കൊച്ചി: കേരളത്തിലെ ഇടത്തരക്കാരായ കുടിയന്മാർ ആകെ സങ്കടത്തിലാണ്. വർഷങ്ങളായി ഉള്ള ശീലം ഇല്ലാതാകുന്നതിന്റെ ആധിയിലാണ് അവരെല്ലാവരും. മദ്യനയത്തിന്റെ പേരിൽ ആരൊക്കെ ക്രെഡിറ്റ് കൊണ്ടുപോയാലും കുടിയന്മാർക്ക് തെറിപറയാൻ ഒരൊറ്റ പേരേ ഉള്ളൂ. അത് സാക്ഷാൽ വി എം സുധീരന്റേതു തന്നെ. ബാർ ജീവിതത്തിന് വിട പറയാൻ കുടിയന്മാർ കൂട്ടത്തോടെ ബാറുകളിലേക്ക് ഒഴുകുകയാണ്. ഇന്നും നാളെയും കുടിച്ചുമരിക്കാനാണ് അവരുടെ പദ്ധതി.

ഈ അവസരം മുതലെടുത്ത് അടച്ചുപൂട്ടാൻ പോകുന്ന ബാറുകൾ ഡിസ്‌കൗണ്ട് മേള കൂടുതൽ ഉഷാറാക്കിക്കഴിഞ്ഞു. ചൊവ്വാഴ്ച എക്‌സൈസ് ഉദ്യോഗസ്ഥരെത്തി സ്റ്റോക്ക് സീൽ ചെയ്യുംമുമ്പ് പരമാവധി വിറ്റഴിക്കാനാണ് പദ്ധതി. സർക്കാർ ഏറ്റെടുത്താൽ വാങ്ങിയ വില മാത്രമേ നൽകൂ എന്നതിനാലും അത് കിട്ടാൻ തന്നെ നാളുകൾ കാത്തിരിക്കേണ്ടി വരും എന്നതിനാലുമാണ് ഡിസ്‌കൗണ്ട് മേളയിലൂടെ ബാറുകൾ കച്ചവടം കൊഴുപ്പിക്കുന്നത്. ഇന്നും നാളെയും ഒരു പരിശോധനയും ഉണ്ടാകില്ല എന്ന കണക്കുകൂട്ടലിൽ ബാറുകളുടെ പ്രവർത്തനസമയം നീട്ടാനും സാധ്യതയുണ്ട്.

എപ്പോൾ വേണമെങ്കിലും താഴുമായി ഉദ്യോഗസ്ഥർ പ്രത്യക്ഷപ്പെടാം എന്ന സ്ഥിതി വന്നതോടെ ഉള്ള സ്റ്റോക്കുകൾ അതിവേഗം വിറ്റഴിക്കാൻ ലേലം വിളിപോലെയാണ് ബാറുകൾ മദ്യം വിൽക്കുന്നത്. വിറ്റഴിക്കൽ മേള തന്നെയാണ് സംസ്ഥാനത്ത് വിവിധ ബാറുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ നടത്തുന്ന വിൽപനയിലൂടെയുള്ള ലാഭം മാത്രമാകും തങ്ങൾക്ക് ലഭിക്കുകയെന്ന് ബാറുടമകൾക്ക് ഉത്തമബോധ്യമുണ്ട്. ഉള്ള സമയംകൊണ്ട് പരമാവധി ലാഭം കൊയ്‌തെടുക്കുകയാണ് ബാറുടമകളുടെ ലക്ഷ്യം.

'ഇന്നത്തെ പ്രത്യേക വില' എന്ന ബോർഡ് തൂക്കിയാണ് പല ബാറുകളും ഇന്ന് കച്ചവടം നടത്തുന്നത്. 20 രൂപമുതൽ 30 ശതമാനംവരെ ഇളവാണ് പല ബാറുകളിലും മദ്യത്തിന് നൽകുന്നത്. പെഗ്ഗിനുപുറമെ ബിയറിനും ഇളവുണ്ട്. കൂടുതൽ മദ്യം വാങ്ങുന്നവർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടുകളും അനുവദിക്കുന്നുണ്ട്. വിവരം കണ്ടറിഞ്ഞും കേട്ടറിഞ്ഞും ബാറുകളിലേക്ക് ജനപ്രവാഹമാണ്. കഴിഞ്ഞ ദിവസം തുടങ്ങിയ ആദായവില്പന ഇന്നും തകൃതിയായി നടക്കുകയാണ്.

