- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാമത്തെ ഫോൺ ദിലീപിന് വേണ്ടി കൈവശം വച്ചിരുന്നത് ഡ്രൈവർ എന്ന് മൊഴി; സിഡിആറിലെ വിവരങ്ങൾ നടന് വിനയായി മാറും; കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഈ ഫോണുകളിലുള്ളതിനാലാണ് ഇവർ ഫോണുകൾ മാറ്റി പുതിയ ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങിയതെന്ന് അന്വേഷണ സംഘം; ആ ഫോൺ കണ്ടെത്താൻ സൈബർഡോമും
കൊച്ചി: നടൻ ദിലീപിന്റെ നാലാമത്തെ ഫോൺ കണ്ടെത്താൻ ശക്തമായ അന്വേഷണവുമായി ക്രൈംബ്രാഞ്ച്. ഈ ഫോണിനെ കുറിച്ച് അറിയില്ലെന്ന ദിലീപിന്റെ മൊഴി കേസിൽ കുരുക്കായി മാറും. ഇതിന് വേണ്ടിയാണ് ഫോൺ കണ്ടെത്താനുള്ള ശ്രമം. എത്രയവും വേഗം ഇത് കണ്ടെത്താൻ പ്രത്യേക സംഘം സൈബർ ഡോമിന്റെ സഹായം തേടി. ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് ഇതോടെ നിർണ്ണായക തലത്തിലേക്ക് കടക്കുകയാണ്.
ഈ ഫോണിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഫോൺ വിളികളുടെ സാങ്കേതിക വിവരങ്ങൾ (സിഡിആർ) കമ്പനികളുടെ സഹായത്തോടെ ശേഖരിച്ചു പരിശോധിച്ചപ്പോഴാണ് ദിലീപ് 4 ഫോണുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ദിലീപിനു വേണ്ടി ഡ്രൈവറാണ് ഈ ഫോൺ കൈവശം സൂക്ഷിച്ചിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിഗമനം. ഈ ഫോൺ കണ്ടെത്തിയാൽ അന്വേഷണത്തിൽ നിർണ്ണായകമാകും. ദിലീപിന്റെ അറസ്റ്റിലേക്കും കാര്യങ്ങളെത്തും. അതുകൊണ്ടാണ് ഈ ഫോണിൽ ശക്തമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.
ഫോൺവിളി രേഖകൾ (സി.ഡി.ആർ.) ദിലീപിന് എതിരാണ്. ദിലീപിന്റെ കൈയിൽ എത്ര ഫോണുകൾ ഉണ്ടെന്നും ഇവ ഏത് കമ്പനിയുടേതാണെന്നും എത്രനാൾവരെ ഇത് ഉപയോഗിച്ചെന്നും ഇതിലൂടെ കണ്ടെത്തിയിരുന്നു. ദിലീപിന്റെ വാട്സാപ്പ് ചാറ്റ്, കോൾ വിവരങ്ങൾ അറിയാനാണ് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികൾ ഒരു വർഷത്തിനിടെ ഫോൺ മുഖേന ബന്ധപ്പെട്ടവരുടെ വിവരങ്ങളും എസ്.എം.എസ്. സന്ദേശങ്ങളുമെല്ലാം ക്രൈംബ്രാഞ്ചിന്റെ കൈയിലുണ്ട്. ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറും കണ്ടെത്തിയിരുന്നു. റെയ്ഡിൽ പിടിച്ചെടുത്ത മൂന്ന് ഫോണുകളുടെ ഐ.എം.ഇ.ഐ. നമ്പറായിരുന്നില്ല ഇത്.
ഇവ ഈ വർഷം വാങ്ങിയതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതോടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം ജനുവരിയിൽ മുമ്പ് ഉപയോഗിച്ചിരുന്ന ഏഴു ഫോണുകൾ ദിലീപും കൂട്ടരും മാറ്റിയതായി സംശയം ബലപ്പെട്ടത്. 'പാൻനമ്പറും ആധാർകാർഡും ജാതകവും' ചേർന്നാൽ ഒരാളെക്കുറിച്ച് അറിയാൻ കഴിയുന്നത്ര വിവരങ്ങൾ ഒരു മൊബൈൽ ഫോണിനെ കുറിച്ച് അറിയാൻ കഴിയുന്ന നമ്പറാണ് അതിന്റെ ഇന്റർനാഷനൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ). നാലാമതൊരു ഫോൺ ഉപയോഗിക്കുന്നില്ലെന്ന ദിലീപിന്റെ സത്യവാങ്മൂലത്തിന്റെ വിശ്വാസ്യത പരിശോധിക്കാൻ ഏറ്റവും ശാസ്ത്രീയമായ മാർഗമാണ് ഐഎംഇഐ നമ്പറിന്റെ പരിശോധന.
