ഭാര്യക്കൊപ്പം വിമാനയാത്ര ചെയ്യവെ, സഹയാത്രികയായ യുവതിയുടെ സ്തനത്തിൽ പിടിച്ചതിന് 70-കാരനായ ഇന്ത്യൻ ഡോക്ടർക്കെതിരെ ബ്രിട്ടനിൽ പരാതി. നോർത്ത് കരോലിനയിൽനിന്ന് ഗാറ്റ്‌വിക്കിലേക്ക് വരികയായിരുന്ന വിമാനതത്തിലാണ് സംഭവം. ബ്രിട്ടനിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ജിപി ഡോ. രാജ്കുമാർ മജൂംദാറിനെതിരെയാണ് യുവതി പരാതിപ്പെട്ടത്.

മുൻസീറ്റിലിരുന്ന യുവതിയുടെ മാറിടത്തിൽ രാജ്കുമാർ കടന്നുപിടിച്ചുവെന്നാണ് പരാതി. ഇയാൾ തന്റെ അരഭാഗം യുവതിയുടെ ദേഹത്ത് ഉരച്ചതായും പരാതിയുണ്ട്. രാജ്കുമാറിന്റെ ശല്യം സഹിക്കാതായതോടെ യുവതി വിമാനജീവനക്കാരോട് പരാതിപറയുകയും അവർ സീറ്റ് മാറ്റി നൽകുകയും ചെയ്തു. നാല് വർഷം മുമ്പാണ് സംഭവം നടന്നത്.

30-കാരിയായ യുവതിയാണ് പരാതിക്കാരി. യാത്രയ്ക്കിടെ വൈൻ കുടിച്ച ഡോക്ടർ കൈ മുന്നോട്ടിട്ട് യുവതിയുടെ മാറിടത്തിൽപിടിക്കുകയായിരുന്നു. താൻ ആകെപ്പാടെ അഴുക്കിൽപ്പെട്ട അനുഭവമായിരുന്നു അതെന്നാണ് യുവതി മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രൈബ്യണലിന് നൽകിയ പരാിയിൽ പറയുന്നു. കൈ തട്ടിമാറ്റിയെങ്കിലും ഡോക്ടറുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല.

പേടിച്ചുപോയ താൻ വിമാന ജീവനക്കാരിയോട് സംഭവം പറയുകയും അവർ തന്നെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. വിമാനം ഗാറ്റ്‌വിക്കിൽ ലാൻഡ് ചെയ്തശേഷം പൊലീസിനെ അറിയിച്ചെങ്കിലും ഡോക്ടർക്കെതിരെ കുറ്റമൊന്നും ചാർജ് ചെയ്തില്ലെന്നും യുവതി പറയുന്നു. 2012 സെപ്റ്റംബറിൽ നടന്ന സംഭവമാണ് ഇപ്പോൾ ട്രിബ്യൂണൽ പരിഗണിക്കുന്നത്.

രാജ്കുമാറും 51-കാരിയായ ഭാര്യയും അമേരിക്കയിലുള്ള ബന്ധുക്കളെ സന്ദർശിച്ചശേഷം തിരിച്ചുവരികയായിരുന്നു. വിമാനത്തിൽ കയറിയശേഷം ഡോക്ടർ തന്നോട് സംസാരിക്കാൻ തുടങ്ങിയതായി യുവതിയുടെ പരാതിയിലുണ്ട്. ഡോക്ടർ നന്നായി മദ്യപിച്ചിരുന്നതായും യുവതി പറയുന്നു. തുടക്കത്തിൽ എഴുന്നേറ്റുനിന്ന ഡോക്ടർ തന്റെ അരഭാഗം കൊണ്ട് ദേഹത്തുരസി. തന്റെ ഭാര്യയെക്കൊണ്ട് പ്രയോജനമില്ലെന്ന് ഡോക്ടർ പറഞ്ഞതായും യുവതിയുടെ പരാതിയിലുണ്ട്.

സിറോസിസ് രോഗിയായ തന്നോട് രോഗവിവരം ആരാഞ്ഞ് അടുത്തുകൂടിയ ഡോക്ടർ പതുക്കെ അപമര്യാദയായി പെരുമാറാൻ തുടങ്ങുകയായിരുന്നുവെന്നാണ് പരാതി. മൂന്നോ നാലോ തവണ വിമാനത്തിന്റെ മുൻഭാഗത്തേയ്ക്കുപോയ ഡോക്ടർ മദ്യവുമായി മടങ്ങിയെത്തി. തുടർന്നാണ് സീറ്റിലിരുന്ന് തന്റെ മാറിടത്തിൽപിടിച്ച് ഉപദ്രവിച്ചതെന്നും യുവതി പറയുന്നു.

വിമാനം ലാൻഡ് ചെയ്ത ശേഷം പൊലീസ് വന്നെങ്കിലും ഡോക്ടർക്കെതിരെ കേസ് ചാർജ് ചെയ്തിരുന്നില്ല. താൻ യുവതിക്ക് ചികിത്സാ സഹായം വാഗ്ദാനം ചെയ്യുക മാത്രമാണുണ്ടായതെന്ന് ഡോക്ടർ പൊലീസിനോട് പറഞ്ഞു. ജനറൽ മെഡിക്കൽ കൗൺസിലിന് ശുപാർശ ചെയ്യാതെ കേസ് ഉപേക്ഷിക്കകുയാണ് പൊലീസ് ചെയ്തത്. തുടർന്നാണ് യുവതി ട്രിബ്യൂണലിനെ സമീപിച്ചത്. ഡോക്ടർ ഇപ്പോൾ സ്‌പെയിനിലാണ് താമസിക്കുന്നത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഡോക്ടറുടെ വാദം.