കണ്ണൂർ: ദിയാ ഫാത്തിമയെ കണ്ടെത്താനാവുമോ? ഇരിട്ടിക്കടുത്ത കീഴ്പ്പള്ളി കുടിയേറ്റ ഗ്രാമത്തിലെ ദേശവാസികൾ ഒന്നടക്കം ആഗ്രഹിക്കുന്നു. ദിയ തിരിച്ച് വരുമെന്ന്. 2014 ഓഗസ്റ്റ് 1 ന് രാവിലെ വീട്ടുവാരന്തയിൽ പെരുന്നാൾ ദിനത്തിൽ പുതു വസ്ത്രമണിഞ്ഞ് കളിച്ചു കൊണ്ടിരിക്കുന്ന ദിയയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തോരാത്ത മഴയുള്ള അന്ന് ഒന്നര വയസ്സുകാരിയായ ദിയ 85 മീറ്റർ ദൂരമുള്ള കൈത്തോട് വരെ പോയി ഒഴികിപ്പോയെന്നാണ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചും പൊലീസും നിഗമനത്തിലെത്തിയത്.

കോഴിയോട് പാറക്കണ്ണി വീട്ടിൽ സുഹൈലിന്റേയും ഫാത്തിമത്ത് സുഹറയുടേയും മകളായിരുന്നു ദിയ ഫാത്തിമ. ദിയ എവിടേയോ കഴിയുന്നുവെന്ന് അവളുടെ അച്ഛൻ സുഹൈൽ വിശ്വസിക്കുന്നു. അതിനു കാരണവുമുണ്ട്. നാടോടികളും കമ്പിളി വസ്ത്ര വിൽപ്പനക്കാരും അന്ന് ആ നാട്ടിൽ കച്ചവടത്തിനായി എത്തിയിരുന്നു. അവർ കുട്ടിയെ കൊണ്ടു പോയെന്നും സംശയിക്കുന്നു.

അങ്കമാലി കെ.എസ്. ആർ.ടി.സി. ബസ്സ് സ്റ്റാൻഡിൽ ഒരു നാടോടി ദമ്പതികളും മൂന്ന് കുട്ടികളും നിൽക്കുന്ന ചിത്രം അവിടത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. അതിലൊന്ന് തന്റെ മകൾ ദിയയാണെന്ന് സുഹൈൽ ഉറപ്പിച്ചു പറയുന്നു. ഇക്കാര്യം അന്നു തന്നെ പൊലീസിൽ അറിയിച്ചെങ്കിലും അവർ അന്വേഷണം അവഗണിക്കുകയായിരുന്നു. അതിനാലാണ് കുട്ടിയെ കണ്ടെത്താൻ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയിയത്. സിബിഐ.യുടെ അഭിപ്രായം ആരാഞ്ഞപ്പോൾ ഈ കേസിൽ അവർക്ക് താതത്പര്യമില്ലെന്ന് ഹൈക്കോടതിയിൽ അറിയിയിക്കുകയായിരുന്നു. അതേ തുടർന്നാണ് ഉന്നത തല ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

ഐ.ജി. ദിനേശ് ചന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. അതു പ്രകാരം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആരംഭിച്ചു.െൈ ഹക്കോടതി ഇത്തരം തിരോധാനങ്ങൾ വളരെ ഗൗരവത്തോടെയാണ് നിരീക്ഷിച്ചത്. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള രാജ്യാന്തര മാഫിയാ സംഘങ്ങൾ ഇത്തരം സംഭവങ്ങൾക്ക് പിറകിലുണ്ടോ എന്ന സംശയവും കേസിന്റെ പരിഗണനാ വേളയിൽ കോടതി ആരാഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണ് പ്രാദേശിക ക്രൈം ബ്രാഞ്ചും പൊലീസും എത്തിയ നിഗമനങ്ങൾക്കപ്പുറം ഉന്നതതല ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

രണ്ടര പവനോളം വരുന്ന സ്വർണ്ണാഭരണം ധരിച്ചതും പുഴകൾ മുഴുവൻ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനാവാത്തതുമാണ് ദിയയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണെന്ന് സംശയിക്കുന്നത്. മാത്രമല്ല തോരാത്ത മഴയിൽ ഇത്രയും ദൂരം ചെളിയും കല്ലും നിറഞ്ഞ വഴിയിലൂടെ പിച്ച വച്ചു നടക്കുന്ന കുഞ്ഞിന് താണ്ടാൻ കഴിയുമോ എന്നതും സംശയങ്ങൾക്ക് ഇട നൽകുന്നു. ദിയയുടെ തിരോധാനം നടന്നത് ഒരു പെരുന്നാൾ ദിനത്തിലായിരുന്നു. തലേ ദിവസം തന്നെ അച്ഛനും അമ്മക്കും സഹോദരനുമൊപ്പം അമ്മവീട്ടിലെത്തിയതായിരുന്നു. പെരുന്നാൾ ദിനം രാവിലെ 9 മണിക്ക് അച്ഛൻ സുഹൈൽ മടിയിലിരുത്തി ദിയക്ക് ഭക്ഷണം നൽകി.

മഴ കനത്തതിനാൽ വീട്ടിലുള്ളവരെല്ലാം അകത്തു തന്നെ കഴിഞ്ഞു. സഹോദരൻ സിയാനൊപ്പം കോലായിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ദിയ. പിതാവ് സുഹൈൽ അതിനിടെ വീട്ടിനു പിറകിലെ കുളിമുറിയിൽ കുളിക്കാൻ പോയി. പത്ത് മിനുട്ടിനകം തിരിച്ചെത്തിയപ്പോൾ ദിയയെ കാണാനില്ലായിരുന്നു. ഉടൻ തന്നെ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ആഴ്ചകളോളം തെരച്ചിൽ നടത്തിയെങ്കിലും ദിയയെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. അതാണ് കുട്ടിയെ ഏതെങ്കിലും സംഘം കടത്തികൊണ്ടു പോയതെന്ന സംശയത്തിലേക്ക് എത്തിയത്.