കേസിനു വഴിയൊരുക്കിയ സംഭവമുണ്ടാകുമ്പോൾ ഈ ഫോണിലെ സിംകാർഡ് ഉപയോഗിച്ചു ദിലീപ് ആരെങ്കിലുമൊരാളെ വിളിച്ചതിന്റെ തെളിവായ സിഡിആറും സാക്ഷിമൊഴിയുമുണ്ടെങ്കിൽ കോടതി പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിക്കും. സാക്ഷിമൊഴിയായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുണ്ട്. അതുകൊണ്ട് തന്നെ ഈ ഫോണിൽ നിന്ന് തെളിവ് കിട്ടിയാൽ അത് കേസിൽ നിർണ്ണായകമാകും,. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന 7 മൊബൈൽ ഫോണുകളാണ് ഇവർ മാറ്റിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഈ ഫോണുകളിലുള്ളതിനാലാണ് ഇവർ ഫോണുകൾ മാറ്റി പുതിയ ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങിയതെന്നും അന്വേഷണ സംഘം പറയുന്നു. ഒരു ഐഎംഇഐ നമ്പറിലുള്ള ഫോൺ നശിപ്പിച്ചതിനു ശേഷം അതേ നമ്പറിൽ മറ്റൊരു ഫോൺ നിർമ്മിക്കാൻ ആദ്യ ഫോൺ നിർമ്മിച്ച മൊബൈൽ കമ്പനി തന്നെ വിചാരിക്കണം. എന്നാൽ ഒരു ഫോണിന്റെ മദർ ബോർഡ് ഐടി വിദഗ്ധന്റെ സഹായത്തോടെ മാറ്റി ഘടിപ്പിച്ചു സംശയിക്കപ്പെടുന്ന ഫോണിന്റെ ഐഎംഇഐ നമ്പർ മാറ്റിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ബോർഡ് മാറ്റിയ കാര്യം പരിശോധനയിൽ തെളിയും.
അതു ചെയ്യുന്ന ഐടി വിദഗ്ധനും തെളിവു നശിപ്പിച്ച കുറ്റത്തിനു പ്രതിയാകും. ഇതിന് വേണ്ടിയാണോ ദിലീപ് തന്റെ ഫോണുകൾ മുംബൈയിലേക്ക് അയച്ചതെന്ന സംശയവും ക്രൈംബ്രാഞ്ചിനുണ്ട്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക തെളിവെന്ന് വിലയിരുത്തപ്പെടുന്ന ദിലീപിന്റെ ഫോണുകൾ ഉടൻ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. തിങ്കളാഴ്ച രാവിലെ 10.15 ന് മുൻപ് ഫോണുകൾ സീൽ ചെയ്ത കവറിൽ ഫോൺ ഹൈക്കോടതി രജിസ്റ്റർ ജനറലിന് മുന്നിൽ ഹാജരാക്കണം എന്നും കോടതി വ്യക്തമാക്കി.
എന്നാൽ, ഫോൺ ഹാജരാക്കാൻ കഴിയില്ലെന്നായിരുന്നു ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ സ്വീകരിച്ചത്. എന്നാൽ ഹാജരാക്കിയേ തീരൂ എന്ന് നിലപാട് കടുപ്പിക്കുയയാണ് കോടതി ചെയ്തത്. ഫോൺ ഹാജരാക്കിയേ മതിയാവു എന്ന് അറിയിച്ച കോടതി വിഷയത്തിൽ ഇടക്കാല ഉത്തരവ് ഇറക്കുകയാണ് എന്നും വേണമെങ്കിൽ ഉത്തരവിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കുകയായിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഹാജരാക്കിയാൽ മതിയോ എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറു ചോദ്യം.ഫോണുകൾ മുംബൈയിലാണ് എന്നും ഹാജരാക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം. കാരണങ്ങൾ കോടതിയെ അറിയിക്കാമെന്നും ദിലീപ് വ്യക്തമാക്കി.
പിന്നീടാണ് ചൊവ്വാഴ്ച വരെ സമയം തേടിയത്. എന്നാൽ ഇതിന് മറുപടി നൽകിയ കോടതി ഇപ്പോൾ ശനിയാഴ്ച 12 മണി ആയിട്ടേ ഉള്ളു എന്നായിരുന്നു. ദിലീപിന് മറ്റ് പൗരന്മാർക്ക് ലഭിക്കുന്ന പ്രിവിലേജാണ് ലഭിക്കുന്നത് എന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. കോടതിയിൽ നടക്കുന്നത് സമൂഹം കാണുന്നുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. നാലു ഫോണുകളിൽ മൂന്നേണ്ണത്തെ കുറിച്ച് മാത്രമേ തനിക്ക് അറിയാവൂ എന്നാണ് ദിലീപ് എടുക്കുന്ന നിലപാട്.
മറുനാടന് മലയാളി ബ്യൂറോ