കോഴിക്കോട്: ഡിഫ്തീരിയ അടക്കമുള്ള മാരക രോഗങ്ങൾ തിരച്ചുവന്നതോടെ മലബാറിലെ മതരാഷ്ട്രീയ സംഘടനകൾ കുത്തിവെപ്പിനെതിരായ കാമ്പയിനിൽ നിന്ന് പിന്മാറുന്നു. കഴിഞ്ഞാഴ്ച പ്രതിരോധകുത്തിവെപ്പുകൾക്ക് അനുകൂലമായി കാന്തപുരം എ.പി വിഭാഗം നിലപാട് എടുത്തതിനെ പിന്നാലെ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ ആരോഗ്യവിഭാഗമായ എത്തിക്കൽ ഫോറവും ഇതേ നിലപാടുമായി രംഗത്തത്തെി.

കാന്തപുരം എ.പി വിഭാഗവും ജമാഅത്തെ ഇസ്ലാമിയുമായിരുന്നു മലപ്പുറം അടക്കമുള്ള ജില്ലകളിൽ കുത്തിവെപ്പിനെതിരെ ശക്തമായ കാമ്പയിനുമായി രംഗത്തത്തെിയിരുന്നത്. ഇവരുടെ പത്രങ്ങളായ സിറാജും മാദ്ധ്യമവുമായിരുന്നു ഒരു കാലത്ത് കുത്തിവെപ്പിനെതിരെ തെറ്റദ്ധാരണ ജനകമായ വാർത്തകൾ ഏറ്റവും കൂടുതൽ പ്രസിദ്ധീകരിച്ചതും. എന്നാൽ അടുത്തകാലത്തു നടന്ന ഡിഫ്തീരിയ മരണങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെല്ലാം നിലപാട് മാറ്റിയിരക്കയാണ്. കുത്തിവെപ്പിന് അനുകൂലിച്ച് കാമ്പയിനുമായി രംഗത്തിറങ്ങുമെന്ന് മുസ്ലീ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ജേക്കബ് വടക്കുംചേരിയെയും മോഹനൻ വൈദ്യരെയും പോലുള്ള സമാന്തര ഡോക്ടർമാരാണ് ഇപ്പോഴും കുത്തിവെപ്പിനെതിരെ രംഗത്തുള്ളത്. കുപ്രചാരണങ്ങൾ മാറ്റാൻ തങ്ങൾ തയാറല്ലെന്ന നിലപാടിലാണ് അവർ ഇപ്പോഴും. മലപ്പുറത്തെ ജനസംഖ്യകുറക്കാനുള്ള ലോകബാങ്കിന്റെ അജണ്ടയാണ് കുത്തിവെപ്പ് എന്നൊക്കെയാണ് ഇവർ ഇപ്പോഴും തട്ടിവിടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിലും നായ കടിച്ചാൽപോലും താൻ കുത്തിവെപ്പ് എടുക്കില്‌ളെന്ന കടുത്ത വാക്‌സിൻ വിരുദ്ധത ജെയിസ് വടക്കുംചേരി ആവർത്തിക്കുകയും ചെയ്തു.പി.യു.സി.എൽ പോലുള്ള മനുഷ്യാവകാശ സംഘടനകൾ, സ്‌കൂൾ പ്രവേശത്തിന് കുത്തിവെപ്പ് നിർബന്ധമാക്കുന്ന നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് പറയുന്നത്. പക്ഷേ കുത്തിവെപ്പിന് അനുകൂലമായാണ് മനുഷ്യവകാശ കമീഷൻ ഉത്തരവിട്ടത്.

സംസ്ഥാനത്ത് ഡിഫ്തീരിയ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തവർക്ക് സ്‌കൂളിലും കോളജിലും പ്രഫഷനൽ കോഴ്‌സുകളിലും പ്രവേശംനൽകരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകാതിരിക്കുന്നത് ശിക്ഷാർഹമാണ്. അത്തരം കുറ്റംചെയ്യുന്ന മാതാപിതാക്കൾ ശിക്ഷിക്കപ്പെടേണ്ടതുമാണെന്ന് കമീഷൻ ഉത്തരവിൽ പറയുന്നു. സ്‌കൂൾ പ്രവേശത്തിന് മുമ്പ് പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന കാർഡ് നിർബന്ധമാക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കണം. ഇപ്പോൾ പഠിക്കുന്നവർ ഇത് എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കണം. എടുക്കാത്ത കുട്ടികളുണ്ടെങ്കിൽ അവർക്ക് നൽകണം.

പ്രതിരോധ കുത്തിവെപ്പുകൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളെ കണ്ടത്തെി കർശനനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതാണ്. ഇതിനെ അനുകൂലിക്കുന്ന രക്ഷാകർത്താക്കൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും പരിഗണിക്കണം. നടപടിയെടുക്കുന്നില്‌ളെങ്കിൽ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം മുളയിലേനുള്ളുന്നതിന് തുല്യമാകുമെന്ന് ജസ്റ്റിസ് കോശി അഭിപ്രായപ്പെട്ടു. കുത്തിവെപ്പ് നിർബന്ധമാക്കിയാൽ പോളിയോ പോലെ ഡിഫ്തീരിയയും നിഷ്‌കാസിതമാക്കാം. ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും പ്രതിരോധ കുത്തിവെപ്പെടുത്ത കാർഡ് നിർബന്ധമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കുക സർക്കാറിന്റെ അടിസ്ഥാനപരമായ ചുമതലയാണെന്നും ഉത്തരവിൽ പറയുന്നു. ഡോ. ടി.എം. അനന്തകേശവനാണ് പരാതി നൽകിയത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും കമീഷൻ കൊണ്ടുവരും. ഉത്തരവ് ചീഫ്‌സെക്രട്ടറിക്കും ആരോഗ്യസെക്രട്ടറിക്കും കൈമാറി.

