കൊച്ചി: തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി നടൻ ദിലീപ്. അതേസമയം സ്വകാര്യ സെക്യൂരിറ്റി ഏജൻസി തണ്ടർഫോഴ്‌സിനെ തന്റെ സുരക്ഷാ ചുമതല ഏൽപിച്ചിട്ടില്ലെന്നും ദിലീപ് പൊലീസിന് നൽകിയ വിശദീകരണത്തിൽ പറയുന്നു. 

ദിലീപിനായി ഗോവയിൽ നിന്ന് പ്രത്യേക സുരക്ഷാ സംഘം എത്തിയപ്പോൾ ഇത് എന്തിനെന്ന ചോദ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ പൊലീസ് വിശദീകരണവും തേടിയത്. ഇന്ന് ഉച്ചയോടെ പ്രത്യേക ദൂതൻ വശം ദിലീപ് ആലുവ എസ്‌ഐക്ക് മുമ്പാകെ ഇതിന് മറുപടി നൽകുകയായിരുന്നു. അഭിഭാഷകർ വഴി തയ്യാറാക്കിയ മറുപടിയാണ് നൽകിയത്. തുടർന്ന് ഡിവൈഎസ്‌പി, ആലുവ റൂറൽ എസ്‌പി തുടങ്ങിയവരുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ നൽകുകയും ചെയ്തു.

തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും തനിക്കെതിരെ കേസുകൊടുത്തവരിൽ നിന്നാണ് ഭീഷണിയെന്നുമാണ് ദിലീപ് പൊലീസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് മുമ്പും പിൻപും തനിക്കെതിരെ നിരവധി ആളുകൾ കേസ് നൽകിയിട്ടുണ്ട്. അവരിൽ നിന്നാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. - ദിലീപ് പൊലീസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

എന്നാൽ തന്റെ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടില്ല. ഗോവ ആസ്ഥാനമായുള്ള തണ്ടർഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ ഏജൻസിയുമായി ഇക്കാര്യത്തിൽ കൂടിയാലോചന മാത്രമാണ് നടന്നത്. ഇതിന്റെ ഭാഗമായി അവർ തന്നെ കാണാൻ എത്തുകയായിരുന്നു. - ദിലീപ് മറുപടിയിൽ പറയുന്നു.

ദിലീപ് സ്വകാര്യ സെക്യൂരിറ്റിയെ തന്റെ സുരക്ഷയ്ക്കായി നിയോഗിച്ചുവെന്ന വിവരം വന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യത്തിൽ വിശദീകരണം തേടിയത്. അങ്ങനെയെങ്കിൽ അവരുടെ കൈവശം ഏതൊക്കെ ആയുധങ്ങളുണ്ട്, എത്രപേരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് പൊലീസ് വിശദീകരണം തേടിയത്.

നാവികസേനാ മുൻ ഓഫീസറുമായ അനിൽ നായരുടെ ഉടമസ്ഥതയിലുള്ള തണ്ടർഫോഴ്‌സിന്റെ വാഹനങ്ങളും ഉദ്യോഗസ്ഥരും ദിലീപിനെ സന്ദർശിച്ചതിനെ തുടർന്നാണ് ദിലീപ് സ്വയരക്ഷയ്ക്കായി ഇവരെ നിയോഗിച്ചുവെന്ന സംശയം ശക്തമായത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് എന്തിനാണ് ഇത്തരത്തിൽ ഒരു ഏജൻസിയെ സ്വയരക്ഷയ്ക്കായി നിയോഗിക്കുന്നതെന്ന ചോദ്യവും ഉയർന്നു. തോക്കുധാരികളാകും ദിലീപിനൊപ്പം സുരക്ഷയ്ക്കുണ്ടാകുകയെന്നും യാത്രചെയ്യാൻ ഏജൻസിയുടെ വാഹനം ഉണ്ടാവുമെന്നുമുള്ള മാധ്യമ റിപ്പോർട്ടുകളും വന്നു.

മൂന്നു പേരെ ഇരുപത്തിനാലു മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചതായും മൂന്നു പേർക്കുമായി അരലക്ഷം രൂപയാണ് വേതനം നൽകേണ്ടതെന്നുമുള്ള റിപ്പോർട്ടുകളും വന്നതോടെയാണ് പൊലീസ് ഇക്കാര്യത്തിൽ ്അന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഏജൻസിയുടെ വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ദിലീപിനോട് ഇക്കാര്യത്തിൽ സുരക്ഷാ ഏജൻസിയെ നിയോഗിച്ചോ എന്ന കാര്യത്തിൽ വിശദീകരണം തേടിയത്.

കഴിഞ്ഞദിവസം രാവിലെ 11 പേരടങ്ങിയ സംഘം ദിലീപിന്റെ ആലുവയിലെ കൊട്ടാരക്കടവിലെ വീട്ടിലെത്തിയതോടെയാണ് ഇക്കാര്യത്തിൽ വാർത്തകൾ വന്നത്. ആലുവയിലെ ഒരുകടയിൽനിന്ന് 37,000 രൂപയുടെ നിലവിളക്കും ഇവർ ദിലീപിന് നൽകാനായി വാങ്ങിയിരുന്നതായ വിവരവും പുറത്തുവന്നു. മൂന്നുകാറുകളിലായാണ് സംഘം എത്തിയത്. ഇവരുടെ വരവുസംബന്ധിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണവും നടത്തുന്നുണ്ട്.

ഇതിനിടെ സ്വകാര്യവ്യക്തികളുടെയും വ്യവസായികളുടെയും സിനിമാതാരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന തണ്ടർഫോഴ്‌സ് ലൈസൻസോടെയാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ദിലീപിന് സുരക്ഷയൊരുക്കാൻ സ്വകാര്യ ഏജൻസിയെ നിയോഗിച്ച കാര്യം പൊലീസ് അറിഞ്ഞിരുന്നില്ല. ഇതാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ആലുവ റൂറൽ എസ്‌പി. എ.വി. ജോർജ് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിശദീകരണത്തിന് മറുപടിയുമായി ദിലീപ് എത്തുന്നത്.