കൊച്ചി: ദിലീപിന് ഇത്തവണ മുൻകൂർ ജാമ്യം കിട്ടുമ്പോഴും ചർച്ചയാകുന്നത് വിശ്വാസ വഴിയാണ്. ജാമ്യ ഹർജിയിലെ നിർണ്ണായക വാദം തുടങ്ങിയ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ആലുവയിലെ എട്ടേക്കർ പള്ളിയിൽ ദിലീപ് പ്രാർത്ഥനകൾക്ക് എത്തി. നാട്ടിലെ ഈ പള്ളിയിലെ പ്രാർത്ഥന തന്നെ ജയിലിൽ അടയ്ക്കില്ലെന്ന വിശ്വാസമായിരുന്നു അതിന് കാരണം. ഈ വിശ്വാസം തെറ്റിയില്ലെന്ന് തെളിയുകാണ് ജാമ്യ ഹർജിയിലെ അനുകൂല വിധിയിലൂടെ. ആദ്യം ദിലീപ് അറസ്റ്റിലായി ജയിലിൽ കിടന്നപ്പോഴും ചില വിശ്വാസം ചർച്ചയായിരുന്നു. അന്ന് കോട്ടയത്തെ ജഡ്ജിയമ്മാവൻ എന്ന മൂർത്തിയാണ് വാർത്തകളിൽ എത്തിയത്. ജഡ്ജിയമ്മാവന്റെ മുമ്പിലെത്തി അന്ന് പ്രാർത്ഥിച്ചത് ദിലീപിന്റെ അനുജനായിരുന്നു. പിന്നാലെ ദിലീപിന് ജാമ്യവും കിട്ടി. നേർച്ചയ്ക്ക് ദിലീപ് ഈ ക്ഷേത്രത്തിലെത്തിയതും ചർച്ചയായിരുന്നു അന്ന്.

അതിന് സമാനമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച എട്ടേക്കർ പള്ളിയിലെ ദിലീപിന്റെ പ്രാർത്ഥനയും. നിലക്കാത്ത ദൈവികകാരുണ്യത്തിന്റെ സ്രോതസാണ് ആലുവയിലെ എട്ടേക്കർ പള്ളി. അശരണർക്കു ആശ്വാസമായ വി യൂദാസ്ലീഹായുടെ കാരുണ്യം നിറഞ്ഞ മാധ്യസ്ഥസാന്നിദ്ധ്യം. വിശ്വാസികൾക്കു എന്നും പ്രതീക്ഷയുടെ പുതിയ അൾത്താര. ക്രിസ്തുവിന്റെ അരുമ ശിഷ്യനാണ് വിശുദ്ധ യൂദാതദേവുസ്. അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനും. വിശുദ്ധ യൂദാതദേവുസിന്റെ നാമത്തിൽ ആലുവ എട്ടേക്കറിൽ സ്ഥാപിതമായതാണ് സെന്റ് ജൂഡ് ദേവാലയം. എല്ലാ മതസ്ഥരും എത്തുന്ന ആരാധനാലയം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേകിച്ച് വ്യാഴാഴ്ചകളിലാണ് തീർത്ഥാടകർ ഇവിടെ എത്തുന്നത്. ജീവിതത്തിന്റെ ദുഃഖ ങ്ങളും ക്ലേശങ്ങളും വിശുദ്ധന്റെ സന്നിധിയിൽ സമർപ്പിച്ച് സമാശ്വാസത്തോടെ ഇവർ മടങ്ങും. ഈ തീർത്ഥാടന കേന്ദ്രത്തിലെ തങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും നിയോഗങ്ങളും വിശുദ്ധ യൂദാദേവുസിന്റെ മാധ്യസ്ഥ്യം അപേക്ഷിക്കുന്നവർക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്ന നിരവധി സംഭവങ്ങൾ എട്ടേക്കറിൽ സാക്ഷ്യപ്പെടുത്തുന്നു. ഇത് തിരിച്ചറിഞ്ഞായിരുന്നു ഫെബ്രുവരി മൂന്നിന് അതിരാവിലെ ദിലീപ് ഈ പള്ളിയിൽ എത്തിയത്. നടിയെ ആക്രമിച്ച കേസിൽ റിമാൻഡിന് ശേഷം പുറത്തിറങ്ങിയ ദിലീപ് അന്നും ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിൽ എത്തി പ്രാർത്ഥനയിൽ പങ്കെടുത്ത് കുർബാന അർപ്പിച്ചിരുന്നു.