ഒരു അടിസ്ഥാനവുമില്ലാതെ വാക്‌സിൻ വിരുദ്ധർ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ മതസംഘടനകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ആരോഗ്യവിഭാഗം സംഘടനയായ എത്തിക്കൽ മെഡിക്കൽ ഫോറം ആവശ്യപ്പെടുന്നത്. വാക്‌സിനേഷനെതിരെയുള്ള പ്രചാരണങ്ങൾക്കെതിരെ നിലപാട് എടുത്തില്‌ളെങ്കിൽ വ്യാപകമായ ഒരു ദുരന്തത്തിന് മലബാർ മേഖല, പ്രത്യേകിച്ച് മലപ്പുറം ജില്ല സാക്ഷ്യംവഹിക്കും. മലപ്പുറത്ത് ഡിഫ്തീരിയ കുത്തിവെപ്പിനെതിരെ നടക്കുന്ന കാമ്പയിനെതിരെ ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തും. ശാസ്ത്രീയ അടിത്തറയില്ലാതെ വാക്‌സിൻ വിരുദ്ധർ നടത്തുന്ന വ്യാജപ്രചാരണങ്ങളിൽ മതസംഘടനകളും മാദ്ധ്യമങ്ങളും അകപ്പെട്ടുപോവുകയാണ്. വ്യക്തതയില്ലാത്ത ഇത്തരം പ്രചാരണങ്ങൾക്ക് സമൂഹമധ്യത്തിൽ അംഗീകാരം ലഭിക്കുംവിധം മാദ്ധ്യമങ്ങൾ വാർത്തകൾ നൽകുകയാണ്. വാക്‌സിൻ വിരുദ്ധ ഗ്രൂപ്പുകൾ ഒരിക്കലും മാറാൻ പോകുന്നില്ല. ആധുനിക വൈദ്യശാസ്ത്രവും കുത്തിവെപ്പും തെറ്റാണെന്ന് പ്രചരിപ്പിക്കുന്നവർ ഡിഫ്തീരിയ പോലുള്ള കേസുകൾ ഏറ്റെടുത്ത് ചികിത്സിക്കാൻ തയാറാകണം. മെച്ചപ്പെട്ട ഒരു ബദൽ സമർപ്പിക്കാതെ നിലവിലുള്ള ആരോഗ്യസംവിധാനങ്ങളെ തകർക്കുന്ന സമീപനമാണ് ഇവർ കൈക്കൊള്ളുന്നത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണം.

തങ്ങൾക്ക് എല്ലാ ചികിത്സാ വിഭാഗങ്ങളും ഒരുപോലെയാണെന്ന നിലപാടിൽനിന്ന് മാറി വാക്‌സിൻ വിഷയത്തിൽ മതസംഘടനകൾ ഒരുപക്ഷം ചേർന്നേ മതിയാകൂ. എന്നാൽ, കുത്തിവെപ്പിനത്തെുന്ന ആരോഗ്യപ്രവർത്തകർ ശക്തമായ തടസ്സം നേരിടുന്നത് പ്രാദേശിക മതനേതൃത്വങ്ങളിൽ നിന്നാണ്. മതപരമായ ആവരണത്തിനുള്ളിൽ പ്രചരിപ്പിക്കുന്ന ഇത്തരം നുണകളെ തകർക്കാൻ മതനേതാക്കൾ കൂട്ടായി മുന്നോട്ടുവരണം. ഹജ്ജ് കർമത്തിന് നിർബന്ധമായി ഏർപ്പെടുത്തിയ മെനിൻജൈറ്റിസ്, പോളിയോ വാക്‌സിനുകൾ, മിക്ക ഗൾഫ് രാജ്യങ്ങളിലെയും സ്‌കൂൾ പ്രവേശത്തിന് നിർബന്ധമായ വാക്‌സിൻ കാർഡുകൾ തുടങ്ങി അറബ് രാജ്യങ്ങൾ വാക്‌സിനേഷനെ പൂർണമായി സ്വീകരിക്കുമ്പോഴാണ് ഈ വൈരുധ്യം.

ഗൾഫ് രാജ്യങ്ങളിൽ മാസത്തിലൊരിക്കൽ കുത്ത്ബയിൽ വാക്‌സിനേഷന്റെ പ്രധാന്യത്തെക്കുറിച്ച് പറയാറുണ്ട്. കുത്തിവെപ്പിന്റെ പ്രാധാന്യം ജനങ്ങളെ അറിയിക്കാൻ കൈപ്പുസ്തകം പുറത്തിറക്കുമെന്നും എത്തിക്കൽ മെഡിക്കൽ ഫോറം ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇസ്മയിൽ, സെക്രട്ടറി ഡോ. ഡി. അബ്ദുറഹ്മാൻ, ഡോ. കാസിം റിസ്വി, ഡോ. എം.ഡി. അബൂബക്കർ, ഡോ. ഫവാസ്, ഫാർമസിസ്റ്റ് ഹംസത്ത് എന്നിവർ കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.