നടൻ ദിലീപിന്റെ ഫോണിൽ നിന്ന് നിർണായക കോടതി രേഖകൾ കണ്ടെത്തിയ സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിൽ തീരുമാനം നീളുകയാണ്. ഇതിനിടെയാണ് കോടതി തെളിവുകൾ പൊലീസിന് കിട്ടുന്നത്.

കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്നും പൊലീസ് ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ കോടതി രേഖകൾ ഹാജരാക്കാനും പ്രത്യേക കോടതി നിർദ്ദേശിച്ചു. ചോദ്യം ചെയ്യാനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മൊബൈലിൽ നിന്ന് കിട്ടിയ രേഖകൾ കോടതി പരിശോധിക്കും. അതിന് ശേഷം പൊലീസിന്റെ വാദത്തിൽ അന്തിമ തീരുമാനം എടുക്കും.

കോടതിയിൽ എത്തുന്ന തൊണ്ടിമുതലിന്റെ ചുമതലയുള്ള ക്ലാർക്ക്, ശിരസ്തദാർ എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം അനുമതി തേടിയത്. ദിലീപിന് നൽകാത്ത രഹസ്യമൊഴി ഉൾപ്പെടെയുള്ള രേഖകൾ ഫോണിൽ നിന്ന് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഈ രഹസ്യമൊഴി എങ്ങനെ ചോർന്നുവെന്നാകും അന്വേഷണം. കോടതിയുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയായി ഇതിനെ അന്വേഷണ സംഘം കാണുന്നു.

നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ ഫോണുകളുടെ ഫൊറൻസിക് പരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി രേഖകൾ ചോർന്നെന്ന നിഗമനം. പകർപ്പ് എടുക്കാൻ അനുവാദമില്ലാത്ത രേഖകളാണ് ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെടുത്തതെന്നും ആർക്കൊക്കെ ഇത് കൈമാറിയിട്ടുണ്ടെന്ന് അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

വധഗൂഢാലോചന കേസിന്റെ ഭാഗമായി കഴിഞ്ഞദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കാർ ഇന്നലെയും കൊണ്ടുപോയില്ല. നിലവിൽ കേടായിക്കിടക്കുകയാണ് കാർ. മെക്കാനിക്കുമായി എത്തി അന്വേഷണ സംഘം തന്നെ ഇവിടെ നിന്നു കൊണ്ടുപോകും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കാർ നന്നാക്കി അന്വേഷണ സംഘത്തിനു കൈമാറാൻ ദിലീപിനോടു തന്നെ ആവശ്യപ്പെട്ടെന്നാണ് വിവരം.

കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തേയ്ക്കും എന്നാണ് സൂചന. അതിന് ശേഷം തുടരന്വേഷണത്തിൽ കാവ്യയെ പ്രതിയാക്കണോ എന്ന കാര്യത്തിൽ തിരുമാനം എടുക്കും. അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. കാവ്യയെ പ്രതിയാക്കിയാൽ കേസ് കൂടുതൽ ബലപ്പെടുമെന്നാണ് സൂചന. നിലവിൽ കേസിൽ സാക്ഷിയായിരുന്നു കാവ്യ. എന്നാൽ വിചാരണയിൽ കൂറുമാറി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് കാർ കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രതി പൾസർ സുനി 2016ൽ ദിലീപിന്റെ വീട്ടിലെത്തി പണം വാങ്ങി മടങ്ങിയത് ഈ കാറിലാണെന്നും സംവിധായകൻ പി.ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരൻ അനൂപും അന്നു കാറിൽ ഒപ്പമുണ്ടായിരുന്നു എന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാലചന്ദ്രകുമാറിന്റെ മൊഴി ഇത്തരത്തിലാണ്. അതുകൊണ്ടാണ് കാർ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ദിലീപിനെതിരെ ഒരു തെളിവും പൊലീസിന് കിട്ടിയിട്ടില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ നിലപാട്. അതുകൊണ്ട് തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ദിലീപ് പക്ഷവും.

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവാണ് സുനിയുടെ കത്ത്. ദിലീപും സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് കത്തെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിന്റെ ആധികാരികത ഉറപ്പു വരുത്താൻ സുനിയുടെ കയ്യക്ഷരത്തിന്റെ സാംപിൾ ശേഖരിച്ചു. ഇത് ഉടൻ പരിശോധനയ്ക്ക് അയക്കും. സുനിയുടെ സഹതടവുകാരനായ കുന്നംകുളം സ്വദേശിയുടെ വീട്ടിൽ നിന്നാണ് കത്തു കിട്ടിയത്. ദിലീപിനെതിരെ പരമാർശങ്ങളുള്ള കത്തിൽ എല്ലാവരെയും വിലയ്ക്കെടുത്താലും കോടതി വെറുതെവിട്ടാലും സത്യം അറിയുന്നവർ എല്ലാം എന്നും മൂടിവയ്ക്കും എന്നു കരുതരുതെന്നു മുന്നറിയിപ്പു നൽകുന്നു. എല്ലാം കോടതിയിൽ പറഞ്ഞു ചെയ്ത തെറ്റിനു മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങിക്കൊള്ളാമെന്നും പറയുന്നു.

അതിനിടെ ദിലീപിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഐജി എ.വി.ജോർജ് പ്രതികരിച്ചു. തെളിവുള്ളതുകൊണ്ടാണ് അറസ്റ്റ് ചെയ്തത്. ബാലചന്ദ്രകുമാറിനെ നേരിട്ട് പരിചയമില്ല. രാഷ്ട്രീയക്കാരിൽ നിന്നോ സർക്കാരിൽ നിന്നോ അന്വേഷണ സംഘത്തിന് സമ്മർദം ഉണ്ടായിരുന്നില്ലെന്നും ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എ.വി.ജോർജ് വിരമിച്ചത്.