ഏട്ടേക്കർ പള്ളിയിലെ പ്രധാന ദിവസമാണ് വ്യാഴാഴ്ച. അന്ന് ദിലീപിന്റെ ജാമ്യ ഹർജിയിൽ അഡ്വ രാമൻപിള്ള മണിക്കൂറു നീണ്ട വാദങ്ങൾ നിരത്തി. അതെല്ലാം ദിലീപിന് തുണയായി. ആ വാദങ്ങളെ തകർക്കാൻ തൊട്ടടുത്ത ദിവസം പ്രോസിക്യൂഷൻ എല്ലാ തെളിവുകളുമായെത്തിയിട്ടും ഫലമുണ്ടായില്ല. അങ്ങനെ രാമൻപിള്ളയുടെ വാദത്തിനൊപ്പം ദിലീപിന്റെ വിശ്വാസ വഴിയും തുണയായി. രാവിലെ 5.40ന് പള്ളിയിലെത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചും മാല ചാർത്തിയും പ്രാർത്ഥിച്ചു. പള്ളിയിൽ സ്ഥിരമായി എത്തുകയും പ്രാർത്ഥിക്കുകയും ചെയ്യാറുള്ള ദിലീപിന് ആ വ്യാഴാഴ്ചയും പള്ളിയിൽ നിന്ന് അനുഗ്രഹം കിട്ടിയെന്നതാണ് വിധിയിലെ വസ്തുതയും.

ദിലീപ് നേരത്തെ ചെറുവള്ളി ജഡ്ജിയമ്മാവൻ കോവിലിൽ ദർശനത്തിനെത്തിയതും മറ്റും വലിയ ചർച്ചയായിരുന്നു. മുമ്പ് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അടനേദ്യവും കരിക്കഭിഷേകവും നടത്തി. ഇവിടെ പ്രാർത്ഥിച്ചാൽ കേസുകളിൽ അനുകൂലവിധിയുണ്ടാകുമെന്നാണ് വിശ്വാസം. ആ വിശ്വാസം വച്ച് ദിലീപ് നിരവധി നേർച്ചകൾ നേർന്നിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഉൾപ്പെട്ട് ദിലീപ് റിമാൻഡിലായിരിക്കെ 2017 ജൂലായ് 19-ന് സഹോദരൻ അനൂപും കുടുംബാംഗങ്ങളും ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട് നടത്താനെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്ന് ദിലീപിന് ജാമ്യം കിട്ടിയത്. ജയിൽ വാസത്തിന്റെ അവസാന നാളിൽ ദിലീപ് വൃതവുമെടുത്തു. പുറത്തിറങ്ങിയ ശേഷം ശബരിമലയിൽ ദർശനവും നടത്തി.

ധർമരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂർ സദർകോടതി ജഡ്ജിയായിരുന്ന തിരുവല്ല തലവടി രാമവർമപുരത്തുമഠം ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെയാണ് ജഡ്ജിയമ്മാവനായി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. നാളുകൾ നീളുന്ന കേസുകളിലും വ്യവഹാരങ്ങളിലും കുരുങ്ങി നീതി ലഭിക്കാൻ വൈകുന്നവർ അനുഗ്രഹം തേടിയെത്തുന്ന അമ്പലമാണ് ഇത്. മുഖ്യപ്രതിഷ്ഠ ദേവിയുടെ അടുത്തല്ല കേസിന്റെ സങ്കടം പറയുന്നത് എന്നു മാത്രം. മേജർ ക്ഷേത്രത്തിന്റെ ഒരു വശത്ത് ചെറിയൊരു ഉപദേവതാ പ്രതിഷ്ടയുണ്ട്. ജഡ്ജി അമ്മാവൻ അവിടെ കുടികൊള്ളുന്നു. ദേവിയുടെ തുല്യ പ്രാധാന്യം തന്നെയാണ് ജഡ്ജി അമ്മാവനും ഉള്ളത്. ദേവീക്ഷേത്രത്തിലെ പൂജകൾ കഴിഞ്ഞ് എല്ലാ നടയും അടച്ച ശേഷം രാത്രി എട്ടുമണിയോടെയാണ് ജഡ്ജി അമ്മാവന്റെ പൂജകൾ ആരംഭിക്കുന്നത്. ശൈവസങ്കൽപ്പ പൂജയാണ്. ഇവിടെ കേരള മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ, തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത എന്നിവരൊക്കെ അവിടെ വടവഴിപാടു നടത്തിയത് വാർത്തയായിരുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നിരവധി പ്രശസ്തരായ സിനിമാതാരങ്ങളും ജഡ്ജിമാരും രാഷ്ട്രീയക്കാരും ഇവിടെയെത്താറുണ്ട്. അമ്മാവന്റെ മുന്നിൽ നീതിയുടെ പ്രസാദം തേടി ക്രിക്കറ്റ് താരം ശ്രീശാന്തും എത്തിയിരുന്നു. പിന്നീട് ശ്രീശാന്തും വാതുവയ്‌പ്പ് കേസിൽ

