കൊച്ചി: താരസംഘടനയിൽ നിന്നുള്ള രാജിയിൽ വിശദീകരണവുമായി നടൻ ദിലീപ്. ഫെയ്‌സ് ബുക്കിലൂടെയാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്. ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയതാണെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞിരുന്നു. എന്നാൽ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ് വിശദമായ ചർച്ചകൾക്ക് ശേഷമാണു രാജികത്ത് നൽകിയതെന്നാണ് ദിലീപ് പറയുന്നത്. രാജികത്ത് സ്വീകരിച്ചാൽ അത് രാജിയാണ്, പുറത്താക്കലല്ലെന്നും വിശദീകരിച്ചിരിക്കുന്നു.

ഫെയ്‌സ് ബുക്കിലെ കുറിപ്പിനൊപ്പം രാജിക്കത്തും ദിലീപ് പുറത്തു വിട്ടിട്ടുണ്ട്. താൻ നിരപരാധിയാണെന്ന ആമുഖത്തോടെയാണ് കത്ത് തുടങ്ങുന്നത്. അമ്മയുടെ ജനറൽ സെക്രട്ടറിക്കാണ് കത്ത് നൽകിയത്. ഈ മാസം 10-ാം തീയതിയാണ് കത്ത് നൽകിയതെന്നും വ്യക്തമാക്കുന്നു. തന്നെ താരസംഘടന പുറത്താക്കിയെന്ന ചർച്ചകൾക്കിടെയാണ് ദിലീപും പ്രതികരണവുമായെത്തുന്നത്. കഴിഞ്ഞ ദിവസവും ദിലീപിനെതിരെ വനിതാ കൂട്ടായ്മ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപും ഫെയ്‌സ് ബുക്കിലൂടെ കാര്യങ്ങൾ വിശദീകരിക്കുന്നത്.

ജനറൽ ബോഡിയിൽ ചർച്ച ചെയ്ത് തന്നെ സംഘടനയ്ക്ക് പുറത്താക്കാൻ ആർക്കുമാകില്ലെന്ന വാദമാണ് രാജിക്കത്തിലും പോസ്റ്റിലും ദിലീപ് വ്യക്തമാക്കുന്നത്. സംഘടനയിൽ തനിക്കുള്ള പിന്തുണയെ കുറിച്ച് നന്നായി അറിയാമെന്ന് തന്നെയാണ് വാക്കുകളിലൂടെ ദിലീപ് വിശദീകരിക്കുന്നത്. കൈനീട്ടം അടക്കം നിരവധി പേർക്ക് താങ്ങും തണലുമാണ് സംഘടന. അത്തരമൊരു സംഘടനയെ നിലനിർത്താനുള്ള വീട്ടുവീഴ്ചായാണ് തന്റെ രാജിയെന്നാണ് ദിലീപ് പറയാതെ പറയുന്നത്.

നിങ്ങൾക്ക് അറിയാവുന്നത് പോലെ മനസാ വാചാ അറിയാത്ത കുറ്റത്തിന് കഴിഞ്ഞ ഒന്നരവർഷമായി ഞാൻ വേട്ടയാടപ്പെടുകായണ് എന്ന് അമ്മയക്ക് നൽകിയ കത്തിൽ ദിലീപ് പറയുന്നു. അമ്മയുടെ അവൈലബിൾ എക്‌സിക്യൂട്ടീവ് എന്നെ പുറത്താക്കിയതും തിരിച്ചെടുത്തതുമെല്ലാം അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയാണ്. വിവാദങ്ങൾ തുടങ്ങിയപ്പോൾ സംഘടനയുടെ നന്മയെ കരുതി എനിക്കെതിരെ ആരോപിക്കപ്പെട്ട കേസിൽ കോടതിയുടെ തീർപ്പുണ്ടാകും വരെ സംഘടനയിലേക്ക് തിരിച്ചുവരില്ലെന്ന് അമ്മയ്ക്ക് കത്ത് നൽകിയിരുന്നു.

അതുകൊണ്ട് അരിശം തീരാത്തവർ എന്റെ പേരിൽ അമ്മയെ ആക്രമിക്കുന്നു. എന്റെ പേരിൽ അമ്മയെ ഇല്ലായ്മ ചെയ്യാനാണ് ചിലരുടെ ശ്രമം. ഒരു ജനറൽ ബോഡി കൊക്കൊണ്ട തീരുമാനം മറ്റാൻ മറ്റൊരു ജനറൽ ബോഡിക്ക് മാത്രമേ അവകാശം ഉള്ളൂ. ആ നിയമാവലി ഉള്ളപ്പോൾ ഒരു അംഗത്തെ വിശദീകരണം പോലും ചോദിക്കാനാവാത്ത പുറത്താക്കാനാവില്ല. മാധ്യമ പിന്തുണ ഒന്ന് കൊണ്ട് പൊതു ബോധത്തെ അട്ടിമറിക്കാനാണ് നുണ പ്രചചരണം. അത്തരക്കാരുടെ ഉപജാപങ്ങളിൽ അമ്മ തകരാൻ പാടില്ല. അതിനാൽ അമ്മയുടെ അംഗത്വത്തിൽ നിന്നും ഒഴിവാക്കണമെന്നാണ് രാജി കത്തിന്റെ രത്‌നചുരക്കം.

ദിലീപിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

'അമ്മ ' എന്നസംഘടനയിൽ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങൾക്കും,പൊതുജനങ്ങൾക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും, എല്ലാവർക്കുമായ്ഞാൻ പങ്കുവയ്ക്കുകയാണ്, അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോൾ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ് വിശദമായ ചർച്ചകൾക്ക് ശേഷമാണു രാജികത്ത് നൽകിയത്. രാജികത്ത് സ്വീകരിച്ചാൽ അത് രാജിയാണ്,പുറത്താക്കലല്ല.