കൊച്ചി: കൊച്ചിയിലെ ഹോട്ടൽ മുറിയിൽ യുവ വനിതാ ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതിൽ അസ്വഭാവികത ഇല്ലെന്ന് പൊലീസ്. യുവതിയുടെത് ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. യുവതി താമസിച്ച ഹോട്ടൽമുറിയിൽ എഴുതിവെച്ച ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. അച്ഛനോട് മാപ്പു ചോദിച്ചു കൊണ്ട് കത്തെഴുതി വെച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്.

കൊച്ചിയിൽ നടന്ന ചർമ്മ വിദഗ്ധന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ജാർഖണ്ഡ് ജംഷഡ്പൂർ സ്വദേശിനി മമ്താ റായ് (26) ആണ് കൊച്ചി കച്ചേരിപ്പടിയിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത്. ജനുവരി 17 മുതൽ 22 വരെയായിരുന്നു സമ്മേളനം. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ കുളിക്കാനായി പോയ സമയത്ത് മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.

'താൻ വിഷാദ രോഗത്തിന് ചികിത്സതേടുന്ന ആളാണ്. എല്ലാം ഉപേക്ഷിച്ച് പോകുന്നു.' എന്നിങ്ങനെ വിശദമാക്കുന്ന കത്ത് 'സോറി പപ്പാ' എന്ന് പറഞ്ഞകൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്. തന്നെ മരണത്തിന് മറ്റാരും ഉത്തരവാദികൾ അല്ലെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. സമ്മേളനത്തിൽ പങ്കെടുക്കുന്ന മറ്റൊരു വനിതാ ഡോക്ടർക്കൊപ്പം കച്ചേരിപ്പടി പ്രോവിഡൻസ് റോഡിലെ ഹോട്ടലിലാണു തങ്ങിയിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കു 12.30-ഓടെയാണു ജീവനൊടുക്കാൻ ശ്രമിച്ചനിലയിൽ കാണപ്പെട്ടത്.

അസ്വാഭാവികമരണത്തിന് സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്.ഐ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡൽഹി ഓൾ ഇന്ത്യാ മെഡിക്കൽ സയൻസിൽ നിന്നും എംബിബിഎസും എംഡിയും പൂർത്തിയാക്കി അവിടെ തന്നെ ഡോക്ടറായി സേവനം ചെയ്തു വരികയായിരുന്നു യുവതി.