ധർമ്മരാജാ എന്ന് കീർത്തികേട്ട കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്തെ കൊട്ടാരം ന്യായാധിപനായിരുന്നു ജഡ്ജി അമ്മാവൻ. അമ്മാവന്റെ സ്വദേശം ആലപ്പുഴ തലവടിയാണ്. മൂലകുടുംബം ചെറുവള്ളിയലും. യഥാർത്ഥനാമം ഗോവിന്ദപിള്ള്.സത്യത്തിനും, നീതിക്കും വേണ്ടി നിലനിന്നിരുന്ന വ്യക്തി. ഏത് രീതിയിൽ സ്വാധീനിക്കാൻ ശ്രമിച്ചാലും വിട്ടുവീഴ്‌ച്ച ഉണ്ടായിരുന്നില്ല. നുണ പ്രചരണം, കള്ളങ്ങൾ പറയൽ എന്നിവ ഒന്നും അംഗീകരിച്ചിരുന്നില്ല.നീതി ലഭിക്കേണ്ട വ്യക്തിക്ക് മാത്രം നീതി നൽകി സത്യത്തിന് വേണ്ടി മാത്രം നിലകൊണ്ടു. സംസ്‌കൃതപണ്ഡതൻ കൂടയായിരുന്നു. ഒരിക്കൽ പിള്ളയുടെ മരുമകൻ പത്മനാഭപിള്ള കുറ്റാരോപിതനായി, സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മരുമകനെ തൂക്കികൊല്ലാൻ വിധിച്ചു തൂക്കിലേറ്റി കുറെ നാൾ കഴിഞ്ഞപ്പോൾ മരുമകൻ നിരപരാധായാണെന്ന് മനസിലാക്കുന്നു.

ആദ്യമായി തന്റെ വിധിന്യായത്തിൽ തെറ്റ് സംഭവിച്ച പിള്ളയ്ക്കത് തീരാകളങ്കമായി. വളരെ ദുഃഖിതനായ അദ്ദേഹം രാജാവിന് മുന്നിൽ ചെന്ന് കാര്യം അവതരിപ്പിച്ചു. തെറ്റ്പറ്റി എന്നും തന്നെ ശിക്ഷിക്കണമെന്നും അപേക്ഷിച്ചു. ആദ്യം അംഗീകരിക്കാതിരുന്ന രാജാവ് പിള്ളയുടെ നിർബന്ധം അംഗീകരിക്കുന്നു.സ്വയം ശിക്ഷ തീരുമാനിക്കാൻ പിള്ളയ്ക്ക് അധികാരം നൽകി. തന്റെ കാൽ പാദങ്ങൾ വെട്ടിക്കളഞ്ഞ്, കഴുമരത്തിലേറ്റണമെന്നും നാട്ടുകാർ അത് കാണണമെന്നും അദ്ദേഹം പറഞ്ഞു. മനസില്ലാമനസോടെ രാജാവ് ശിക്ഷ നടപ്പിലാക്കി.

മോക്ഷം കിട്ടാത്ത പിള്ള അലഞ്ഞു നടക്കാൻ തുടങ്ങി. നാട്ടിൽ അനിഷ്ടങ്ങൾ കൂടി. പരിഹാരത്തിനായി പ്രശ്നം വെച്ചപ്പോൾ അറിഞ്ഞു പിള്ളയ്ക്ക് മോക്ഷം ലഭിച്ചിട്ടില്ല, അദ്ദേഹത്തെ ആവാഹിച്ച് മൂലക്ഷേത്രത്തിൽ പ്രതിഷ്ഠിക്കണമെന്ന് പറഞ്ഞു. ഇതൊടെ ദേവീഭക്തനായിരുന്ന പിള്ളയുടെ ആത്മാവിനെ ചെറുവള്ളി ക്ഷേത്രത്തിൽ ആവാഹിച്ച് കുടിയിരുത്തി. 1978ൽ അദ്ദേഹത്തിന്റെ പിന്മുറക്കാർ ഇത് ക്ഷേത്രമാക്കി മാറ്റി. പിള്ള, ജഡ്ജി അമ്മാവനായി.