ബിവറേജസ് കൗണ്ടറുകളെക്കാൾ തിരക്കാണ് ഡിസ്‌കൗണ്ട് അനുവദിച്ചതോടെ ബാറുകളുടെ മുമ്പിൽ അനുഭവപ്പെടുന്നത്. വാഹനങ്ങൾ പിടിച്ച് കൂട്ടുകാരുമൊത്ത് ബാറുകളിലെത്തി കിട്ടാവുന്നത്രയും വാങ്ങി സ്റ്റോക്ക് ചെയ്യുകയാണ് കേരളത്തിലെ കുടിയന്മാർ. തിരക്കു വർധിച്ചതോടെ പല ബാറുകളും കൂടുതൽ കൗണ്ടറുകൾ തുറന്ന് കുടിയന്മാർക്ക് സൗകര്യവുമൊരുക്കുന്നുണ്ട്. മദ്യപിച്ച് ബോധംകെട്ടുവീണാൽ കുടിയന്മാരെ വീടുകളിലെത്തിക്കാനുള്ള പ്രത്യേക സംവിധാനവും ചില ബാറുകൾ ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആദ്യഘട്ടത്തിൽ ബാറുകൾ പൂട്ടിയതോടെ തങ്ങൾക്ക് വില്പന കൂടുമെന്ന സാധ്യത മുന്നിൽ കണ്ട് തുറന്നിരുന്നവ കൂടുതൽ മദ്യം ശേഖരിച്ചുവച്ചിരുന്നു. ഇത് പരമാവധി വിറ്റുതീർക്കാനുള്ള തത്രപ്പാടിലാണ് ബാർ തൊഴിലാളികൾ. മാർച്ച് 31ന് രാത്രിയിൽ അപ്രതീക്ഷിതമായി എത്തിയാണ് 418 ബാറുകൾ ഉദ്യോഗസ്ഥർ സീൽ ചെയ്തത്. ഉദ്യോഗസ്ഥരെ കണ്ട ശേഷമാണ് ബാറിലെ തൊഴിലാളികൾ വിവരം അറിഞ്ഞതുതന്നെ. ഒന്നിലധികം ബാറുകൾ ഉള്ളവർക്ക് അവരുടെ ഏതെങ്കിലും ബാർ തുറന്നിട്ടുണ്ടെങ്കിൽ അങ്ങോട്ടേക്ക് മദ്യം മാറ്റാൻ മുമ്പ് അവസരം നൽകിയിരുന്നു. എന്നാൽ ഭൂരിപക്ഷം പേർക്കും ഇതിനു സാധിച്ചിട്ടില്ല.

കൂടുതൽ സ്റ്റോക്ക് ചെയ്തുവച്ചിരുന്നവർക്ക് ലക്ഷക്കണക്കിന് രൂപയുടെ ബിയർ ഇക്കാലയളവിൽ കേടുവന്ന് നശിച്ചതും തിരിച്ചടിയായി. ബാർ തുറക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ഇവ സൂക്ഷിച്ചത്. ഇത്തരത്തിൽ സൂക്ഷിച്ച് കേടായ മദ്യവും ഡിസ്‌കൗണ്ട് നൽകി വിൽക്കുന്നുണ്ടെന്നാണ് വിവരം.

എന്തായാലും ബാറുകൾ പൂട്ടിയാൽ ഇനിയെന്തുചെയ്യുമെന്ന ചോദ്യത്തോട് 'എന്തുചെയ്യാൻ? കുടി നിർത്താനുള്ള ട്രീറ്റ്‌മെന്റിനുപോകേണ്ടിവരും' എന്നാണ് വളരെ വിഷമത്തോടെ ഒരു കുടിയൻ പറഞ്ഞത്. നിർത്തുന്നതിന് മുമ്പ് ആവശ്യത്തിലധികം 'ഉള്ളിലാക്കാനുള്ള' വെപ്രാളത്തിൽ പായുകയാണ് കേരളത്തിലെ കുടിയന്മാർ. ബാറുകൾ നിർത്താനുള്ള തീരുമാനത്തിനു പിന്നാലെ കേരളം രണ്ടുദിവസമായി കാണുന്നത് സംസ്ഥാനവ്യാപക മദ്യമേളകളാണ്. ബില്ലുപോലും നൽകാതെയാണ് മദ്യം വിറ്റഴിക്കുന്നത്. അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യവും ഇതുപോലെ വിറ്റഴിക്കുകയാണ് ബാറുകൾ എന്നും റിപ്പോർട്ടുകളുണ്ട്.