കൊച്ചി: മഞ്ജു വാര്യരുമായുള്ള ദാമ്പത്യബന്ധം തകരാൻ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷൻ നൽകിയത്. 2013ൽ ക്വട്ടേഷൻ ഏറ്റെടുത്ത പൾസർ സുനിക്ക് പറഞ്ഞ സമയത്തൊന്നും ദൗത്യം പൂർത്തിയാക്കാനായില്ല. ഒടുവിൽ ദിലീപിന്റെ ക്ഷമ കെട്ടു. നിന്നെ ഒരു കാര്യം ഏല്പിച്ചിട്ട് കുറേ നാളായല്ലോ'. ദേഷ്യംപിടിച്ചുള്ള ദിലീപിന്റെ ഈ ചോദ്യത്തിനു പിന്നാലെയാണ് പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടും കൽപ്പിച്ചിറങ്ങി. അങ്ങനെയാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി അശ്‌ളീലദൃശ്യങ്ങൾ പകർത്തിയതെന്ന് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

കൂട്ട ബലാത്സംഗം നടത്തി ദൃശ്യങ്ങൾ പകർത്താനായിരുന്നു ദിലീപ് ക്വട്ടേഷൻ നൽകിയതത്രെ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം മഞ്ജു വാര്യരെ അറിയിച്ചത് നടി ആയിരുന്നു. ഇതാണ് ദിലീപിന്റെ വൈരാഗ്യത്തിന് പിന്നിൽ എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ക്വട്ടേഷൻ നൽകിയത് വർഷങ്ങൾക്ക് മുമ്പാണ്. എന്നാൽ നടിയുടെ വിവാഹം തീരുമാനിച്ചതോടെയാണ് പെട്ടെന്ന് നടപ്പിലാക്കാൻ പൾസർ സുനിയോട് ആവശ്യപ്പെട്ടതത്രെ. അതി ക്രൂരമായ കാര്യങ്ങൾ ആണ് ദിലീപ് ആവശ്യപ്പെട്ടത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്തായാലും അത്രയും ക്രൂരത നടിക്ക് അനുഭവിക്കേണ്ടി വന്നില്ലെന്നാണ് കുറ്റാരോപണം.

ഏറെക്കാലത്തെ ഗൂഢാലോചന വെളിവാക്കുന്ന തെളിവുകളും ഇന്നലെ അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. എട്ടാം പ്രതിയാണ് ദിലീപ്. മഞ്ജുവാര്യരാണ് പ്രധാന സാക്ഷി. 2013ൽ ക്വട്ടേഷൻ ഏറ്റെടുത്ത പൾസർ സുനിക്ക് പറഞ്ഞ സമയത്തൊന്നും ദൗത്യം പൂർത്തിയാക്കാനായില്ല. പിന്നീടൊരിക്കൽ നേരിട്ട് കണ്ടപ്പോഴാണ് ദിലീപ് ക്വട്ടേഷന്റെ കാര്യം വീണ്ടും ഓർമ്മിപ്പിച്ച് ചൂടായത്. ഇതോടെയാണ് വീണ്ടും നീക്കം സജീവമാക്കിയത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഏഴു പേരെ പ്രതിയാക്കി നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഏഴാം പ്രതി ചാർളിയെ മാപ്പുസാക്ഷിയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാൽ, ഇയാൾ പിന്മാറി. അതിനു പിന്നിൽ ദിലീപിന്റെ അഭിഭാഷകരിൽ ഒരാൾ പ്രവർത്തിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും യഥാർത്ഥ മെമ്മറി കാർഡും കണ്ടെത്താനായില്ലെന്ന് കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 17ന് രാത്രി എട്ടു മണിയോടെയാണ് തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് കാറിൽ യാത്ര ചെയ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ ദിലീപ് 85 ദിവസം ജയിലിൽ കഴിഞ്ഞു.

തനിക്കു ബന്ധമില്ലാത്ത സംഭവത്തിൽ പൾസർ സുനി പണം ആവശ്യപ്പെട്ടു ബ്ലാക്‌മെയിൽ ചെയ്യുന്നതായി കാണിച്ച് ഏപ്രിൽ 20നു ദിലീപ് ഡിജിപിക്കു പരാതി നൽകി. തെളിവായി വാട്‌സാപ്പിൽ ലഭിച്ച കത്തും ഫോൺ വിളിയുടെ ശബ്ദരേഖയും നൽകി. എന്നാൽ, ദിലീപിന്റെ പരാതിയിൽ വസ്തുതയില്ലെന്നു പൊലീസ് കണ്ടെത്തി. ദിലീപിനെയും സുനിൽകുമാറിനെയും ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിനു പരാതി കാരണമായി മാറുകയും ചെയ്തു. സുനിൽകുമാറിനു വേണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതിയിൽ പറഞ്ഞ സഹതടവുകാരൻ വിഷ്ണുവിനെ പൊലീസ് പിടികൂടിയപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായി. ഇതാണ് നിർണ്ണായകമായത്.

പൾസർ സുനിയുമായി ഒരു ബന്ധവുമില്ലെന്നു ദിലീപ് ആവർത്തിക്കുമ്പോഴാണ് ഇരുവരും ഒരുമിച്ചു തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിൽക്കുന്ന ചിത്രം പുറത്തായത്. ജൂൺ അവസാനം പൊലീസിനു ലഭിച്ച ചിത്രങ്ങൾ ഒടുവിൽ ദിലീപ് അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രത്തിന്റെ ലൊക്കേഷനിലേതായിരുന്നു. ബന്ധപ്പെട്ടവരെ ചോദ്യംചെയ്തതിൽനിന്നു കാര്യങ്ങൾ വ്യക്തമായെന്നും കുറ്റപത്രം വിശദീകരിക്കുന്നു.