- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രേറ്റ ട്യുൻബെർഗ് ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവി ഖലിസ്ഥാൻ ഗ്രൂപ്പിനെ രാജ്യത്ത് സജീവമാക്കാൻ ശ്രമിച്ചെന്ന് ഡൽഹി പൊലീസ്; ദിഷയെ തീവ്രവാദികൾ സ്വാധീനിച്ചു; ഗ്രേറ്റയ്ക്ക് ടൂൾ കിറ്റ് നൽകിയത് ദിഷ; നിരവധി പേർക്ക് ബന്ധമുള്ളതായി സംശയിക്കുന്നെന്നും അന്വേഷണ സംഘം; ടൂൾകിറ്റിലെ രണ്ടു വരി എഡിറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ദിഷ; അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു; അന്വേഷണം തുടരും
ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇരുപത്തിയൊന്നുകാരിയായ ദിഷയെ ഡൽഹി പൊലീസിന്റെ സൈബർ സെല്ലാണ് ബംഗളൂരുവിലെ വീട്ടിൽനിന്നു ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഏഴു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ഡൽഹി കോടതി മജിസ്‌ട്രേറ്റ് ദോവ് സഹോറ അഞ്ചു ദിവസം അനുവദിക്കുകയായിരുന്നു.
ദിഷയെ ഖലിസ്ഥാൻ തീവ്രവാദികൾ സ്വാധീനിച്ചെന്നും ഖലിസ്ഥാൻ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി യുവതി സഹകരിച്ചിരുന്നെന്നും ഡൽഹി പൊലീസ് പറഞ്ഞതായി ദ വീക്ക് റിപ്പോർട്ട് ചെയ്യുന്നു.
ഖലിസ്ഥാൻ ഗ്രൂപ്പിനെ രാജ്യത്ത് സജീവമാക്കാൻ ദിഷ ശ്രമിച്ചിരുന്നെന്നും ഡൽഹി പൊലീസ് ആരോപിച്ചു. ഗ്രേറ്റയ്ക്ക് ടൂൾ കിറ്റ് നൽകിയതും ദിഷയാണ്. സംഭവം പുറത്തുവന്നപ്പോൾ ഡോക്യൂമെന്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. മാത്രമല്ല, വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ടൂൾ കിറ്റ് ഉണ്ടാക്കാൻ സഹകരിച്ചെന്ന് കണ്ടെത്തിയതായും ഡൽഹി പൊലീസ് പറഞ്ഞു. ഫെബ്രുവരി മൂന്നിന് ദിഷ രവിയാണ് ടൂൾ കിറ്റ് എഡിറ്റ് ചെയ്തതെന്നും സംഭവത്തിൽ നിരവധി പേർക്ക് ബന്ധമുള്ളതായി സംശയിക്കുന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ടൂൾകിറ്റിലെ രണ്ടു വരി എഡിറ്റ് ചെയ്യുക മാത്രമാണു താൻ ചെയ്തതെന്നും കർഷക സമരത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യമേ അതിനുണ്ടായിരുന്നുള്ളൂവെന്നും ദിശ പറഞ്ഞു. കോടതി നടപടികൾക്കിടെ അവർ പൊട്ടിക്കരയുകയും ചെയ്തു.
വാട്സാപ് ഗ്രൂപ്പുണ്ടാക്കി ടൂൾകിറ്റ് ഡോക്യുമെന്റ് തയാറാക്കാൻ മുൻകയ്യെടുത്തത് ദിശയാണെന്നും പൊലീസ് പറയുന്നു. ഇതു പിന്നീട് ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഫെബ്രുവരി 3നാണ് ദിശ ടൂൾകിറ്റ് എഡിറ്റ് ചെയ്തതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിൽ ഒട്ടേറെ പേരും പങ്കാളികളായിട്ടുണ്ട്.
ദിഷയുടെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഫെബ്രുവരി നാലിന് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്. ഗ്രേറ്റയുടെ നേതൃത്വത്തിൽ കാലാവസ്ഥ വ്യതിയാനം തടയുന്നതിനു നടപടികൾ ആവശ്യപ്പെട്ട് നടത്തുന്ന 'ഫ്രൈഡേ ഫോർ ഫ്യൂച്ചർ' ക്യാംപെയ്‌നിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ദിഷ.
'കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ സമൂഹ മാധ്യമങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ' എന്നു വിശദീകരിച്ച് ഗ്രേറ്റ ട്വീറ്റ് ചെയ്ത ടൂൾ കിറ്റിന്റെ പിന്നിൽ കാനഡ ക്രേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയാണെന്നാണ് പൊലീസ് ആരോപണം. കർഷക സമരത്തിന്റെ മറവിൽ രാജ്യാന്തര തലത്തിൽ ഇന്ത്യൻ സർക്കാരിനെതിരെ വെറുപ്പ് വളർത്തുകയെന്ന വിശാല ഗൂഢാലോചനയാണ് ടൂൾകിറ്റിലൂടെ പുറത്തുവന്നതെന്നും പൊലീസ് അവകാശപ്പെടുന്നു.
ജനുവരി 26നോ അതിനു മുന്നോടിയായോ ഹാഷ്ടാഗുകളിലൂടെ 'ഡിജിറ്റൽ സ്‌ട്രൈക്ക്' നടത്തണമെന്ന് ടൂൾകിറ്റിലുണ്ടെന്നാണ് പൊലീസ് വാദം. ജനുവരി 23 മുതൽ കർഷക സമര വിഷയത്തിൽ തുടർ ട്വീറ്റുകൾ വേണം. ജനുവരി 26ന് ഡിജിറ്റലിൽനിന്നു മാറി നേരിട്ടുള്ള നീക്കം വേണം. കർഷക സമരം നിരീക്ഷിക്കാനോ അതിനോടൊപ്പം ചേരാനോ ഉള്ള ആഹ്വാനവും ടൂൾകിറ്റിലെ പ്രത്യേക സെക്ഷനിൽ ചേർത്തിട്ടുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഗൂഗിളിനോടും ചില സമൂഹമാധ്യമങ്ങളോടും ഇ-മെയിൽ വിലാസങ്ങൾ, യുആർഎല്ലുകൾ, ചില അക്കൗണ്ടുകൾ എന്നിവയെപ്പറ്റിയുള്ള വിവരം പൊലീസ് തേടിയിരുന്നു. ടൂൾകിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണെന്ന സംശയത്തിലാണ് ഇവരുടെ വിവരം തേടിയത്. കേന്ദ്രത്തിനെതിരെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി യുദ്ധത്തിനു പദ്ധതിയിട്ട ഖാലിസ്ഥാൻ അനുകൂലികളായ ടൂൾകിറ്റ് നിർമ്മാതാക്കൾക്കെതിരെയെന്ന പേരിലാണ് ഡൽഹി സൈബർ സെൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സാമൂഹികവും മതപരവും സാംസ്‌കാരികപരവുമായ സംഘർഷത്തിനിടയാക്കുന്ന നീക്കമാണ് ടൂൾകിറ്റ് ഉപയോഗിച്ച് പ്രതികൾ നടത്തിയെന്നും പൊലീസ് പറയുന്നു. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ളവ ചുമത്തി ഒട്ടേറെ പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണു വിവരം. ഇവരുടെ വിവരങ്ങളാണ് പൊലീസ് ഗൂഗിളിനോടും സമൂഹമാധ്യമ കമ്പനികളോടും തേടിയത്.
2018 ഓഗസ്റ്റിൽ തുടക്കം കുറിച്ച പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനായ ഫ്രൈഡേ ഫോർ ഫ്യൂച്ചറിന്റെ സഹസ്ഥാപകരിലൊരാളാണ് ദിഷ. ഗുഡ് മൈൽക് എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന ദിഷ ബംഗളൂരുവിലെ മൗണ്ട് കാർമൽ കോളേജിലെ ബിബിഎ വിദ്യാർത്ഥിനികൂടിയാണ്. ഇന്നലെ വൈകിട്ട് വീട്ടിൽ വച്ചാണ് 21കാരിയായ ദിഷയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ന്യൂസ് ഡെസ്ക്