കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കുമെന്നാണ് എൻഐഎയുടെ ആദ്യകുറ്റപത്രത്തിൽ പറയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസിൽ യുഎപിഎ ചുമത്താൻ തെളിവില്ലെന്നാണ് എൻഐഎ കോടതി നിരീക്ഷിച്ചത്. പിടിക്കപ്പെട്ടവർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ബന്ധം സ്ഥാപിക്കാൻ കഴിയുന്ന വസ്തുതകൾ കേസ് ഡയറിയിൽ ഇല്ലെന്നും എൻഐഎ കോടതി നിരീക്ഷിച്ചിരുന്നു.പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ശ്രമിച്ചതിനു തെളിവില്ല. 10 പേരും സാമ്പത്തിക നേട്ടത്തിനാണ് സ്വർണം കടത്തിയതെന്നും കോടതി വിലയിരുത്തി. എന്നാൽ, കുറ്റപത്രത്തിൽ ഈ വാദത്തെ എൻഐഎ ഖണ്ഡിക്കുകയാണ്.

പ്രതികൾക്ക് ഭീകരവാദ ബന്ധമുണ്ടെന്നായിരുന്നു എൻഐഎയുടെ വാദം. പ്രതി കെ.ടി. റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായി ബന്ധമുണ്ട്. ഈ സംഘം ടാൻസാനിയ കേന്ദ്രീകരിച്ച് സ്വർണം, ലഹരി, ആയുധം, രത്നം എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. റമീസും മറ്റൊരു പ്രതി ഷറഫുദീനും ഒരുമിച്ചു നടത്തിയ ടാൻസാനിയ യാത്രയുടെ തെളിവുകൾ ലഭിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണ് സ്വർണക്കടത്ത്. പ്രതികൾ ലാഭമെടുക്കാതെ തുടർച്ചയായി കടത്തിന് പണം നിക്ഷേപിച്ചുവെന്നും എൻഐഎ വാദിച്ചു. പ്രതികൾക്കെതിരായ ഡിജിറ്റൽ തെളിവുകൾ എൻഐഎ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, യുഎപിഎ തെളിയിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്കു കഴിഞ്ഞില്ലെങ്കിൽഎന്തുസംഭവിക്കും? കസ്റ്റംസ് പിടികൂടിയ സ്വർണം തീരുവയും പിഴയും അടച്ചു കൊണ്ടുപോകാൻ കാണാമറയത്തിരിക്കുന്ന 'ഉടമ'യ്ക്കു കഴിയും.എന്നാൽ ഉടമസ്ഥനില്ലാത്ത സ്വർണം ആർക്കും തിരിച്ചുകൊടുക്കാനാവില്ല.

സ്വപ്‌ന സുരേഷും കൂട്ടരും നയതന്ത്ര ബാഗേജ് വഴി കടത്തിയ 30 കിലോ സ്വർണമാണ് കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റഡിയിൽ എടുത്തത്. ഇതിന് 14 കോടിയാണ് വിലമതിക്കുന്നത്. ഇത്തരത്തിൽ 22 തവണയായി 167 കിലോ സ്വർണം പ്രതികൾ കടത്തി. ഇത്തരം കേസുകളിൽ ഉടമസ്ഥൻ ഹാജരായാൽ 15% തീരുവയും ജിഎസ്ടിയും പിഴയും അടച്ച് സ്വർണം തിരികെ കൊണ്ടുപോകാം. യുഎപിഎ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നതെന്ന് എൻഐഎ കോടതിയിൽ അറിയിച്ചിട്ടുണ്ട്. കേരളത്തിലെത്തുന്ന സ്വർണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് മൂലധനമാകുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്മേലാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് വിശദീകരണം. യുഎപിഎ നിലനിൽക്കുമെന്ന് എൻഐഎ പറയുന്നുവെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ഈ കേസിൽ ആരും തന്നെ സ്വർണത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തിട്ടില്ല എന്നതാണ് സവിശേഷത. യുഎഇ കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസ് അൽഷിമിലിയോ, പാഴ്‌സൽ അയച്ച ഫൈസൽ ഫരീദോ ഈ 30 കിലോ സ്വർണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല.

വിദേശത്തുള്ളവരെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇനി പൂർത്തീകരിക്കാനുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റെബിൻസിനെ വിദേശത്തുനിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താൻ എൻഐഎയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികൾ ഇപ്പോളും വിദേശത്താണ്

സ്വർണക്കള്ളക്കടത്ത് കേസിൽ കസ്റ്റംസും കുറ്റപത്രത്തിലേക്ക് കടക്കുകയാണ്. കസ്റ്റംസിന് നേരിട്ട് കുറ്റുപത്രം നൽകാനാവില്ല. കസ്റ്റംസ് ചട്ട പ്രകാരം കസ്റ്റംസ് കമീഷണർ പ്രതികൾക്ക് ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകണം.ഓരോ പ്രതിയുടെയും കുറ്റങ്ങൾ വ്യക്തമാക്കിയ ശേഷം ഇക്കാര്യത്തിൽ മറുപടി ആവശ്യപ്പെടുകയാണ് ഷോക്കാസ് നോട്ടീസിലൂടെ ചെയ്യുന്നത്. കമീഷണർക്ക് മുന്നില് നേരിട്ടോ അതല്ലെങ്കിൽ അഭിഭാഷകന് വഴിയോ മറുപടി നൽകാം. തുടർന്ന് ഏതെല്ലാം പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാമെന്ന് കമീഷണർ ഉത്തരവിറക്കും. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ചില പ്രതികൾ നികുതിയും പിഴയും മാത്രം അടച്ചാൽ മതിയെന്ന് കമീഷണർക്ക് തീരുമാനിക്കാം. മാർച്ചിൽ കുറ്റപത്രം നൽകാനാണ് കസ്റ്റംസിന്റെ തീരുമാനം. കേസിൽ ഫൈസൽ ഫരീദ്, കുഞ്ഞാനി ഉൾപ്പെടെ വിദേശത്തുള്ള ചില പ്രതികളെ ഇനി അറസ്റ്റ് ചെയ്യാനുണ്ട്. ഇവരെ ലഭിക്കുന്ന മുറയ്ക്ക് അഡീഷണൽ കുറ്റപത്രം സമർപ്പിക്കും