കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനൊപ്പം വേദി പങ്കിട്ടതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. താൻ പോയത് തിയറ്റേർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പരിപാടിക്കാണ്. ദിലീപിന്റെ വീട്ടിലോ ഒന്നിച്ച് കാപ്പി കുടിക്കാനോ അല്ല. ഫിയോക്കിന്റെ പ്രതിനിധികൾ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തത്. അതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കേണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.

ഫിയോക്ക് എന്ന സംഘടനയുടെ ചെയർമാൻ ദിലീപ് ആണ്. തിയറ്റർ ഉടമകളുടെ സംഘടന തന്നെയും മധുപാലിനെയും ആദരിക്കാൻ വിളിച്ച ചടങ്ങിനാണ് എത്തിയത്. ഈ പരിപാടിയിലേക്കു വിളിച്ചത് അതിന്റെ സെക്രട്ടറിയാണ്. പാലായിലെ തിയേറ്ററിന്റെ ഉടമസ്ഥനായ സുമേഷ് വിളിച്ചിട്ടാണ് പരിപാടിക്ക് വന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല. ദിലീപിനെ ആലുവാ ജയിലിൽ സന്ദർശിച്ചത് അവിചാരിതമായിട്ടാണ്. സംസ്ഥാന സർക്കാരിന്റെ മുഖമാണെങ്കിലും സിനിമാ പ്രവർത്തകരുമായുള്ള ബന്ധം തുടരും. അതിനുള്ള സ്വാതന്ത്ര്യം തനിക്ക് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. താൻ കയറുന്ന വിമാനത്തിൽ ദിലീപുണ്ടെങ്കിൽ അതിൽ നിന്ന് എടുത്ത് ചാടണോയെന്നും രഞ്ജിത്ത് ചോദിച്ചു.

തിയേറ്റർ ഉടമകളുടെ പ്രശ്നം സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. ഫിയോക് ചടങ്ങിൽ ദിലീപ് രഞ്ജിത്തിനെ പുകഴ്‌ത്തി പ്രസംഗിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് ഇരിക്കാൻ കെൽപ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് പറഞ്ഞു. ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം കൈക്കൊള്ളാനാണ് ഫിയോക്കിന്റെ ജനറൽ ബോഡി കൊച്ചിയിൽ യോഗം ചേർന്നത്.