- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വമ്പന്മാർക്ക് മുന്നിൽ നിയമത്തിന് പുല്ലുവില; ഡിഎൽഎഫിന്റെ കായൽ കയ്യേറ്റത്തിന് സംസ്ഥാന സർക്കാറിന്റെ ഒത്താശ; ചട്ടം മറികടന്ന് പരിസ്ഥിതി ആഘാത പഠന അഥോറിറ്റി അനുമതി നൽകി; രേഖകൾ മറുനാടൻ പുറത്ത് വിടുന്നു
കൊച്ചി: ചിലവന്നൂർ കായൽ പരിസരത്തെ വൻകിട ഭൂമാഫിയയുടെ പരിസ്ഥിതി നശീകരണത്തിന് സംസ്ഥാന സർക്കാരും കൂട്ടുനിന്നു. കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് നിക്ഷേപമുണ്ടെന്ന് ആക്ഷേപമുയർന്ന ഡി.എൽ.എഫിന്റെ ഫ്‌ളാറ്റ് നിർമ്മാണത്തിന് ചട്ടം മറികടന്നുകൊണ്ട് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റി അനുമതി നൽകി. ഇതിന്റെ രേഖകൾ മറുനാടൻ മലയാളിക
കൊച്ചി: ചിലവന്നൂർ കായൽ പരിസരത്തെ വൻകിട ഭൂമാഫിയയുടെ പരിസ്ഥിതി നശീകരണത്തിന് സംസ്ഥാന സർക്കാരും കൂട്ടുനിന്നു. കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് നിക്ഷേപമുണ്ടെന്ന് ആക്ഷേപമുയർന്ന ഡി.എൽ.എഫിന്റെ ഫ്‌ളാറ്റ് നിർമ്മാണത്തിന് ചട്ടം മറികടന്നുകൊണ്ട് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റി അനുമതി നൽകി. ഇതിന്റെ രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. സംസ്ഥാന പരിസ്ഥിതി ആഘാത അഥോറിറ്റി മെംബർ സെക്രട്ടറികൂടിയായ അഡീഷണൽ സെക്രട്ടറി പി.കെ മൊഹന്തി ഐ.എ.എസും, കേരളാ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റി ചെയർമാൻ വി.എൻ രാജശേഖരൻ പിള്ളയും നിയമങ്ങൾ കാറ്റിൽ പറത്തി ഡി.എൽ.എഫിന്റെ ബഹുനില ഫ്‌ലാറ്റിന് കളീൻ ചിറ്റ് നല്കിക്കൊണ്ട് കത്തയച്ചു.
28.04.2014ന് അഡീഷണൽ സെക്രട്ടറി പി.കെ മൊഹന്തി ഐ.എ.എസ് കേരളാ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റി ചെയർമാൻ വി.എൻ രാജശേഖരൻ പിള്ളയ്ക്ക് കത്തയച്ചതോടെയാണ് ചട്ടലംഘനം തുടങ്ങുന്നത്. ഏക്കർ കണക്കിന് കായൽ പുറമ്പോക്ക് കയ്യേറിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ കൊച്ചി കോർപ്പറേഷൻ നല്കിയ സ്റ്റോപ്പ് മെമ്മോ പിൻവലിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പിള്ളയ്ക്ക് മൊഹന്തി നൽകിയ നിർദ്ദേശം. തങ്ങൾ നേരത്തേ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയ സാഹചര്യത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ വിലക്കാൻ കേരളാ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിക്കോ കൊച്ചി കോർപ്പറേഷനോ അധികാരമില്ലെന്ന് കത്തിൽ പറയുന്നു.
മൊഹന്തിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾ മുൻപ് നൽകിയ റിപ്പോർട്ടിൽ പിഴവുണ്ടെന്നും സംസ്ഥാന പരിസ്ഥിതി ആഘാത അഥോറിറ്റിയുടേതാണ് ശരിയായ നിലപാടെന്നും കാണിച്ച് തൊട്ടടുത്ത ദിവസം തന്നെ രാജശേഖരൻ പിള്ള കൊച്ചി കോർപ്പറേഷനും കത്തയച്ചു. ഈ രണ്ട് കത്തിന്റെയും പിൻബലത്തിലാണ് തങ്ങൾക്ക് ക്ലിയറൻസ് ലഭിച്ചുവെന്ന് ഡി.എൽ.എഫ് പ്രചരിപ്പിക്കുന്നത്. കേരളാ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിയുടെ മുൻ പരിശോധനയിൽ മൂന്നിലധികം ഏക്കർ ഭൂമി കായൽ പുറമ്പോക്കാണെന്നും ഇത് ഉടൻ തന്നെ നിർമ്മാണപ്രവർത്തനം നിർത്തിവെക്കണമെന്നും എന്നുമുള്ള ഉത്തരവാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
ചിലവന്നൂർ കായൽ ചെളിയടിച്ചു നികത്തി ഇവിടെ ബഹുനില ഫ്‌ലാറ്റ് സമുച്ചയമാണ് ഡി.എൽ.എഫ് പടുത്തുയർത്തിയിരിക്കുന്നത്. സ്റ്റോപ്പ് മെമ്മോ കൊടുത്തതല്ലാതെ തുടർനടപടികൾ മനഃപൂർവ്വം വൈകിച്ച് കോർപ്പറേഷനും ഡി.എൽ.എഫിന് പിന്തുണ നല്കി. ചിലവന്നൂർ കായൽ പരിസരം പരിസ്ഥിതി ആഘാത പഠന അഥോറിറ്റിയുടെ മുൻ ഉത്തരവുപ്രകാരം അതീവ പരിസ്ഥിതിലോല പ്രദേശമായാണ് അടയാളപ്പെടുത്തുയിരുന്നത്. സാമൂഹ്യ പ്രവർത്തകനായ ചെഷയർ നല്കിയ പരാതിയോടെയാണ് ഡി.എൽ.എഫിന്റെ കൈയേറ്റം പുറംലോകമറിയുന്നത്.
തുടർന്നാണ് കേരളാ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിയുടെ നിർദ്ദേശപ്രകാരം കോർപ്പറേഷൻ ഡി.എൽ.എഫിന് സ്റ്റോപ്പ് മെമ്മോ കൊടുത്തത്. എന്നാൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഡി.എൽ.എഫ് സംസ്ഥാന സർക്കാരിനെ ഉപയോഗിച്ചാണ് ഇത് അട്ടിമറിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സർക്കാർ വൃത്തങ്ങൾ ഇതിന് മറുപടി പറയേണ്ടി വരും. സംസ്ഥാന സർക്കാർ അറിയാതെ അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായ പി.കെ മൊഹന്തി ഐ.എ.എസ് ഡി.എൽ.എഫിന് വേണ്ടി കത്തയച്ചതെന്ന് കരുതാനാവില്ല. നിലവിൽ തൽസ്ഥിതി തുടർന്നുകൊണ്ട് പ്രശ്‌നം പഠിക്കാൻ മൂന്നംഗ സമിതിയെ കേരളാ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റി നിയോഗിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടൽ എന്നതും ഗൗരവകരമാണ്.